ഗുവാഹത്തി: മണിപ്പുരില്‍ കലാപകാരികള്‍ ആംബുലന്‍സിന് തീയിട്ടു. അക്രമത്തിൽ ആംബുലന്‍സിലുണ്ടായിരുന്ന എട്ടു വയസ്സുകാരനും അമ്മയും ഉള്‍പ്പടെ മൂന്നു പേര്‍ വെന്തുമരിച്ചു. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് വെടിയേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിനിടെയായിരുന്നു അക്രമികൾ ആംബുലന്‍സിന് തീകൊളുത്തിയത്.
ഇംഫാലിന്റെ പടിഞ്ഞാറന്‍ മേഖലയായ ഇറോയ്‌സെംബയിലാണ് ദാരുണമായ സംഭവമുണ്ടായത്. എട്ടു വയസ്സുകാരനായ ടെണ്‍സിങ് ഹാങ്‌സിങ്, അമ്മ മീന ഹാങ്‌സിങ്, ഇവരുടെ ബന്ധുവായ ലിഡിയ ലൗരേംബാം എന്നിവരാണ് കൊല്ലപ്പെട്ടത്.
ടെണ്‍സിങിന്റെ അമ്മ മെയ്തി വിഭാഗക്കാരിയും അച്ഛന്‍ കുക്കി വിഭാഗത്തില്‍പ്പെട്ടയാളുമാണ്. കുടുംബം അസം റൈഫിള്‍സിന്റെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയായിരുന്നു. അവിടെ ഉണ്ടായ വെടിവെപ്പില്‍ ടെണ്‍സിങിന്റെ തലയ്ക്കു വെടിയേറ്റു. ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിനിടെയാണ് കലാപകാരികള്‍ ആംബുലന്‍സിന് തീയിട്ടത്.
ക്യാമ്പില്‍ നിന്ന് പരിക്കേറ്റ കുട്ടിയുമായി പോയ ആംബുലന്‍സിന് കുറച്ചു ദൂരം അസം റൈഫിള്‍സ് സുരക്ഷയൊരുക്കിയിരുന്നു. പിന്നീട് പോലീസ് സുരക്ഷയേറ്റെടുത്തു. എന്നാല്‍ സംഘടിച്ചെത്തിയ കലാപകാരികളെ നിയന്ത്രിക്കാന്‍ പോലീസിന് കഴിയാതെവരികയായിരുന്നു.
ഏറ്റുമുട്ടലുണ്ടായ ദുരിതാശ്വാസ ക്യാമ്പിലും പ്രദേശത്തും സുരക്ഷ ശക്തമാക്കിയതായി അസം റൈഫിള്‍സ് അറിയിച്ചു. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് റദ്ദാക്കിയത് അഞ്ചു ദിവസത്തേക്ക് കൂടി നീട്ടി.