പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയുള്ള അജ്ഞാതന്റെ ആക്രമണം നടന്ന ട്രെയിനില്‍ നിന്ന് ഭയചകിതരായി എടുത്ത് ചാടിയവരുടെ മൃതദേഹങ്ങളാണ് കോരപ്പുഴ പാളത്തില്‍ നിന്ന് ലഭിച്ചതെന്ന് സ്ഥിരീകരണം. എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് ലഭിച്ചത് കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി റഹ്‌മത്തിന്റേയും സഹോദരിയുടെ മകള്‍ രണ്ട് വയസുകാരി സഹറ എന്നിവരുടേയും മൃതദേഹങ്ങളാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. ഒരു പുരുഷന്റെ മൃതദേഹം കൂടി ഇതേസ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം ആരാണെന്ന് ഇതുവരെ പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
പെട്രോള്‍ ആക്രമണം ഭയന്ന് ട്രെയിനില്‍ നിന്ന് റഹ്‌മത്തും കുഞ്ഞും എടുത്ത് ചാടിയെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അയല്‍വാസി റാഫിക്കാണ് അമ്മയേയും കുഞ്ഞിനേയും കാണാനില്ലെന്ന വിവരം ആദ്യം സഹയാത്രികരേയും അധികൃതരേയും അറിയിക്കുന്നത്. അജ്ഞാതന്റെ ആക്രമണത്തില്‍ ഇദ്ദേഹത്തിനും പരുക്കേറ്റിരുന്നു. പൊള്ളിയ കാലുകളുമായി ചികിത്സയ്ക്ക് പോകാന്‍ പോലും തയാറാകാതെ ഇദ്ദേഹം റഹ്‌മത്തിനും കുഞ്ഞിനും വേണ്ടി തിരഞ്ഞു.
നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും റഹ്‌മത്തിന്റെ ഫോണിലേക്ക് പരിഭ്രാന്തിയോടെ നിരന്തരം ഫോണ്‍ കോളുകളെത്തി. നാട്ടുകാരുടെ ആശങ്ക നിറഞ്ഞ ഒരു ചോദ്യത്തിനും നല്‍കാന്‍ റാഫിക്കിനും കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. അവര്‍ മറ്റൊരു സ്‌റ്റേഷനില്‍ ട്രെയില്‍ കാത്തിരിക്കുകയാകുമെന്ന് പലരും പ്രതീക്ഷിച്ചു. ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ യുവതിയും കുഞ്ഞും സുരക്ഷിതമായി ഏതെങ്കിലും സ്റ്റേഷനില്‍ ഇരിപ്പുണ്ടാകുമെന്ന പ്രതീക്ഷയ്ക്ക് പക്ഷേ അധികം ആയുസുണ്ടായിരുന്നില്ല. മറ്റൊരു ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കില്‍ കിടക്കുന്ന മൂന്ന് മൃതദേഹങ്ങളുടെ അതിദാരുണമായ ആ കാഴ്ച കണ്ടത്. ഇദ്ദേഹം ഉടന്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും പൊലീസും റെയില്‍വേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ കണ്ടെത്തുകയുമായിരുന്നു. അതേസമയം ട്രെയിനില്‍ ആക്രമണം നടത്തിയ അജ്ഞാതനെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.