Type Here to Get Search Results !

തമിഴ്നാട്ടിൽ 50 ലക്ഷം സ്ത്രീകൾക്ക് സൗജന്യയാത്ര, ബജറ്റ് 9000 കോടി




 തിരുവനന്തപുരം∙ പൊതുഗതാഗതത്തെ സംരക്ഷിക്കുന്നതിനു തമിഴ്നാട് സർക്കാർ ചെയ്യുന്ന ഇടപെടലുകൾ കണ്ടു ഞെട്ടി കേരളത്തിൽ നിന്നുള്ള പഠനസംഘം . 50 ലക്ഷം സ്ത്രീകൾക്കു സൗജന്യയാത്രയുൾപ്പെടെ ഇളവുകൾ നൽകി തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനെ പൊതുജന ക്ഷേമ സർവീസ് എന്ന നിലയിൽ കയ്യയച്ചു സഹായിക്കുമ്പോഴാണു സർവീസ് കുറച്ചും ജീവനക്കാർക്കു ശമ്പളം ഗഡുക്കളായി നൽകി ബുദ്ധിമുട്ടിച്ചും കേരള സർക്കാർ പൊതുഗതാഗതത്തിന്റെ പ്രസക്തി ഇല്ലാതാക്കുന്നത്.


തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷന്റെ പ്രവർത്തന രീതികൾ പഠിക്കാൻ കഴിഞ്ഞദിവസം ഗതാഗത സെക്രട്ടറി ബിജു പ്രഭാകറിന്റെ നേതൃത്വത്തിൽ സംഘം ചെന്നൈയിലെത്തിയിരുന്നു. സർക്കാർ സഹായത്താലാണ് അവിടെ പൊതുഗതാഗതം കുഴപ്പമില്ലാതെയും പരാതിയില്ലാതെയും പോകുന്നതെന്നു മനസ്സിലായെങ്കിലും ഒന്നുകൂടി പഠിക്കാൻ അടുത്ത സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. ജോയിന്റ് മാനേജിങ് ഡയറക്ടർ പ്രമോജ് ശങ്കറിന്റെ നേതൃത്വത്തിൽ നാലംഗ സംഘം അടുത്തയാഴ്ച വീണ്ടും ചെന്നൈയിലേക്കു പോകും._ കേരളത്തിൽ 4500 ബസുകളും 26,000 ജീവനക്കാരുമാണു കെഎസ്ആർടിസിയ്ക്കുള്ളത്. സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനു തമിഴ്നാട് നൽകുന്ന സഹായത്തിന്റെ അനുപാതം കണക്കാക്കിയാൽ കേരള സർക്കാർ കെഎസ്ആർടിസിയ്ക്ക് 2300 കോടിയെങ്കിലും നൽകണം. ഇവിടെ 70 കോടി രൂപ വച്ചു മാസം പെൻഷനും 30 കോടി രൂപ വച്ചു വായ്പാ തിരിച്ചടവിനും മറ്റിനത്തിൽ 100 കോടിയോളം രൂപയുമായി 1350 കോടിയാണു സർക്കാർ കെഎസ്ആർടിസിക്കു നൽകുന്നത്. 


വിദ്യാർഥികൾക്ക് സൗജന്യയാത്രയും മറ്റു വിഭാഗങ്ങൾക്കുള്ള സൗജന്യപാസും അനുവദിക്കുന്നതിൽ മാത്രം 830 കോടി രൂപയാണു കെഎസ്ആർടിസിക്കു നഷ്ടം. ഈ തുക സർക്കാർ നൽകുന്നുമില്ല. 


കോവിഡിൽ തകർന്നടിഞ്ഞ പൊതുഗതാഗത സംവിധാനം തിരിച്ചു പഴയ രീതിയിൽ എത്തുന്നതുവരെ സഹായിക്കാനും ശമ്പള വിതരണത്തിനുമായാണു മാസം 50 കോടി വീതം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നൽകിയത്. ഈ സഹായം തുടരേണ്ട ബാധ്യത സർക്കാരിനില്ലെന്നു കോടതിയെ ധനകാര്യ വകുപ്പ് അറിയിക്കുകയും ചെയ്തിരിക്കുകയാണ്. കേരളത്തിൽ സംസ്ഥാന സർക്കാർ ഡീസലിനു 2 രൂപ സെസ് ഏർപ്പെടുത്തിയതോടെ കെഎസ്ആർടിസിയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. മാസം 3 കോടിയാണു കെഎസ്ആർടിസിക്ക് അധികം ചെലവാകുക. 


കോവിഡിനു ശേഷം യാത്രക്കാർ പൊതുഗതാഗതത്തെ കൈവിട്ടതോടെ വരുമാനം കുത്തനെയിടിഞ്ഞു. 6000 സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ഇപ്പോൾ 3500–3800 സർവീസുകളിലേക്കു കുറഞ്ഞു.


പുതിയ ബസുകൾ വാങ്ങാൻ തമിഴ്നാട് സർക്കാർ 2000 കോടി നേരിട്ടു വായ്പയെടുത്തു നൽകി. കേരളത്തിൽ പുതിയ ബസ് വാങ്ങാൻ അനുവദിച്ച 800 കോടി രൂപയുടെ വായ്പ പോലും നൽകാൻ സർക്കാരിന്റെ കയ്യിൽ പണമില്ല. ആയിരം ബസുകൾ ഉടൻ പൊളിക്കുകയും വേണം.


തമിഴ്നാട്ടിലെ ബജറ്റ് 9000 കോടി


ഒരു വർഷം 9000 കോടിയാണു തമിഴ്നാട് സർക്കാർ ബജറ്റിൽപ്പെടുത്തി അവിടെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനു നൽകുന്നത്. 1,25,000 ജീവനക്കാരും 21,000 ബസുകളുമുണ്ട്. വിദ്യാർഥികൾക്കു സൗജന്യയാത്രയ്ക്കു 1500 കോടി, 50 ലക്ഷം വരുന്ന വനിതകൾക്കു സൗജന്യയാത്രയ്ക്ക് 2800 കോടി, മുതിർന്ന പൗരൻമാർക്കു യാത്രാ പാസിന് 22 കോടി, ഒരു ലീറ്റർ ഡീസലിന് 27 രൂപ സബ്സിഡി ഇനത്തിൽ 2000 കോടി രൂപ – ഇത്രയും എല്ലാ വർഷവും സർക്കാർ നൽകും. 700 കോടി രൂപയുടെ വായ്പയും മൂലധന സഹായമായി 900 കോടി രൂപയും നൽകുന്നുണ്ട്


93 ഡിപ്പോയിലും പുതിയ ശുചിമുറി; ഉദ്ഘാടനം ഇന്ന്


തിരുവനന്തപുരം ∙ കെഎസ്ആർടിസിയുടെ 93 ഡിപ്പോകളിലും പുതുതായി നിർമിച്ച ശുചിമുറികളുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്കു 12ന് വിഡിയോ കോൺഫറൻസിലൂടെ മന്ത്രി ആന്റണി രാജു നിർവഹിക്കും. 


കെഎസ്ആർടിസി തന്നെ നടത്തിയ സർവേയിലാണു 93 ഡിപ്പോയിൽ 73 ലും ശുചിമുറികൾ ഉപയോഗയോഗ്യമല്ലെന്നു കണ്ടെത്തിയത്. ബാക്കിയുള്ള ഇരുപതും തകർച്ചയിലുമായിരുന്നു. മന്ത്രിയുടെ ഉത്തരവു പ്രകാരം ഒരു ഡിപ്പോയിലെ ശുചിമുറിക്ക് 5 ലക്ഷം രൂപ വരെയാണു പുനർനിർമാണ ചെലവ്. 


16 ഡിപ്പോകളിൽ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നു ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം ശുചിമുറികൾ നിർമിക്കുന്നുണ്ട്. എറണാകുളം പോലെയുളള സ്ഥലങ്ങളിൽ വിവിധ സന്നദ്ധ സ്ഥാപനങ്ങളുമായി ചേർന്നും നിർമിച്ചിട്ടുണ്ട്. ഏകദേശം മൂന്നര കോടി രൂപയാണു കെഎസ്ആർടിസിക്കു ചെലവ്. 


യൂണിറ്റ് ഓഫിസർമാർ ചെയർമാനും മറ്റ് ഉദ്യോഗസ്ഥർ, അംഗീകൃത ട്രേഡ് യൂണിയന്റെ ഓരോ പ്രതിനിധി എന്നിവർ അംഗങ്ങളുമായ കമ്മിറ്റി ശുചിമുറിയുടെ നിർമാണത്തിനും അറ്റകുറ്റപ്പണിക്കുമായി രൂപീകരിച്ചിട്ടുണ്ട്. ശുചിമുറികൾ വൃത്തിയാക്കുന്നതിന്റെ ചുമതലയും ഡിപ്പോകളിൽ ഉദ്യോഗസ്ഥർക്കു വീതിച്ചു നൽകിയിട്ടുണ്ട്.


ഡിപ്പോകൾക്ക് ഒരേ നിറം; ഏതെന്നു ചർച്ച


തിരുവനന്തപുരം ∙ കെഎസ്ആർടിസിയുടെ ഡിപ്പോകൾക്കെല്ലാം ഒരേ നിറത്തിലുള്ള പെയിന്റടിക്കാൻ തീരുമാനം. ഏതു നിറം വേണമെന്നു തീരുമാനിക്കാൻ സിഎംഡിയുടെ നേതൃത്വത്തിലുള്ള സമിതിയോടു നിർദേശിച്ചതായി മന്ത്രി ആന്റണി രാജു പറഞ്ഞു. യാത്രക്കാർക്കുള്ള കസേരകളും ഫാനും ലൈറ്റും എല്ലാം കേരളത്തിലെ എല്ലാ ഡിപ്പോകളിലേതും ഒരു പോലെയാക്കും. വിശ്രമ കേന്ദ്രത്തിൽ എസി വയ്ക്കും. ഇൻഫർമേഷൻ സെന്ററും സൗന്ദര്യവൽക്കരിക്കാൻ നിർദേശം നൽകി. 10 ലക്ഷം വരെ ഒരു ഡിപ്പോയ്ക്കു ചെലവഴിക്കാം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad