ന്യൂഡൽഹി | കേരളത്തിലേക്ക് പോകുന്നതിനുള്ള സുരക്ഷയ്ക്കും അകമ്പടിക്കുമായി 56.63 ലക്ഷം രൂപ വേണമെന്ന കർണാടക പോലീസിന്റെ ആവശ്യത്തിനെതിരെ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി സുപ്രീം കോടതിയെ സമീപിച്ചു. തങ്ങളുടെ ഉത്തരവിനെ മറികടക്കുന്ന വ്യസ്ഥകൾ എങ്ങനെ നിർദേശിക്കാൻ കഴിയുമെന്ന് കർണാടക സർക്കാരിനോട് സുപ്രീം കോടതി ആരാഞ്ഞു. മഅദനിയുടെ അപേക്ഷ സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിക്കും.
ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് കേരളത്തിലേക്ക് പോകാൻ സുപ്രീം കോടതിയാണ് അബ്ദുൾ നാസർ മഅദനിക്ക് അനുമതി നൽകിയിരുന്നത്. എന്നാൽ കേരളത്തിലേക്ക് പോകുമ്പോൾ മഅദനിയുടെ സുരക്ഷ കർണാടക പോലീസ് ആണ് ഒരുക്കേണ്ടതെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂലായ് എട്ടു വരെ സുരക്ഷ ഒരുക്കുന്നതിന് 56.63 ലക്ഷം രൂപ മഅദനി നൽകണമെന്ന് കർണാടക പോലീസ് ആവശ്യപ്പെട്ടത്. പ്രതിമാസം 20.23 ലക്ഷം രൂപയാണ് ചെലവായി കർണാടക പോലീസ് ആവശ്യപ്പെട്ടത്.
കർണാടക പോലീസിന്റെ ഈ ആവശ്യത്തെ തുടർന്ന് മഅദനിയുടെ കേരള സന്ദർശനം അനിശ്ചിതത്വത്തിൽ ആയെന്ന് സീനിയർ അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവർ ഇന്ന് കോടതിയെ അറിയിച്ചു. ഇരുപത് പോലീസുകാരാണ് അകമ്പടിക്കായി പോകുന്നത് എന്നാണ് കർണാടകം അറിയിച്ചിട്ടുള്ളത്. എന്നാൽ മുമ്പ് പോയിരുന്നപ്പോൾ നാല് പോലീസുകാർ മാത്രമായിരുന്നു അനുഗമിച്ചിരുന്നതെന്നും മഅദനിയുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. സുരക്ഷയെന്ന് സുപ്രീം കോടതി പറഞ്ഞത് അതീവ സുരക്ഷയെന്ന് കർണാടകം വ്യാഖ്യാനിച്ചിരിക്കുകയാണ്. തുടർന്നാണ് തങ്ങളുടെ ഉത്തരവിന്റെ അന്തഃസത്ത മറികടക്കുന്ന നിർദേശങ്ങൾ എങ്ങനെ മുന്നോട്ട് വയ്ക്കാൻ കഴിയുമെന്ന് കർണാടക സർക്കാരിനോട് ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞത്.
2017ൽ മകന്റെ വിവാഹത്തിനായി കേരളത്തിലേക്ക് പോയ മദനിയുടെ സുരക്ഷയ്ക്കായി കർണാടക സർക്കാർ ഈടാക്കിയത് 1,18,000 രൂപയാണ്. പന്ത്രണ്ട് ദിവസത്തേക്ക് ആയിരുന്നു മദനിക്ക് കേരളത്തത്തിലേക്ക് പോകാൻ അന്ന് സുപ്രീം കോടതി അനുമതി നൽകിയിരുന്നത്. സുരക്ഷയ്ക്കായി ആദ്യം പതിനഞ്ച് ലക്ഷം രൂപ ആയിരുന്നു കർണാടക സർക്കാർ ആദ്യം ചോദിച്ചിരുന്നത്. എന്നാൽ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനത്തെ തുടർന്ന് തുക 1,18,000 രൂപ ആയി കുറയ്ക്കുക ആയിരുന്നു.