Type Here to Get Search Results !

ആലപ്പുഴ-കണ്ണൂര്‍ ട്രെയിനില്‍ തീയിട്ട സംഭവം: രണ്ടരവയസ്സുകാരിയുടേതടക്കം മൂന്ന് മൃതദേഹങ്ങള്‍ ട്രാക്കില്‍, ആക്രമണം ആസൂത്രിതമെന്ന് പൊലീസ്



കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്സ്പ്രസില്‍ യാത്രക്കാരന്‍ തീ കൊളുത്തിയ സംഭവത്തില്‍ രക്ഷപെടാന്‍ ട്രെയിനില്‍ നിന്ന് ചാടിയെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ മൃതദേഹം ട്രാക്കില്‍ കണ്ടെത്തി.


യുവതിയേയും കുഞ്ഞിനേയും ഒരു മധ്യവയസ്‌കനേയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്റിയ മന്‍സിലില്‍ റഹ്‌മത്ത് (45), റഹ്‌മത്തിന്റെ സഹോദരി കോഴിക്കോട് ചാലിയം സ്വദേശി ജസീലയുടെയും ഷുഹൈബിന്റെയും മകള്‍ രണ്ടരവയസ്സുകാരി ഷഹ്റാമത്ത് എന്നിവരാണ് മരിച്ചത്. 


ഇന്നലെ രാത്രി ഒമ്ബതുമണിയോടെ തീവണ്ടി കോഴിക്കോട് എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടപ്പോഴാണ് ആക്രമണം ഉണ്ടായത്. 'ഡി-1' ബോഗിയിലാണ് സംഭവം. ആക്രമി ചങ്ങല വലിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ കോരപ്പുഴ പാലത്തിന് മുകളിലായാണ് നിര്‍ത്തിയത്. പാലത്തിനും എലത്തൂര്‍ സ്റ്റേഷനും ഇടയിലുള്ള ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രാക്കില്‍ തലയിടിച്ച്‌ വീണ നിലയിലായിരുന്നു മൂന്നുപേരും. 


ആക്രമണത്തില്‍ പൊള്ളലേറ്റ ഒമ്ബത് പേരില്‍ രണ്ടുപേരുടെനില ഗുരുതരമാണ്. കണ്ണൂര്‍ സ്വദേശികളായ അനില്‍ കുമാര്‍ (50), മകന്‍ അദ്വൈദ് (21) എന്നിവരാണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലുള്ളത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനില്‍ കുമാറിന്റെ ഭാര്യ സജിഷ (47), കണ്ണൂര്‍ സ്വദേശി റൂബി (52), തൃശ്ശൂര്‍ മണ്ണൂത്തി സ്വദേശി പ്രിന്‍സ് (35), ഭാര്യ അശ്വതി (26), തളിപ്പറമ്ബ് സ്വദേശി ജ്യോതീന്ദ്രനാഥ് (34), കണ്ണൂര്‍ സ്വദേശി പ്രകാശന്‍ (34) എന്നിവരാണ് ചികിത്സയിലുള്ളവര്‍. കൊയിലാണ്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള കണ്ണൂര്‍ സ്വദേശി റാസിഖിനൊപ്പം ഉണ്ടായിരുന്നവരെ കാണാതായെന്ന് പറഞ്ഞതിനെത്തിടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.


അടുത്ത ബോഗിയില്‍ നിന്നെത്തിയ അജ്ഞാതന്‍ രണ്ട് പ്‌ളാസ്റ്റിക്ക് കുപ്പികളില്‍ പെട്രോള്‍ കൊണ്ടുവന്ന് യാത്രക്കാരുടെ നേരെ ഒഴിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ചുവന്ന ഷര്‍ട്ട് ധരിച്ച തൊപ്പി വച്ച മധ്യ വയസ്കനായ ആളാണ് അക്രമി. ജനറല്‍ കംപാര്‍ട്ട്മെന്‍റില്‍ കയറിയ ശേഷം ഇയാള്‍ ബോഗിക്കുള്ളിലൂടെ റിസര്‍വ്ഡ് കംപാര്‍ട്ട്മെന്‍റിലേക്ക് എത്തിയെന്നാണ് നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ‌സംഭവത്തിനുശേഷം ഒരാള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. റെയില്‍വേ ട്രാക്കിന് സൈഡിലൂടെ ഇറങ്ങി ആള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ കൈ കാണിച്ചിട്ടല്ല ബൈക്ക് നിര്‍ത്തിയത്. തീകൊളുത്തിയ സംഭവം ആസൂത്രിതമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad