Type Here to Get Search Results !

സ്റ്റോപ്പില്ലെന്ന് പറഞ്ഞ് ബസിൽനിന്ന് ഇറക്കിവിട്ടു; യാത്രികന് 25,000 രൂപ



കണ്ണൂർ: സ്റ്റോപ്പില്ലെന്ന് പറഞ്ഞ് യാത്രികനെ പാതിവഴിയിൽ ഇറക്കിവിട്ടതിന് ബസ് കണ്ടക്ടറും ഉടമയും 25,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ഒരുമാസത്തിനകം നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ തുകയുടെ ഒമ്പത് ശതമാനം പലിശസഹിതം നൽകാനും ജില്ല ഉപഭോക്തൃ തർക്ക പരിഹാര ഫോറം നിർദേശിച്ചു. യാത്രക്കാരനായ ആർട്ടിസ്റ്റ് ശശികലയുടെ പരാതിയിലാണ് വിധി.


2018 ആഗസ്റ്റ് 15നാണ് പരാതിക്കിടയാക്കിയ സംഭവം. പയ്യന്നൂർ മാധവി മോട്ടോർസിന്റെ ശ്രീ മൂകാംബിക ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ കണ്ണൂരിൽ നിന്ന് കയറിയതായിരുന്നു പരാതിക്കാരൻ, കല്യാശ്ശേരിയിൽ ഇറങ്ങണമെന്ന് പറഞ്ഞ് ടിക്കറ്റ് തുക നൽകിയപ്പോൾ അവിടെ സ്റ്റോപ്പില്ലെന്ന് പറഞ്ഞ്, ബസിൽനിന്ന് ഇറങ്ങാൻ നിർദേശിക്കുകയായിരുന്നു. സ്റ്റോപ്പ് ഉണ്ടെന്ന് പറഞ്ഞിട്ടും യാത്രക്കാരനെ കണ്ടക്ടറും ക്ലീനറും ചേർന്ന് നിർബന്ധിച്ച് പുതിയതെരു സ്റ്റോപ്പിൽ ഇറക്കിവിട്ടെന്നാണ് പരാതി.


ആർ.ടി.എ അംഗീകരിച്ച സ്റ്റോപ്പാണ് കല്യാശ്ശേരിയെന്ന് ചൂണ്ടിക്കാട്ടി യാത്രക്കാരൻ കണ്ണൂർ ട്രാഫിക് പൊലീസ്, കണ്ണൂർ ആർ.ടി.ഒ എന്നിവർക്ക് ആദ്യം പരാതി നൽകി. തുടർന്ന് ട്രാഫിക് എസ്.ഐ ബസുടമയിൽനിന്ന് 500 രൂപ പിഴ ഈടാക്കി. എന്നാൽ, നടപടി ദുർബലമെന്ന് ചൂണ്ടിക്കാട്ടിയാണ് ബസ് കണ്ടക്ടർ എൻ. രാജേഷ്, ഉടമ എൻ. ശിവൻ, കണ്ണൂർ ട്രാഫിക് എസ്.ഐ, ആർ.ടി.ഒ എന്നിവരെ ഒന്നു മുതൽ നാല് വരെ പ്രതികളാക്കി കണ്ണൂർ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ പരാതി നൽകിയത്.


ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ പ്രസിഡന്റ് രവി സുഷ, അംഗങ്ങളായ മോളിക്കുട്ടി മാത്യു, കെ.പി. സജീഷ് എന്നിവരടങ്ങുന്ന സമിതിയാണ് നഷ്ടപരിഹാരം വിധിച്ചത്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad