Type Here to Get Search Results !

നിരത്തിലെ നിയമലംഘകരെ കണ്ടെത്താന്‍ എ.ഐ. ക്യാമറകള്‍ മിഴിതുറന്നു; ലൈസന്‍സും ഇന്നുമുതല്‍ സ്മാര്‍ട്ട്



ഗതാഗതനിയമങ്ങള്‍ കാറ്റില്‍പ്പറത്തി റോഡില്‍ ചീറിപ്പായുന്നവര്‍ക്ക് ഇന്നുമുതല്‍ പണി വീട്ടിലെത്തി തുടങ്ങും. ഗതാഗത കുറ്റകൃത്യങ്ങള്‍ സ്വയംകണ്ടെത്തി പിഴയീടാക്കാന്‍ കഴിയുന്ന 726 അത്യാധുനിക നിരീക്ഷണക്യാമറകളുടെ പ്രവര്‍ത്തനം മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് മണിക്ക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ക്യാമറകള്‍ ഇതിനോടകം പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ട്. ഏപ്രില്‍ ഒന്നുമുതലുള്ള ദൃശ്യങ്ങള്‍ ഇതിനോടകം കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചിട്ടുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുള്ളത്. ഏപ്രില്‍ ഒന്ന് മുതലുള്ള നിയമലംഘനങ്ങള്‍ക്കാണോ അതോ ഇന്നുമുതലുള്ള നിയമലംഘനങ്ങള്‍ക്കാണോ പിഴ ഈടാക്കുന്നുതെന്നതില്‍ വ്യക്തയില്ല.


സംസ്ഥാനത്തുടനീളം 726 അത്യാധുനിക നിരീക്ഷണക്യാമറകളാണ് പ്രവര്‍ത്തിക്കുന്നത്. രാത്രിയിലുള്‍പ്പെടെ നടക്കുന്ന നിയമലംഘനങ്ങള്‍ വ്യക്തതയോടെ തിരിച്ചറിയാന്‍ സാധിക്കുമെന്നതാണ് എ.ഐ. ക്യാമറകളുടെ സവിശേഷത. സാധാരണ സി.സി.ടി.വി. ക്യാമറകളെക്കാള്‍ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങളാണ് ലഭിക്കുക. വാഹനത്തിനകത്ത് ഇരിക്കുന്നവരുടേതടക്കം വ്യക്തമായ ചിത്രം ലഭിക്കും. കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും ഇത്തരം ക്യാമറകള്‍ സഹായമാകും. ചിത്രങ്ങള്‍ അഞ്ചുവര്‍ഷത്തേക്ക് സൂക്ഷിക്കാനുള്ള ശേഷി ക്യാമറകള്‍ക്കുണ്ടെങ്കിലും ഒരു വര്‍ഷം സൂക്ഷിക്കാനാണ് നിലവില്‍ തീരുമാനം.


നിയമലംഘനം കണ്ടെത്തുന്ന ക്യാമറയില്‍നിന്നുള്ള ദൃശ്യം തിരുവനന്തപുരത്തുള്ള സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമിലാണ് ആദ്യം എത്തുന്നത്. അവിടെനിന്ന് ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് വിവരങ്ങള്‍ കൈമാറും. തുടര്‍ന്ന് ഉടമകളുടെ മേല്‍വിലാസത്തിലേക്ക് നോട്ടീസ് എത്തും. വാഹനം രജിസ്റ്റര്‍ ചെയ്തപ്പോള്‍ നല്‍കിയ ഫോണ്‍ നമ്പറിലേക്ക് പിഴ സംബന്ധിച്ച വിവരം സന്ദേശമായും ലഭിക്കും. നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനകം പിഴയടച്ചില്ലെങ്കില്‍ ഇരട്ടിത്തുക കോടതിയില്‍ അടയ്‌ക്കേണ്ടിവരും. അക്ഷയകേന്ദ്രങ്ങള്‍ വഴി പിഴ അടയ്ക്കാനുള്ള സംവിധാനമുണ്ട്.

കുട്ടികള്‍ ഉള്‍പ്പടെ കുടുംബത്തിലെ മൂന്ന് പേര്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചാലും എഐ ക്യമാറയില്‍ പതിഞ്ഞാല്‍ പിഴയുണ്ടാകും. കാറില്‍ കൈക്കുഞ്ഞുങ്ങളെ പിന്‍സീറ്റില്‍ മുതിര്‍ന്നവര്‍ക്കൊപ്പമോ ബേബി സീറ്റിലോ ഇരുത്തണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്.


പിഴ


ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക, നോ പാര്‍ക്കിങ്ങില്‍ വാഹനം നിര്‍ത്തുക, റിയര്‍വ്യൂ മിറര്‍ ഇളക്കിമാറ്റുക- 250

തുടര്‍ച്ചയായ വെള്ളവര മുറിച്ചുകടന്നാല്‍- 250

സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് ഉപയോഗിക്കാതിരുന്നാല്‍- 500

അതിവേഗം (കാര്‍)- 1500

ഇരുചക്ര വാഹനങ്ങളില്‍ രണ്ടില്‍ക്കൂടുതല്‍ പേര്‍ യാത്രചെയ്യുക- 2000


ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍

ആദ്യപിഴ- 2000

തുടര്‍ന്ന്- 4000


അപകടകരമായ ഓവര്‍ ടേക്കിങ്ങ്

ആദ്യപിഴ- 2000

ആവര്‍ത്തിച്ചാല്‍ കോടതിയിലേക്ക്


ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം- 2000

മൂന്ന് വര്‍ഷത്തിനുള്ളില്‍ ആവര്‍ത്തിച്ചാല്‍- 5000 (ബ്ലുടൂത്ത് ഹെഡ്സെറ്റ്, ഇയര്‍പോഡ് നിയമവിരുദ്ധം)


മഞ്ഞവര മുറിച്ചുകടന്നാല്‍ (അപകടകരമായ ഡ്രൈവിങ്ങ്), ലെയ്ന്‍ ട്രാഫിക് ലംഘനം, നിയമം ലംഘിച്ച് മറികടക്കല്‍- 2000


ഡ്രൈവിങ് ലൈസന്‍സും സ്മാര്‍ട്ട്



ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ആധുനിക സംവിധാനങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിനൊപ്പം സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സും ഇന്നുമുതല്‍ സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറും. ഏഴിലധികം സുരക്ഷാ സംവിധാനങ്ങളൊരുക്കിയ പി വി സി പെറ്റ് ജി കാര്‍ഡിലുള്ള ലൈസന്‍സുകളാണ് നിലവില്‍ വരുന്നത്. 

കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം രൂപകല്‍പ്പന ചെയ്ത ലൈസന്‍സ് കാര്‍ഡുകള്‍ നിരവധി തടസ്സങ്ങള്‍ അതിജീവിച്ചാണ് യാഥാര്‍ത്ഥ്യമാകുന്നത്.


സീരിയല്‍ നമ്പര്‍, യു.വി. എംബ്ലം, ഗില്ലോച്ചെ പാറ്റേണ്‍, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യൂ.ആര്‍. കോഡ് എന്നിങ്ങനെയുള്ള ഏഴ് സുരക്ഷ ഫീച്ചറുകളാണ് കേരളം നല്‍കുന്ന പുതിയ പുതിയ ലൈസന്‍സ് കാര്‍ഡില്‍ നല്‍കുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad