ടോള്‍ പ്ലാസയില്‍ തിരക്ക് കൂടുതലാണെങ്കില്‍ ടോള്‍ വാങ്ങാതെ വാഹനങ്ങളെ കടത്തിവിടണമെന്ന് ഹൈക്കോടതി. ടോള്‍ പ്ലാസയിലെ ക്യൂ 100 മീറ്ററിനു മുകളിലായാല്‍ ടോള്‍ വാങ്ങാതെ വാഹനങ്ങളെ കടത്തിവിടണമെന്നാണ് ദേശീയപാത അതോറിറ്റിയുടെ മാര്‍ഗ നിര്‍ദേശം. ഈ വ്യവസ്ഥ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
തൃശ്ശൂര്‍ പാലിയേക്കര ടോള്‍പ്ളാസയില്‍ വാഹനങ്ങള്‍ കടത്തിവിടാന്‍ വൈകുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കിയിരുന്നു. ടോള്‍ പിരിക്കുന്നതിലെ കാലതാമസമാണ് കാരണമെന്നും പരാതി ഉയര്‍ന്നു. ഇതിനെതിരേ പാലക്കാട് സ്വദേശി നിതിന്‍ രാമകൃഷ്ണന്‍ കോടതിയില്‍ അപ്പീല്‍ നല്‍കി. അപ്പീലില്‍ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം നിര്‍ദേശിക്കുന്നത്.
100 മീറ്ററിലേറെ ആയാല്‍ ക്യൂ ഇല്ലാതെ വാഹനങ്ങള്‍ കടത്തിവിടണമെന്നാണ് വ്യവസ്ഥ. 100 മീറ്റര്‍ കഴിയുമ്പോള്‍ റോഡില്‍ മഞ്ഞ വരയിടണം. ടോള്‍ പ്ലാസകളിലെ സര്‍വീസ് സമയം 10 സെക്കന്‍ഡില്‍ കൂടുതല്‍ എടുക്കാതിരിക്കാന്‍ ടോള്‍ ബൂത്തുകളുടെയും ലെയിനുകളുടെയും എണ്ണം ഉറപ്പാക്കണമെന്നും ദേശീയപാത അതോറിറ്റിയുടെ സര്‍ക്കുലറില്‍ ഉണ്ട്.
ദേശീയപാത അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് വായിക്കാന്‍ കഴിയുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഇതിനായി ഓരോ ടോള്‍ പ്ലാസയിലും പ്രത്യേകം ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ദേശീയപാത അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്