ദില്ലി: പുതിയ പാര്‍ലമെന്‍റ് മന്ദിരം ഈ മാസം 28ന് രാജ്യത്തിന് സമര്‍പ്പിക്കുകയാണ്. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ലോക്സഭാ സ്പീക്കര്‍ ക്ഷണിച്ചു.
രണ്ടര വര്‍ഷം കൊണ്ടാണ് അതിവിശാലമായ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ പണി പൂര്‍ത്തിയാകുന്നത്. എന്തൊക്കെയാണ് അതിന്‍റെ പ്രത്യേകതകള്‍ എന്നറിയാം. ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റുകളായ എഡ്വിന്‍ ല്യുട്ടന്‍സും ഹെര്‍ബര്‍ട്ട് ബേക്കറും രൂപകല്‍പ്പന ചെയ്ത ഇന്ത്യയുടെ ഇപ്പോഴുളള പാര്‍ലമെന്‍റ് മന്ദിരം. 96 വര്‍ഷമായി ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ അടയാളമായ ഈ കെട്ടിടത്തില്‍ നിന്ന്, രാജ്യം പുതിയൊരു മന്ദിരത്തിലേക്ക് വാതില്‍ തുറക്കുകയാണ്.
സ്വന്തമായി,കൂടുതല്‍ വിശാലമായി പുത്തന്‍ പാര്‍ലമെന്‍റ് മന്ദിരം. 970 കോടി ചെലവില്‍ 64,500 ചതുരശ്ര മീറ്റര്‍ വിസ്ത്രിതിയില്‍ പുതിയ കെട്ടിടം. രാജ്യസഭയിലും ലോക്സഭയിലുമായി 1224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉള്‍ക്കൊളളാനാകും. ലോക്സഭാ ചേംബറില്‍ 888 ഇരിപ്പിടങ്ങള്‍. രാജ്യസഭാ ചേംബറില്‍ 384 ഇരിപ്പിടങ്ങള്‍. ത്രികോണാകൃതിയിലാണ് മന്ദിരം. മൂന്ന് കവാടങ്ങള്‍. ഗ്യാന്‍,ശക്തി,കര്‍മ എന്ന് കവാടങ്ങള്‍ക്ക് പേര്. എല്ലാ എംപിമാര്‍ക്കും പ്രത്യേക ഓഫീസുണ്ട് കെട്ടിടത്തില്‍.
ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദര്‍ശിപ്പിക്കുന്ന വിശാലമായ ഭരണഘടനാ ഹാള്‍,എംപിമാര്‍ക്കായി ലോഞ്ച്,ലൈബ്രറി,സമ്മേളനമുറികള്‍ എന്നിവയെല്ലാം പുതിയ മന്ദിരത്തിലുണ്ട്. കടലാസ് രഹിതമാക്കാന്‍ അത്യാധുനിക ഡിജിറ്റല്‍ ഇന്റര്‍ഫേസ് പ്രത്യേകതയാണ്. 2020 ഡിസംബറില്‍ പ്രധാനമന്ത്രിയാണ് തറക്കല്ലിട്ടത്. 2021 ജനുവരി 15ന് നിര്‍മാണം തുടങ്ങി. പുതിയ മന്ദിരം തുറക്കുന്നതോടെ , പഴയ കെട്ടിടം പുതുക്കി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും.