ഭുവനേശ്വര്‍: ഒഡിഷയിൽ ചരക്കു തീവണ്ടിക്കടിയില്‍പ്പെട്ട് നാല് പേര്‍ക്ക് ദാരുണാന്ത്യം. ഒഡിഷയിലെ ജാജ്പുര്‍-കിയോഞ്ചര്‍ റോഡ് റെയില്‍വേ സ്‌റ്റേഷനിൽ ബുധനാഴ്ചയാണ് സംഭവം. മഴ നനയാതിരിക്കാൻ ട്രെയിനിനടിയിൽ അഭയം തേടിയവരാണ് മരിച്ച നാലു പേരും.
ഇവർ അടിയിലുണ്ടെന്നറിയാതെ ട്രെയിൻ പെട്ടെന്ന് മുന്നോട്ടെടുക്കുകയായിരുന്നു. തുടർന്ന് ഇവർ പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ നാല് പേര്‍ക്ക് ജീവൻ നഷ്ടമായതായും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ജാജ്പുര്‍ ജില്ലാ കളക്ടര്‍ സ്ഥിരീകരിച്ചു.
റെയില്‍വേ ട്രാക്കിൽ ജോലിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് മരിച്ച നാലുപേരും. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും കളക്ടർ വ്യക്തമാക്കി.
ദിവസങ്ങൾക്ക് മുമ്പ് ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ 275 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ആയിരത്തിലധികം പേര്‍ക്ക് പരിക്കുമുണ്ടായിരുന്നു.