കണ്ണൂര്‍ : വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ പരീക്ഷണ ഓട്ടം പൂര്‍ത്തിയായി. പുലര്‍ച്ചെ 5.10 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിന്‍ ഉച്ചയ്ക്ക് 12. 19ന് കണ്ണൂരില്‍ എത്തി.
ഏഴ് മണിക്കൂര്‍ ഒമ്ബത് മിനുട്ട് പിന്നിട്ടാണ് ട്രെയിന്‍ കണ്ണൂരിലെത്തിയത്. ട്രെയിന്‍ എത്തിയതോടെ സ്വീകരിക്കാന്‍ ബിജെപി പ്രവര്‍ത്തകരും വിവിധ സംഘടനകളും സ്റ്റേഷനുകളില്‍ എത്തിയിരുന്നു. വന്ദേഭാരത് കണ്ണൂരിലെത്തിയതോടെ ലോക്കോ പൈലറ്റുമാരെ ബിജെപിയും മറ്റ് സങ്കടനകളും ചേര്‍ന്ന് സ്വീകരിച്ചു.
കേരളത്തില്‍ തിരുവനന്തപുരം - കണ്ണൂര്‍ റൂട്ടിലോടുന്ന മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് വന്ദേഭാരത് വേഗതയില്‍ ഒന്നാമതാണ്. നിലവില്‍ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്തിച്ചേരുന്ന ഏറ്റവും വേഗത കൂടിയ ട്രെയിന്‍ രാജധാനി എക്സ്പ്രസാണ്. 7.15 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന രാജധാനി എക്സ്പ്രസ് പുലര്‍ച്ചെ 3.12ന് കണ്ണൂരിലെത്തും. എട്ട് മണിക്കൂറോളം സമയമെടുത്താണ് ട്രെയിന്‍ കണ്ണൂരിലെത്തുന്നത്. എന്നാല്‍ രാജധാനിയേക്കാള്‍ ഒരു മണിക്കൂര്‍ നേരത്തെ വന്ദേഭാരത് പരിക്ഷണയോട്ടത്തില്‍ കണ്ണൂരിലെത്തി.
തിരുവനന്തപുരം - കണ്ണൂര്‍ റൂട്ടില്‍ പ്രധാനപ്പെട്ട മറ്റ് രണ്ട് ട്രെയിനുകള്‍ ജനശതാബ്ദി എക്സ്പ്രസും മാവേലി എക്സ്പ്രസുമാണ്. പുലര്‍ച്ചെ 4.50 ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ജനശതാബ്ദി എക്സ്പ്രസ് 9 മണിക്കൂര്‍ 20 മിനുട്ട് സമയമെടുത്ത് ഉച്ചയക്ക് 2.10 ന് തിരുവനന്തപുരത്തെത്തും. വന്ദേഭാരതിന്റെ സമയവുമായി താരതമ്യം ചെയ്യുമ്ബോള്‍ ജനശതാബ്ദിക്ക് രണ്ട് മണിക്കൂര്‍ വേഗത കുറവാണ്. മാവേലി എക്സ്പ്രസിനാകട്ടെ വന്ദേഭാരതിനേക്കാള്‍ മൂന്ന് മണിക്കൂര്‍ വേഗത കുറവാണ്. വൈകീട്ട് 7.25 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന മാവേലി എക്സ്പ്രസ് ആലപ്പുഴ വഴി കണ്ണൂരിലെത്തുന്നത് 10 മണിക്കൂറോളം സമയമെടുത്ത് പുലര്‍ച്ചെ 5.20 നാണ്.