Type Here to Get Search Results !

മിൽമയ്‌ക്ക്‌ നേട്ടം ; രാജ്യത്ത്‌ നമ്പർ 1 മലബാറിലെ പാൽ



രാജ്യത്ത് ഏറ്റവും ഗുണനിലവാരമുള്ള പാൽ ഉൽപ്പാദിപ്പിക്കുന്നത് മലബാറിലെ ക്ഷീരകർഷകർ. ഏറ്റവും ശുദ്ധമായ പാൽ കറന്നെടുക്കുന്നത്‌ മലബാറിലാണെന്ന്‌ ദേശീയ മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകൾ പറയുന്നു. മലബാറിലെ ക്ഷീരകർഷകരിൽനിന്നും മിൽമ സംഭരിക്കുന്ന പാലിന്റെ ശരാശരി ഗുണനിലവാരം പരിശോധിച്ചാണ്‌ വിലയിരുത്തൽ.


കറന്നെടുത്ത പാൽ ശീതീകരിക്കാതെ വച്ചാൽ കേടാവാതെ നിൽക്കുന്ന സമയം കണക്കാക്കുന്ന മെത്തലൈൻ ബ്ലു റിഡക്‌ഷൻ ടൈം (അണുഗുണനിലവാരം) മലബാറിൽ 204 മിനിറ്റാണ്‌. ബാക്ടീരിയകളുടെ സാന്നിധ്യം കുറവുള്ളതിനാലാണ്‌ ഇത്രയും കൂടിയ സമയം പാൽ ചീത്തയാവാതെ നിൽക്കുന്നത്‌. തൊഴുത്തിന്റെ വൃത്തി, തീറ്റയുടെ ഗുണനിലവാരം, പശുപരിപാലന രീതി, കാലാവസ്ഥ തുടങ്ങിയവയിലെ നിലവാരമാണ്‌ ബാക്ടീരിയ സാന്നിധ്യം കുറയുന്നതിനും പാലിന്റെ ഗുണം മികച്ചതാകുന്നതിനുമുള്ള കാരണം. ഇതനുസരിച്ച്‌ രണ്ടാം സ്ഥാനത്തുള്ള കർണാടകത്തിൽ 190 മിനിറ്റും മൂന്നാം സ്ഥാനത്തുള്ള പഞ്ചാബിൽ 180 മിനിറ്റുമാണ്‌.  



അടുത്ത സാമ്പത്തിക വർഷം എംബിആർടി 236 മിനിറ്റായി ഉയർത്തുകയാണ്‌ ലക്ഷ്യമെന്ന്‌ മിൽമ ചെയർമാൻ കെ എസ് മണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാലിന്റെ ഗുണമേന്മ വർധിപ്പിക്കാൻ മിൽമ ബഹുമുഖ പ്രവർത്തനങ്ങളാണ്‌ നടത്തുന്നത്‌. കഴിഞ്ഞ സാമ്പത്തിക വർഷം 1041.47 കോടി രൂപയാണ് ക്ഷീരകർഷകർക്ക് പാൽ വിലയായി നൽകിയത്. മലബാർ മേഖലയിൽ 14 മൊബൈൽ ലബോറട്ടറികൾ പ്രവർത്തിക്കുന്നു. പാലിന്റെ അണുഗുണനിലവാരം, സൊമാറ്റിക്സ് സെൽ കണ്ടന്റ്, പൂപ്പൽ വിഷം, പാലിന്റെ ആന്റി ബയോട്ടിക് സാന്നിധ്യം, രാസവസ്‌തു സാന്നിധ്യം എന്നിങ്ങനെ നിരവധി പരിശോധന നടത്തിയാണ്‌ പാൽ സംഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാനേജിങ് ഡയറക്ടർ ഡോ. പി മുരളി, ജനറൽ മാനേജർ കെ സി ജയിംസ്, മാർക്കറ്റിങ് മാനേജർ എം സജീഷ് എന്നിവരും പങ്കെടുത്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad