Type Here to Get Search Results !

രാഹുൽ ഗാന്ധിക്ക് തിരിച്ചടി; അപകീർത്തി കേസില്‍ ശിക്ഷാ വിധി സ്റ്റേ ചെയ്യാതെ അപേക്ഷ തള്ളി



മോദി’ പരാമർശത്തിലെ അപകീർത്തിക്കേസിൽ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപേക്ഷ സൂറത്ത് സെഷൻസ് കോടതി തള്ളി. ഇതോടെ രാഹുലിന്റെ അയോഗ്യത തുടരും.


അപകീര്‍ത്തിക്കേസില്‍ മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് വിധിച്ചത് സ്റ്റേ ചെയ്യണമെന്നായിരുന്നു സൂറത്ത് സെഷന്‍സ് കോടതിയില്‍ രാഹുല്‍ അപേക്ഷ നല്‍കിയിരുന്നത്. ഇനി ഹൈക്കോടതിയെ സമീപിക്കുകയാണ് രാഹുലിന് മുന്നിലുള്ള വഴി. സെഷന്‍സ് കോടതി ഉത്തരവോടെ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയും വീണ്ടും ഉയര്‍ന്നിട്ടുണ്ട്‌.


കേസിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. ശിക്ഷാ വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ രാഹുലിന്റെ എംപി സ്ഥാനത്തിനുള്ള അയോഗ്യത തുടരും. ശിക്ഷാ വിധിക്കെതിരെ രാഹുൽ നൽകിയ അപ്പീലിൽ സൂറത്ത് സെഷൻസ് കോടതി നേരത്തേ ജാമ്യകാലാവധി നീട്ടി നൽകിയിരുന്നു.


മാർച്ച് 23നായിരുന്നു മോദി പരാമർശത്തിലെ അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയെ സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതി രണ്ടുവർഷത്തെ തടവിനു ശിക്ഷിച്ചത്. 24ന് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കി. 27ന് എംപിയെന്ന നിലയിൽ അനുവദിച്ച ഔദ്യോഗിക വസതി ഏപ്രിൽ 22നകം ഒഴിയാൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. ഏപ്രിൽ 3നാണ് രാഹുൽ ഗാന്ധി സൂറത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയത്.


2019ൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ പൊതുറാലിയെ അഭിസംബോധന ചെയ്യവേ, ‘എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്’ രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് കേസിനാധാരം. തുടർന്ന് ഗുജറാത്തിലെ ബിജെപി നേതാവ് പൂർണേഷ് മോദി നൽകിയ പരാതിയിലാണ് രാഹുൽ ഗാന്ധിയെ കോടതി ശിക്ഷിച്ചത്.


രാഹുലിന്റെ പരാമർശം മോദി എന്നു പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണെന്നും തനിക്കും വ്യക്തിപരമായി മാനഹാനി ഉണ്ടാക്കുന്നതാണ് പ്രസ്താവനയെന്നും പൂർണേഷ് മോദി അവകാശപ്പെട്ടിരുന്നു. തന്റെ ഭാഗത്ത് തെറ്റില്ലെന്ന് പറഞ്ഞ് പ്രസംഗത്തെ ന്യായീകരിച്ച രാഹുല്‍, സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും പൂര്‍ണേഷ് മോദിയെ ലക്ഷ്യവച്ചല്ല പ്രസംഗിച്ചതെന്നും പ്രധാനമന്ത്രിയെ ഉദ്ദേശിച്ചായിരുന്നു പരാമര്‍ശമെന്നും വാദിച്ചെങ്കിലും കോടതിയിൽ വിലപ്പോയില്ല.കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് രാഹുലിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ കേസിന്റെ വിചാരണ നടപടികൾ ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സ്റ്റേ നീക്കിയതിനെ തുടർന്ന് 2023 ഫെബ്രുവരിയിലാണ് വിചാരണ പുനഃരാരംഭിച്ചത്. അന്തിമ വാദത്തിനു ശേഷം ഐപിസി സെക്‌ഷൻ 504 പ്രകാരം രാഹുൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തുടർന്ന് സൂറത്ത് ചീഫ് മജിസ്ട്രേറ്റ് എച്ച്.എച്ച്.വർമ രണ്ടുവർഷം തടവുശിക്ഷ വിധിച്ചു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad