താനൂരിൽ അപകടത്തിൽപെട്ട അറ്റ്ലാന്റിക് ബോട്ട് ഉടമ പി നാസറിനു മേൽ കൊലക്കുറ്റം ചുമത്തി. പി നാസറിനെതിരെ ചുമത്താവുന്നതിൽ ശക്തമായ വകുപ്പ് തന്നെയാണ് പോലീസ് ചുമത്തുന്നത്. ഇക്കാര്യം മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് പി സുജിത്ത് ദാസ് എസ് വിശദീകരിച്ചു.
ഒരാളുടെ മരണത്തിന് കാരണമാകുന്ന തരത്തിൽ ഉള്ളതാണെങ്കിൽ, അത് മറ്റൊരാളുടെ മരണത്തിലേക്ക് നയിക്കുന്ന കാര്യമാണെങ്കിൽ അത് കുറ്റകരമായ നരഹത്യ ആയാണ് കണക്കാക്കുക. അതുകൊണ്ടാണ് ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തുന്നതെന്ന് എസ്പി വ്യക്തമാക്കി.
നാസറിനു പുറമെ ബോട്ട് ഡ്രൈവർ ദിനേശൻ, അയാളുടെ സഹായി എന്നിവരാണ് ഈ ഘട്ടത്തിൽ പ്രതിപട്ടികയിൽ ഉള്ളത്. കേസ് അന്വേഷണത്തിൽ കുസാറ്റിലെ സാങ്കേതിക വിദഗ്ദരുടെ സഹായം തേടും. ബോട്ടിന്റെ രൂപമാറ്റം മുതലായ കാര്യങ്ങളിൽ ഇവരുടെ കൂടി നിർദേശങ്ങൾ കണക്കിലെടുത്താകും അന്വേഷണമെന്നും എസ് പി അറിയിച്ചു. ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ താനൂർ ഡിവൈഎസ്പി വി വി ബെന്നിയാകും കേസ് അന്വേഷിക്കുന്നത്.
ഇന്നലെ കോഴിക്കോടു നിന്നാണ് നാസറിനെ മലപ്പുറം എസ് പിയുടെ പ്രത്യേക സംഘം പിടികൂടിയത്. അപകടം നടന്ന ഉടൻ നാസർ രാജ്യം വിടാൻ തയ്യാറെടുത്തതായി പോലീസ് പറഞ്ഞു. പക്ഷേ ഇത് മുൻകൂട്ടി കണ്ട് കോഴിക്കോട്, കൊച്ചി, കോയമ്പത്തൂർ വിമാനത്താവളങ്ങളിൽ പോലീസ് അറിയിപ്പ് നൽകിയിരുന്നു. തുടർന്ന് കൊച്ചിയിൽ വച്ച് അഭിഭാഷകനെ കണ്ട് മടങ്ങുകയായിരുന്ന ഇയാളുടെ സഹോദരനെ പിടികൂടിയതോടെ ഇയാളിലേക്ക് പോലീസിന് വേഗത്തിൽ എത്താൻ കഴിഞ്ഞു.