കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സൂപ്പര്‍ കപ്പില്‍ അവരുടെ ആദ്യ മത്സരത്തിന് ഇറങ്ങും. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ റൗണ്ട് ഗ്ലാസ് പഞ്ചാബ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍.
ഐ എസ് എല്‍ പ്ലേ ഓഫിലെ വിവാദ രാത്രിക്കു ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്ന ആദ്യ മത്സരമാണിത്. ഇന്ന് രാത്രി 8.30നാണ് മത്സരം. കളി തത്സമയം സോണി സ്പോര്‍ട്സിലും ഫാന്‍കോഡ് ആപ്പിലും കാണാം.
ഐ ലീഗ് കിരീടം നേടിയ റൗണ്ട് ഗ്ലാസ് പഞ്ചാബ് കേരള ബ്ലാസ്റ്റേഴ്സിന് വലിയ വെല്ലുവിളി തന്നെ ഉയര്‍ത്തിയേക്കും. കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഇന്ന് പരിശീലകം ഇവാന്‍ വുകമാനോവിച് ഉണ്ടാകില്ല. ഇവാന്‍ സസ്പെന്‍ഷന്‍ നേരിടുകയാണ്. അഡ്രിയാന്‍ ലൂണ, ജെസ്സല്‍, ഖാബ്ര എന്നിവരും ബ്ലാസ്റ്റേഴ്സിന് ഒപ്പം ഇല്ല. ഇവരില്ല എങ്കിലും ശക്തമായ ടീമിനെ തന്നെ അണിരത്താന്‍ ബ്ലാസ്റ്റേഴ്സിനാകും.
ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ ബെംഗളൂരു എഫ് സി ശ്രീനിധി ഡെക്കാനും ഏറ്റുമുട്ടും.