തിരുവനന്തപുരം: വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വൈകുന്നേരം 6നും രാത്രി 11നും ഇടയില്‍ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കണമെന്ന് കെഎസ്‌ഇബി.
അന്തരീക്ഷതാപനില ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍, വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടിയാണ് കെഎസ്‌ഇബി നിര്‍ദേശം. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രില്‍ 18ന് സര്‍വ്വകാല റെക്കോര്‍ഡായ 102.95 ദശലക്ഷം യൂണിറ്റിലേക്ക് എത്തി. കഴിഞ്ഞ വര്‍ഷം ഇതേസമയം 89.62 ദശലക്ഷം യൂണിറ്റ് മാത്രമായിരുന്നു പീക്ക് സമയ ഉപയോഗം. പ്രതീക്ഷകള്‍ക്കെല്ലാം അപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഉള്ളത്.
പുറത്തു നിന്ന് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി എത്തിച്ച് ഇടതടവില്ലാതെ ലഭ്യമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് കെഎസ്‌ഇബി. വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയര്‍ന്നതോടെ പ്രസരണ വിതരണ ശൃംഖലയും വലിയ സമ്മര്‍ദ്ദത്തിലാണ്. ഇക്കാരണത്താല്‍ ചിലയിടങ്ങളിലെങ്കിലും വോള്‍ട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. അത്തരം ഇടങ്ങളില്‍ ശൃംഖലാ പുനക്രമീകരണത്തിലൂടെയും മറ്റും ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കഴിയുന്നിടത്തോളം പരിഹരിക്കാനാണ് കെഎസ്‌ഇബി ശ്രമിക്കുന്നത്.
മാന്യ ഉപഭോക്താക്കളുടെ സഹകരണമുണ്ടെങ്കില്‍ ഈ താത്കാലിക പ്രതിസന്ധി തരണം ചെയ്യാന്‍ നമുക്ക് കഴിയും. വൈകുന്നേരം 6നും 11നുമിടയില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാം. പമ്ബ് സെറ്റ്, ഇന്‍ഡക്ഷന്‍ സ്റ്റൗ, വാട്ടര്‍ ഹീറ്റര്‍, ഇസ്തിരിപ്പെട്ടി തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരമാവധി മറ്റു സമയങ്ങളില്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്യാം. എസിയുടെ താപനില 25 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിക്കുന്നതും വൈദ്യുതി ലാഭിക്കാന്‍ സഹായകമാണ്.- കെഎസ്‌ഇബി ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.