സംസ്ഥാനത്തിന് ലഭിച്ചുകൊണ്ടിരുന്ന മണ്ണെണ്ണ വിഹിതം വീണ്ടും കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. മുൻ സാമ്പത്തിക വർഷത്തിൽ (2022-23) അനുവദിച്ചിരുന്ന പി.ഡി.എസ് മണ്ണെണ്ണ വിഹിതം ഒറ്റയടിക്ക് 50 ശതമാനമാണ് വെട്ടിക്കുറച്ചത്. മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നിരന്തരം കേന്ദ്രത്തിൽ സമർദം ചെലുത്തുന്നതിനിടയിലാണ് കേരളത്തെ ഞെട്ടിച്ച പുതിയ നടപടി.
കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം നിരന്തരമായി വെട്ടിക്കുറക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. 2020-21 വർഷത്തിൽ ഒരു പാദത്തിൽ 9264 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിച്ചിരുന്നത് തുടർന്നുള്ള വർഷങ്ങളിൽ ഒരു പാദത്തിൽ 6480 കിലോലിറ്ററായും 3888 കിലോ ലിറ്ററായും 1944 കിലോ ലിറ്ററായും വെട്ടിച്ചുരുക്കി.
2021-22 കാലയളവിൽ മഞ്ഞ, പിങ്കുകാർഡുകാർക്ക് മൂന്ന് മാസത്തിലൊരിക്കൽ ഒരു ലിറ്റർ മണ്ണെണ്ണയും നീല, വെള്ള കാർഡുടമകൾക്ക് മൂന്ന് മാസത്തിലൊരിക്കൽ അര ലിറ്റർ മണ്ണെണ്ണയും ഇലക്ട്രിസിറ്റി കണക്ഷൻ ലഭ്യമല്ലാത്ത കാർഡുടമകൾക്ക് എട്ട് ലിറ്റർ മണ്ണെണ്ണയുമാണ് നൽകിയിരുന്നത്.
എന്നാൽ കഴിഞ്ഞവർഷം മുതൽ വൻതോതിൽ കേന്ദ്രം മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതോടെ വൈദ്യുതി കണക്ഷൻ ലഭ്യമായിട്ടുള്ള എല്ലാ വിഭാഗത്തിലെ കാർഡുടമകൾക്കും അര ലിറ്റർ വീതവും വൈദ്യുതി കണക്ഷൻ ലഭ്യമല്ലാത്ത കാർഡുടമകൾക്ക് ആറ് ലിറ്റർ മണ്ണെണ്ണയുമാണ് നൽകാനായത്. ഇത്തവണ 50 ശതമാനം കൂടി വെട്ടിക്കുറച്ചതോടെ നടപ്പ് സാമ്പത്തിക വർഷത്തിൽ മഞ്ഞ, പിങ്ക് കാർഡുകാർക്ക് മാത്രമേ അര ലിറ്റർ മണ്ണെണ്ണ ലഭിക്കൂവെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
മത്സ്യബന്ധനം, കൃഷി, തുടങ്ങിയ ഗാർഹികേതര ആവശ്യങ്ങൾക്കായാണ് കേന്ദ്ര സർക്കാർ നോൺ സബ്സിഡി മണ്ണെണ്ണ വിഹിതം അനുവദിക്കുന്നത്. നടപ്പുസാമ്പത്തികവർഷം 25,000 കിലോ ലിറ്റർ നോൺ സബ്സിഡി മണ്ണെണ്ണ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്ര സർക്കാറിന് കത്ത് നൽകിയെങ്കിലും ഫമുണ്ടായിട്ടില്ല. ഏപ്രിൽ 10ന് ഭക്ഷ്യമന്ത്രി കേന്ദ്ര പെട്രോളിയം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.