ഓട്ടോ ചാർജായ 100 രൂപ കടം പറഞ്ഞു പോയ ആൾ 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിയെത്തി, നൂറിന് പകരം നൽകിയത് 10000 രൂപ. കോലഞ്ചേരി സ്വദേശിയായ ഓട്ടോഡ്രൈവർ വല്യത്തുട്ടേൽ ബാബുവിനാണ് അപ്രതീക്ഷിത സ്നേഹസമ്മാനം ലഭിച്ചത്.
കഴിഞ്ഞ ദിവസം ബാബുവിന്റെ വീട്ടിലെത്തിയ എസ്.ആർ. അജിത് എന്നയാൾ താൻ 1993ൽ മൂവാറ്റുപുഴ – പട്ടിമറ്റം പാതയിലെ മംഗലത്തുനടയിൽ നിന്ന് മൂവാറ്റുപുഴയിലേക്ക് ഓട്ടോ വിളിച്ചതും കയ്യിൽ പണമില്ലാത്തതിനാൽ കൂലി പിന്നെ തരാമെന്നും പറഞ്ഞതും ഓർമയുണ്ടോയെന്നും ചോദിച്ചപ്പോഴാണു സംഭവം ബാബു ഓർമയിൽ നിന്നു ചികഞ്ഞെടുത്തത്.
ചങ്ങനാശേരിയിലെ ബിഎഡ് പഠനകാലത്ത് മംഗലത്തുനടയിലുള്ള സഹപാഠിയുടെ വീട്ടിലെത്തിയതായിരുന്നു തിരുവനന്തപുരം സ്വദേശിയായ അജിത്. തിരികെ പോകാൻ മൂവാറ്റുപുഴയിലേക്കു ബസ് കിട്ടിയില്ല. കയ്യിലാണെങ്കിൽ ബസ് കൂലി മാത്രവും. അതിനാലാണ് ഓട്ടോക്കൂലി കടം പറഞ്ഞത്. ഏറെ നാളത്തെ അന്വേഷണങ്ങൾക്കു ശേഷമാണു ഡ്രൈവറെ കണ്ടെത്താൻ കഴിഞ്ഞതെന്നും അതിനാലാണ് പണം നൽകാൻ വൈകിയതെന്നും അജിത് അറിയിച്ചു.