തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാം പരിക്ഷണ ഓട്ടത്തിന് ഇന്ന് തമ്ബാനൂരില്‍ നിന്ന് തുടക്കം. തമ്ബാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ 5.20ന് ട്രെയിന്‍ പുറപ്പെട്ടു.
ട്രെയിന്‍ സര്‍വ്വീസ് കാസര്‍കോട് വരെ നീട്ടിയ പശ്ചാതലത്തില്‍ കാസര്‍കോട് വരെ പരീക്ഷണ ഓട്ടം നടത്താനാണ് സാധ്യത. കണ്ണൂര്‍ വരെ ഏഴുമണിക്കൂറിനുള്ളില്‍ ട്രെയിന്‍ എത്തിക്കാനാണ് ശ്രമം. തിരിച്ച് തിരുവനന്തപുരത്തേക്കും പരീക്ഷണ ഓട്ടം നടത്തും. ട്രെയിനിന്‍റെ വേഗതയും സുരക്ഷയും കൂടുതല്‍ ഉറപ്പാക്കാനാണ് വീണ്ടും പരീക്ഷണ ഓട്ടം നടത്തുന്നത്.
അതേസമയം, വന്ദേഭാരത് എക്സ്പ്രസിന്‍റെ യാത്ര തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയാക്കി. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് കാസര്‍കോട് വരെ നീട്ടിയെന്ന കാര്യം പ്രഖ്യാപിച്ചത്. വന്ദേഭാരതിന്‍റെ കേരളത്തിലെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി തന്നെ നിര്‍വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 25ാം തിയതിയാകും വന്ദേ ഭാരത് മോദി കേരളത്തിന് സമര്‍പ്പിക്കുകെയന്നും കേന്ദ്ര റെയില്‍വേ മന്ത്രി അറിയിച്ചു.
നിരവധി പേരുടെ ആവശ്യപ്രകാരമാണ് വന്ദേഭാരത് കേരളത്തിന് നല്‍കാന്‍ തീരുമാനിച്ചത്. 70 മുതല്‍ 110 കിലോമീറ്റര്‍ വരെയാകും കേരളത്തിലെ വിവിധ മേഖലകളില്‍ വന്ദേഭാരതിന്‍റെ നിലവിലെ വേഗതയെന്നും അദ്ദേഹം വിവരിച്ചു. ഫേസ് ഒന്ന് കേരളത്തില്‍ ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. ഫേസ് 2 പൂര്‍ത്തിയായാല്‍ കേരളത്തില്‍ 130 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാകും. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി കൂട്ടിച്ചേര്‍ത്തു.