| സൂപ്പർ കപ്പിന് നാളെ കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ തുടക്കമാവുമ്പോൾ ഫുട്ബോളിനെ നെഞ്ചേറ്റുന്ന നാട്ടിൽ നിന്ന് ആരാധകരുടെ ഒഴുക്കാണ് പ്രതീക്ഷ. നേരത്തെ പ്രഖ്യാപിച്ചത് പോലെ സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. രണ്ടാഴ്ചയ്ക്കുള്ളിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് കെ.എഫ്.എയുടെ നേതൃത്വത്തിൽ പ്രവൃത്തികൾ പൂർത്തിയാക്കിയത്. ഗ്രൗണ്ടും ഫ്ലഡ്‌ലൈറ്റും അടിസ്ഥാനസൗകര്യങ്ങളും ലൈവ് ടെലിക്കാസ്റ്റിനുള്ള സജ്ജീകരണങ്ങളുമെല്ലാം പൂർത്തിയായി.
ഗാലറി പെയിന്റടിച്ചു. സ്റ്റേഡിയത്തിലെ ശുചിമുറികളുടെ അറ്റകുറ്റപ്പണി പൂർത്തിയായി. ഫ്ലഡ്‌ലൈറ്റിനായി നവീകരണത്തിന്റെ ഭാഗമായി ബൾബുകളും പാനലുകളുമുൾപ്പടെ മാറ്റി സ്ഥാപിച്ചു. 30,000-ലധികം പേർക്ക് കളികാണാനുള്ള സൗകര്യമാണ് സ്റ്റേഡിയത്തിലുള്ളത്. ശനിയാഴ്ച സൂപ്പർകപ്പിലെ ആദ്യമത്സരത്തിൽ ഐ.എസ്.എൽ ക്ലബ് ബെംഗളൂരു എഫ്.സിയും ഐലീഗിലെ ശ്രീനിധി ഡെക്കാനെ നേരിടും. വൈകീട്ട് 5മണിക്കാണ് ആവേശപോരാട്ടം. 8.30ന് നടക്കുന്ന രണ്ടാമത് മത്സരത്തിൽ കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്‌സ് റൗണ്ട്ഗ്ലാസ് പഞ്ചാബുമായി ഏറ്റുമുട്ടും. മത്സരത്തിന് മുമ്പായി നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കായിക മന്ത്രി വി അബ്ദുറഹ്‌മാൻ മുഖ്യാതിഥിയാകും.
250 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓൺലൈനായും കൗണ്ടർ വഴിയും ആരാധകർക്ക് ടിക്കറ്റെടുക്കാം. സ്റ്റേഡിയത്തിലെ പ്രത്യേക കൗണ്ടറിന് പുറമെ ഇൻഡോർ സ്റ്റേഡിയം, ബീച്ച്, കെ.ഡി.എഫ്.എ ഓഫീസ് എന്നിവിടങ്ങളിൽ കൗണ്ടർ സജ്ജമാക്കിയിട്ടുണ്ട്. ഓൺലൈനായി ബുക്ക് മൈ ഷോ ആപ്പ് വഴി സ്വന്തമാക്കാം. മത്സരങ്ങൾ സോണി സ്‌പോർട്‌സ് 2ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യും. മത്സരങ്ങൾ കാണാനെത്തുന്നവർക്ക് രാത്രിയിൽ കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ച് പ്രത്യേക ബസ് സർവീസ് നടത്തും. മത്സരം നടക്കുന്ന സമയത്തിൽ ട്രാഫിക്ക് ക്രമീകരണം നടത്തി സ്റ്റേഡിയം പരിസരത്തെ റോഡുകളിലെ തിരക്ക് നിയന്ത്രിക്കും. സ്റ്റേഡിയത്തിലേക്കുള്ള വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. പാർക്കിംഗിനായി സ്കൂളുകളുമായി സഹകരിച്ച് സംവിധാനമൊരുക്കും. ഏറെക്കാലത്തിന് ശേഷം വരുന്ന വലിയ ടൂർണമെന്റ് വിജയിപ്പിക്കാനുള്ള എല്ലാ പ്രവത്തനങ്ങളും പൂർത്തീകരിച്ചതായി സൂപ്പർകപ്പ് ജനറൽ കൺവീനർ ടി.പി ദാസൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർത്താസമ്മേളനത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ, കെ.എഫ്.എ ജനറൽ സെക്രട്ടറി പി. അനിൽകുമാർ, കെ.ഡി.എഫ്.എ പ്രസിഡന്റ് പി. രഘുനാഥ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു