തിരുവനന്തപുരം: ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസൻസുകൾക്ക് വിട. സ്മാർട്ട് ലൈസൻസുകൾ നാളെ മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ വരും. പുതിയ ലൈസൻസ് കാർഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ മാനദണ്ഡ പ്രകാരമാണ് കേരളത്തിന്റെ പുതിയ ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിരിക്കുന്നത്.
സ്മാർട്ട് കാർഡ് രൂപത്തിലേക്ക് ആകുന്നതിന് പുറമെ ഏഴ് സുരക്ഷാ ഫീച്ചറുകളാണ് പുതിയ പിവിസി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകളിൽ ഉണ്ടാവുക. സീരിയൽ നമ്പർ, യു.വി എംബ്ലം, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യൂ.ആർ. കോഡ് എന്നീ ഫീച്ചറുകളാണ് പുതിയ ലൈസൻസിൽ ഉണ്ടാവുക.
ഭാവിയിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും കാർഡ് രൂപത്തിലേക്ക് മാറുമെന്നാണ് സൂചന. മറ്റ് പല സംസ്ഥാനങ്ങളും ഇതും കാർഡ് രൂപത്തിലാണ് നൽകുന്നത്. ഡ്രൈവിംഗ് ലൈസൻസ് സ്മാർട്ട് കാർഡിലേക്ക് മാറുന്നതിന് മുന്നോടിയായി തിരുവനന്തപുരം, കുടപ്പനക്കുന്ന്, കോഴിക്കോട്, വയനാട് ഓഫീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം നടപ്പിലാക്കിയിരുന്നു