കൊച്ചി: കേരള സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ ചാവേർ ആക്രമണം നടത്തുമെന്ന ഭീഷണിക്കത്ത് അയച്ചത് കൊച്ചി കലൂർ സ്വദേശിയുടെ പേരിൽ. ജോസഫ് ജോൺ എന്നയാളുടെ പേരിൽ ഫോൺ നമ്പർ കൂടി ഉൾപ്പെടുത്തിയാണ് കത്ത് അയച്ചിട്ടുള്ളത്. പൊലീസും ഇന്റലിജൻസ് ഉദ്യോഗസ്ഥരും ജോസഫിന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു.
താൻ കത്ത് അയച്ചിട്ടില്ലെന്നും തനിക്ക് ഇതുമായി ബന്ധമില്ലെന്നുമാണ് ജോസഫ് അധികൃതരെ അറിയിച്ചത്. തന്നെ കുടുക്കാൻ ബോധപൂർവം ചെയ്തതാണ് ഇതെന്നാണ് ജോസഫ് പറയുന്നത്. ചെയ്ത ആളെ അറിയാമെന്നും ജോസഫ് പറഞ്ഞു. വിവരങ്ങൾ ജോസഫ് പൊലീസിനും മറ്റ് അധികൃതർക്കും കൈമാറിയിട്ടുണ്ടെന്നാണ് സൂചന. വ്യക്തിവിരോധമുള്ള ആളാണെന്ന് ജോസഫിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു. സംശയമുള്ള ആളുടെ കൈയക്ഷരവും കത്തിലെ കൈയക്ഷരവും തമ്മിൽ സാമ്യമുണ്ടെന്നും അവർ പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ഒരാഴ്ച മുൻപ് കത്ത് ലഭിച്ചത്. ഇതു പൊലീസിനു കൈമാറുകയായിരുന്നു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. കേന്ദ്ര ഇന്റലിജൻസ് വകുപ്പും അന്വേഷിക്കുന്നുണ്ട്.
നാളെ വൈകുന്നേരമാണ് രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി കൊച്ചിയിൽ എത്തുന്നത്. ഏപ്രിൽ 25ന് തിരുവനന്തപുരത്ത് വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് അടക്കമുള്ള പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും.