കൊല്‍ക്കത്ത | കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനം നിരോധിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാര്‍. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ചിത്രം നിരോധിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് ചിത്രം പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു. സംസ്ഥാനത്തെ ഒരു തീയേറ്ററിലും കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കുന്നില്ലെന്ന കാര്യം ഉറപ്പാക്കണമെന്നും മമത നിര്‍ദേശം നല്‍കി.
ബംഗാളില്‍ സമാധാനം നിലനിര്‍ത്താനും വിദ്വേഷ ആക്രമണങ്ങളും കുറ്റകൃത്യങ്ങളും തടയാനാണ് നിരോധനമെന്ന് മമത ബാനര്‍ജി അറിയിച്ചു. 'ഒരുവിഭാഗത്തെ അപമാനിക്കാനാണ് അവര്‍ കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം നിര്‍മിച്ചത്. അവരിപ്പോള്‍ കേരളത്തേയും അധിക്ഷേപിക്കുകയാണ്. വളച്ചൊടിക്കപ്പെട്ട കഥയാണ് കേരള സ്റ്റോറിയുടേതെന്നും മമത ആരോപിച്ചു.
അതേസമയം, നിരോധനത്തിനെതിരെ നിയമവഴി തേടുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് വിപുല്‍ ഷാ പറഞ്ഞു. നിയമപ്രകാരം സാധ്യമായതെല്ലാം ചെയ്യും. നിരോധനത്തിനെതിരെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തേ തമിഴ്‌നാട്ടിലും മള്‍ട്ടിപ്ലെക്‌സുകളടക്കം ചിത്രത്തിന്റെ പ്രദര്‍ശനം അവസാനിപ്പിച്ചിരുന്നു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനും പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ തിയേറ്ററില്‍ ആളുകുറയുന്നത് പരിഗണിച്ചുമായിരുന്നു് നടപടി. ആദ്യദിവസം നിറഞ്ഞ സദസ്സിലായിരുന്നു പ്രദര്‍ശനമെങ്കിലും രണ്ടാംദിവസത്തോടെ കാണികള്‍ കുറഞ്ഞു. സംഘര്‍ഷസാധ്യത കാരണം ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്ന മള്‍ട്ടിപ്ലക്‌സുകളില്‍ മറ്റുചിത്രങ്ങള്‍ക്കും ആളുകുറയാന്‍ തുടങ്ങി. ക്രമസമാധാനപ്രശ്‌നം പരിഗണിച്ച് പ്രദര്‍ശനം ഞായറാഴ്ചത്തോടെ അവസാനിപ്പിക്കുകയാണെന്ന് തമിഴ്നാട് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ അറിയിക്കുകയായിരുന്നു.