ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിനു ശേഷം ആദ്യമായാണ് പ്രതി സന്ദീപിനെ കൊട്ടാരക്കരയിലേക്ക് എത്തിച്ചത്
അതിനാൽ ശക്തമായ പൊലീസ് സന്നാഹം കൊട്ടാരക്കര മജിസ്ട്രേട്ട് കോടതിയിലും പരിസരത്തും രാവിലെ മുതൽതന്നെ നിലയുറപ്പിച്ചിരുന്നു. മാധ്യമപ്രവർത്തകരും കോടതിയിലെ അഭിഭാഷകരും വിവിധ കേസുകൾക്കെത്തിയവരും സന്ദീപിനെ കൊണ്ടുവരുന്നത് കാണാൻ കാത്തിരുന്നു. പകൽ 11 കഴിഞ്ഞതോടെയാണ് കനത്ത പൊലീസ് വലയത്തിൽ സന്ദീപിനെ എത്തിച്ചത്. അസ്വസ്ഥതകളൊന്നും കാട്ടാതെ ശാന്തനായിട്ടായിരുന്നു കോടതിയിൽ നിന്നത്.
ഒരുമണിക്കൂറോളം നീണ്ട കോടതി നടപടി പ്രത്യേകിച്ച് ഭാവവ്യത്യാസമില്ലാതെ നിശ്ശബ്ദം കണ്ടുനിന്നു. ഇതിനിടെ ആളുകൾ ഇടയ്ക്കിടെ തിങ്ങിനിറഞ്ഞ കോടതി മുറിക്കുള്ളിൽ ഇടിച്ചുകയറി.
*ആളൂർ അധികം ആളാകേണ്ട*
വിവാദ കേസുകളിലെല്ലാം പ്രതികൾക്കായി കയറിവന്ന് മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നുവെന്ന അമർഷം ആളൂരിനെതിരെ ചില അഭിഭാഷകർ പരസ്യമായി പ്രകടിപ്പിച്ചു. ആളൂർ അധികം ആളാകണ്ട എന്ന നിലയിലായിരുന്നു പ്രതികരണം. കൊട്ടാരക്കരയിൽ വേറെ വക്കീലന്മാർ ഇല്ലാത്തതുകൊണ്ടാണോ വന്നത് എന്ന നിലയിലൊക്കെയായി ചിലരുടെ ചോദ്യം. വനിതാ അഭിഭാഷകരും അമർഷം പ്രകടിപ്പിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ കോടതിക്കു പുറത്ത് ആളൂരിനെതിരെ പ്രതിഷേധിച്ചു.
പ്രതിയെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആളൂരിനുവേണ്ടി തിങ്കളാഴ്‌ച അപേക്ഷ സമർപ്പിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. ചൊവ്വാഴ്ച ഹാജരാക്കുമ്പോൾ കോടതിയിൽ കാണാമെന്ന് അറിയിക്കുകയായിരുന്നു. ഇതുപ്രകാരം കോടതി നടപടിയുടെ തുടക്കത്തിൽതന്നെ എത്തിയ ആളൂർ സന്ദീപിൽനിന്ന് വക്കാലത്ത് ഒപ്പിട്ട് വാങ്ങി. പിന്നീട് അഞ്ചു മിനിറ്റിലേറെ പ്രതിക്കൂട്ടിൽ സന്ദീപുമായി സംസാരിച്ചു.
‘ *പ്രതി കത്രിക എങ്ങനെ കൈക്കലാക്കി* '
ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ കസ്റ്റഡി അപേക്ഷയിൽ പ്രോസിക്യൂഷൻ മുന്നോട്ടുവച്ച ആവശ്യങ്ങളെല്ലാം കോടതി അംഗീകരിച്ചു. പ്രാഥമിക ഘട്ടത്തിലാണ് അന്വേഷണം. പ്രതിയെ കൂടുതൽ ചോദ്യംചെയ്യേണ്ടതുണ്ടെന്നും അഞ്ചുദിവസം കസ്റ്റഡി വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കൃത്യം ചെയ്യാന്‍ ഉപയോഗിച്ച കത്രിക സംഭവസ്ഥലത്തുനിന്നു തന്നെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, എവിടെനിന്ന് എങ്ങനെയാണ് കത്രിക കൈക്കലാക്കിയതെന്ന് പ്രതിയിൽനിന്നു തന്നെ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. കൂടാതെ പ്രതിയുടെ ദേഹത്തുള്ള മുറിവ് എങ്ങനെയുണ്ടായതാണെന്നും കണ്ടെത്തേണ്ടതുണ്ട്. പ്രതിയുടെ മാനസിക നിലയിൽ മെഡിക്കൽ ബോർഡിന്റെ പരിശോധനയും അനിവാര്യമാണ്.
സാക്ഷികളെ കാണിച്ച് പ്രതിയുടെ തിരിച്ചറിയൽ നടത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിടുന്നതിനെ സന്ദീപിന്റെ അഭിഭാഷകൻ ബി എ ആളൂർ ശക്തമായി എതിർത്തു. ഇതു തള്ളിയ കോടതി പ്രോസിക്യൂഷൻ വാദം അംഗീകരിച്ച് അഞ്ചു ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു.
സന്ദീപിന്റെ ആരോഗ്യസ്ഥിതി മോശമായതിനാൽ മെഡിക്കൽ സഹായം നൽകണമെന്നതായിരുന്നു ആളൂരിന്റെ പ്രധാനവാദം. ഡോക്ടറെ കുത്തിക്കൊന്നു എന്നതിനാൽ പ്രതിക്ക് ഒരു വൈദ്യസഹായവും ലഭിക്കുന്നില്ല. സന്ദീപിന്റെ ഇടതുകാലിന് പൊട്ടലുണ്ട്. ആദ്യം വൈദ്യസഹായമാണ് നൽകേണ്ടത്. മാനസികാവസ്ഥ പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിന് പ്രസക്തിയില്ല. പ്രതിയുടെ മാനസികാവസ്ഥയ്ക്ക് പ്രശ്നമില്ലെന്ന് എഡിജിപി തന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു വാദം.
*സന്ദീപിനും ആളൂരിനുമെതിരെ വനിതകളുടെ പ്രതിഷേധം*
യുവ വനിതാ ഡോക്ടറെ ക്രൂരമായി കുത്തിക്കൊന്ന സന്ദീപിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ വനിതകളുടെ പ്രതിഷേധം. സന്ദീപുമായി പൊലീസ് എത്തിയപ്പോൾ കൊട്ടാരക്കര മജിസ്ട്രേട്ട് കോടതിക്ക് മുന്നിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. കൊട്ടാരക്കര ഏരിയ പ്രസിഡന്റ് അനിതാ ഗോപകുമാർ, സെക്രട്ടറി ബിന്ദു പ്രകാശ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സുധാമണി, ബിജി ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വൈദ്യപരിശോധനയ്ക്കായി ഉമ്മന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോഴും മഹിളാ അസോസിയേഷൻ കൊട്ടാരക്കര ഏരിയ സെക്രട്ടറി ബിന്ദു പ്രകാശ് കരിങ്കൊടി വീശി പ്രതിഷേധിച്ചു. പ്രതിക്കായി ഹാജരായ അഭിഭാഷകൻ ബി എ ആളൂരിന് എതിരെയും മഹിളാ അസോസിയേഷൻ പ്രവർത്തകർ പ്രതിഷേധമുയർത്തി.