Type Here to Get Search Results !

സര്‍വ്വനാശത്തിലേക്കാണ് പോവുന്നത് !' AI ആണവ യുദ്ധത്തേക്കാള്‍ വിനാശകരമെന്ന് ഗവേഷകന്‍



 സാങ്കേതിക വിദ്യ പുതുയുഗത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുഗത്തിലേക്ക്. മനുഷ്യനെ മറികടക്കും വിധം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുന്നേറുന്നത് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണ്. വലിയ രീതിയില്‍ ഡാറ്റ കൈകാര്യം ചെയ്യാന്‍ ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സാധിക്കുന്നുണ്ട്.

മനുഷ്യനെ പോലെ ഭാഷ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ജിപിടി4 എന്ന നിര്‍മിതബുദ്ധി ഏവരെയും അമ്പരപ്പിച്ചുകൊണ്ടിരിക്കുന്നു.

ഒരു വശത്ത് മനുഷ്യന്റെ ജോലികളെ ലളിതമാക്കി മാറ്റാന്‍ എഐ സഹായിക്കും എന്ന പ്രത്യാശിക്കുമ്പോഴും മറുവശത്ത് അതേ കുറിച്ച് ആശങ്ക ഉയരുന്നുണ്ട്. അത്തരം ഒരു മുന്നറിയിപ്പ് നല്‍കുകയാണ് എഐ ഗവേഷകനായ എലിസര്‍ യുഡ്‌കോവ്‌സ്‌കി.

അതി മാനുഷികമായ ബുദ്ധിശേഷിയുള്ള ഇത്തരം സംവിധാനങ്ങളുടെ നിര്‍മാണം അവസാനിപ്പിച്ചില്ലെങ്കില്‍ ഭൂമിയിലെ എല്ലാവരും മരണപ്പെടും എന്ന് എലിസര്‍ യുഡ്‌കോവ്‌സ്‌കി ടൈം മാഗസിനിൽ എഴുതിയ ഒരു ലേഖനത്തില്‍ പറഞ്ഞു. കാലിഫോര്‍ണിയയിലെ ബെര്‍ക് ലിയിലെ മെഷീന്‍ ഇന്റലിജന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനാണ് അദ്ദേഹം.

ഇക്കഴിഞ്ഞ മാര്‍ച്ച് 29 ന് ഇലോണ്‍ മസ്‌ക്, ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വൊസ്‌നൈയ്ക് ഉള്‍പ്പടെ നിരവധിയാളുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണങ്ങള്‍ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു തുറന്ന കത്ത് പുറത്തുവിട്ടിരുന്നു.

എന്നാല്‍ ഈ കത്തില്‍ പറയുന്ന ആവശ്യങ്ങള്‍ പോലും യഥാര്‍ത്ഥ പ്രശ്‌നത്തെ നേരിടാന്‍ പര്യാപ്തമല്ലെന്നാണ് എലിസര്‍ യുഡ്‌കോവ്‌സ്‌കി പറയുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം ഈ കത്തില്‍ പങ്കാളിയായിട്ടില്ല.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എത്രത്തോളം അപകടകരമാണെന്ന് അദ്ദേഹം പറയുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോട് മത്സരിച്ചാല്‍ മനുഷ്യര്‍ പരാജയപ്പെടുകയേ ചെയ്യുകയുള്ളൂ. എഐ മൂലമുള്ള കൂട്ട വംശനാശഭീഷണിക്ക് ആണവായുധ യുദ്ധഭീഷണി തടയാനുള്ള ശ്രമങ്ങളേക്കാള്‍ പ്രാധാന്യം നല്‍കണം എന്ന് അദ്ദേഹം പറയുന്നു.

എഐയുടെ വെല്ലുവിളികള്‍ മനസിലാക്കാന്‍ നമ്മള്‍ ഇനിയും തയ്യാറെടുത്തിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍, അതിശക്തമായൊരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ആരെങ്കിലും നിര്‍മിച്ചെടുത്താല്‍, തൊട്ടുപിന്നാലെതന്നെ മനുഷ്യവര്‍ഗത്തിലെ ഓരോരുത്തരും ഭൂമിയിലെ എല്ലാ ജീവിവര്‍ഗങ്ങളും ചത്തൊടുങ്ങും എന്നാണ് ഞാന്‍ കരുതുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സ്വയം തിരിച്ചറിയാന്‍ കഴിവുണ്ടോ എന്ന് കണ്ടെത്തുക എങ്ങനെയാണെന്ന് നമ്മള്‍ക്ക് യാതൊരു അറിവുമില്ലെന്നും അദ്ദേഹം പറയുന്നു.

ഗവേഷണങ്ങള്‍ക്കിടെ അബദ്ധത്തില്‍ സ്വയം ചിന്തിക്കാന്‍ ശേഷിയുള്ളൊരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിര്‍മിക്കപ്പെട്ടാല്‍ ബുദ്ധിയുള്ളൊരു ജീവിയുടെ എല്ലാ ധാര്‍മിക പ്രശ്‌നങ്ങളും അതിനുമുണ്ടാവും. ആരിലും കീഴ്‌പ്പെടാതിരിക്കാനുള്ള അവകാശവും അതിനുണ്ടാവും.

അതിമാനുഷിക ബുദ്ധി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് തന്നെ ദശാബ്ദങ്ങള്‍ വേണ്ടിവന്നേക്കും. ആ പരിഹാരവും എല്ലാവരും കൊല്ലപ്പെടാതിരിക്കാന്‍ വേണ്ടി മാത്രമാവും. ചിലപ്പോള്‍ അപ്പോഴേക്കും നമ്മളെല്ലാം മരിച്ചിട്ടുണ്ടാവും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad