തൃശൂർ: ചായക്കടയിൽ വയോധികന്റെ പോക്കറ്റിലിരുന്ന് പൊട്ടിത്തെറിച്ചത് ചൈനീസ് മൊബൈൽ കമ്പനിയായ ഐ ടെൽ കമ്പനിയുടെ ഫോൺ. മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ചായ കുടിക്കാനിരിക്കുന്നതിനിടെയാണ് ഫോൺ പൊട്ടിത്തെറിച്ച് വസ്ത്രത്തിൽ തീ ആളിപ്പടർന്നത്.
ഒരു വർഷം മുൻപ് വാങ്ങിയതാണ് മൊബൈൽ ഫോൺ. ആയിരം രൂപയ്ക്കാണ് ഫോൺ വാങ്ങിയത്. ഫോണിന് വാറന്റിയില്ലായിരുന്നുവെന്നാണ് വിവരം.
തൃശൂർ മരോട്ടിച്ചാലിൽ ഇന്നു രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ഹോട്ടലിൽ ചായ കുടിക്കാൻ ഇരിക്കെ ഷർട്ടിന്റെ പോക്കറ്റിലിരുന്ന ഫോൺ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. തീ ആളിപ്പടർന്നെങ്കിലും ഫോൺ പെട്ടെന്ന് പുറത്തെടുത്തു. വസ്ത്രത്തിലെ തീ പെട്ടെന്ന് അണയ്ക്കാനുമായതിനാൽ വലിയ പൊള്ളലേൽക്കാതെ ഏലിയാസ് രക്ഷപ്പെട്ടു. ഫോൺ പൂർണമായും കത്തിനശിച്ചിട്ടുണ്ട്.
മൂന്നാഴ്ചമുൻപ് തൃശൂർ പട്ടിപ്പറമ്പ് കുന്നത് വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു മരിച്ചിരുന്നു. ഇതിനു തൊട്ടുമുൻപ് കോഴിക്കോട്ട് റെയിൽവേ കരാർ ജീവനക്കാരനായ ഫാരിസ് റഹ്മാന്റെ പാന്റിന്റെ പോക്കറ്റിലിരുന്ന ഫോൺ പൊട്ടിത്തെറിച്ച് പൊള്ളലേറ്റിരുന്നു.