ചൈനീസ് ജനസംഖ്യയെക്കാള്‍ 29 ലക്ഷം പേര്‍ കൂടുതലുള്ള ഇന്ത്യ ഇനി ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം. യു.എന്‍ ജനസംഖ്യ ഫണ്ട് (യു.എന്‍.എഫ്.പി.എ) പുറത്തുവിട്ട ഏറ്റവുമൊടുവിലെ കണക്കുകളിലാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്കു കയറിയത്.
ഇതുപ്രകാരം ചൈനയില്‍ 142.57 കോടിയാണ് ജനസംഖ്യയെങ്കില്‍ 142.86 കോടി തൊട്ട് ഇന്ത്യ മുന്നിലാണ്.
1950കളില്‍ ലോക ജനസംഖ്യ കണക്കുകള്‍ യു.എന്‍ പുറത്തുവിടാന്‍ തുടങ്ങിയ ശേഷം ആദ്യമായാണ് ഇന്ത്യ ഒന്നാമതെത്തുന്നത്. ഇതുവരെയും രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ അതിവേഗം ചൈനയെ മറികടക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം ഏറ്റവും ഉയര്‍ന്ന ജനസംഖ്യയിലെത്തിയ ചൈനയില്‍ തുടര്‍ന്ന് വര്‍ധനക്കു പകരം താഴോട്ടായിരുന്നു കണക്കുകള്‍. 1980കള്‍ മുതല്‍ തന്നെ വര്‍ധന നിരക്ക് കുറഞ്ഞുവരുന്നതാണ് കഴിഞ്ഞ വര്‍ഷത്തിനു ശേഷം പൂര്‍ണമായും താഴോട്ടായതെന്ന് യു.എന്‍.എഫ്.പി.എ മീഡിയ ആന്റ് ക്രൈസിസ് കമ്യൂണിക്കേഷന്‍സ് വിഭാഗം ഉപദേഷ്ടാവ് അന്ന ജഫ്രീസ് പറഞ്ഞു.
ഇന്ത്യന്‍ ജനസംഖ്യയില്‍ 25 ശതമാനവും 14 വയസ്സില്‍ താഴെയുള്ളവരാണ്. 10-19 പ്രായക്കാര്‍ 18 ശതമാനം, 10-24 പ്രായക്കാര്‍ 26 ശതമാനം, 15-64 പ്രായത്തിനിടയിലുള്ളവര്‍ 68 ശതമാനം, 65 വയസ്സിനു മുകളില്‍ ഏഴു ശതമാനം എന്നിങ്ങനെയും കണക്കുകള്‍ പറയുന്നു. എന്നാല്‍, ചൈനയില്‍ 14 വയസ്സില്‍ താളെയുള്ളവര്‍ 17 ശതമാനം മാത്രമാണ്. മറ്റു കണക്കുകള്‍ പ്രകാരം 12%, 18%, 69%, 14%വും.
2022ല്‍ മാത്രം ചൈനീസ് ജനസംഖ്യയില്‍ എട്ടര ലക്ഷം പേരാണ് കുറവുണ്ടായത്. 1961നു ശേഷം ആദ്യമായാണ് ഇത്രയും കുറവുണ്ടാകുന്നത്. നേരത്തെ ഒരു കുടുംബത്തിന് ഒന്നിലേറെ കുട്ടികള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്ന ചൈന അടുത്തിടെ മുന്നു കുട്ടികള്‍ വരെയാകാമെന്ന് തിരുത്ത് വരുത്തിയെങ്കിലും ജനന നിരക്ക് കുത്തനെ കുറയുകയായിരുന്നു. ജീവിത ചെലവ് കൂടിയതുള്‍പ്പെടെ വെല്ലുവിളികള്‍ പുതിയ തലമുറയെ കുട്ടികളുണ്ടാകുന്നതിനോട് വൈമുഖ്യമുള്ളവരാക്കിയെന്നായിരുന്നു കണ്ടെത്തല്‍.
ഇരുരാജ്യങ്ങളിലെയും കൃത്യമായ ജനസംഖ്യ നല്‍കാന്‍ നിലവില്‍ സാധ്യമല്ലെന്ന് അന്ന ജഫ്രീസ് പറഞ്ഞു