തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി വരുന്ന ദിവസങ്ങളിലും ചൂട് ഉയരുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് ഏഴ് ജില്ലകളില്‍ ഉയര്‍ന്ന താപനിലയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലാണ് ഉയര്‍ന്ന താപനില മുന്നറിയിപ്പ്.
പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി വരെയും കോട്ടയം, ആലപ്പുഴ, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ 37 ഡിഗ്രിവരെയും താപനില ഉയരാനാണ് സാധ്യത. ഇതോടൊപ്പം സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. മഴയോടൊപ്പം 30 മുതല്‍ 40 കി.മീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യതയുള്ളത്. നാളെയും ഏഴ് ജില്ലകളില്‍ നേരിയ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.
കേരള തീരത്ത് 17-04-2023 രാത്രി 12.00 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.