Type Here to Get Search Results !

രാജ്യത്ത് പുതിയൊരു വിമാനക്കമ്പനി, ‘ഫ്‌ളൈ91’



രാജ്യത്ത് പുതിയൊരു വിമാനക്കമ്പനിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം അംഗീകാരം നല്‍കി. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക എയര്‍ലൈന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ‘ഫ്‌ളൈ91’ എയര്‍ലൈന്‍സിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. തൃശൂര്‍ സ്വദേശിയായ മനോജ് ചാക്കോ ആണ് ‘ഫ്‌ളൈ91’ എയര്‍ലൈന്‍സിന്‍റെ ചീഫ് എക്സിക്യുട്ടീവ് ഒഫീസര്‍. കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്‍റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്ന മനോജിന്‌ വ്യോമയാന മേഖലകളില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുണ്ട്.


ചെറു പട്ടണങ്ങളെ ആകാശമാര്‍ഗം ബന്ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിയുടെ ഭാഗമായി സര്‍വീസ് നടത്തുകയാണ് ഫ്‌ളൈ91 കമ്പനിയുടെ ലക്ഷ്യം. ഫെയര്‍ഫാക്‌സിന്റെ ഇന്ത്യാ വിഭാഗം മുന്‍ മേധാവിയായിരുന്ന ഹര്‍ഷ രാഘവനുമായി ചേര്‍ന്ന് മനോജ് ചാക്കോ സ്ഥാപിച്ച ഉഡോ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാണ് ഫ്‌ളൈ91 പ്രവര്‍ത്തിക്കുക. ഹര്‍ഷയുടെ കണ്‍വര്‍ജന്റ് ഫിനാന്‍സാണ് കമ്പനിയിലെ മുഖ്യനിക്ഷേപകര്‍.


ഇന്ത്യയുടെ ടെലിഫോണ്‍ കോഡ് ആയ 91 സൂചിപ്പിച്ചാണ് കമ്പനിക്ക് ഫ്‌ളൈ91 എന്ന് പേരിട്ടത്. വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതോടെ ഇനി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) എയര്‍ ഓപ്പറേറ്റര്‍ പെര്‍മിറ്റിനായി കമ്പനി അപേക്ഷ നല്‍കും. ഈ വര്‍ഷം ഒക്ടോബര്‍-ഡിസംബര്‍ മാസത്തോടെ സര്‍വീസ് ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.


ഗോവയിലെ മനോഹര്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളം കേന്ദ്രീകരിച്ചായിരിക്കും കമ്പനിയുടെ പ്രവര്‍ത്തനം. മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ നഗരങ്ങളിലേക്കുള്ള സര്‍വീസാണ് ലക്ഷ്യമിടുന്നത്. രണ്ട് എടിആര്‍ 72-600 ടര്‍ബോ ജെറ്റ് വിമാനങ്ങളിലായിരിക്കും ഫ്‌ളൈ91 കമ്പനിയുടെ തുടക്കം. ഒരുവര്‍ഷത്തിനകം ആറ് വിമാനങ്ങള്‍ കൂടി എത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നു. അഞ്ചുവര്‍ഷത്തിനകം വിമാനങ്ങളുടെ എണ്ണം 40 ആയി ഉയര്‍ത്താനാകുമെന്നാണ് ‘ഫ്‌ളൈ91’ അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

Top Post Ad

Below Post Ad