ന്യൂഡൽഹി | ഒരൊറ്റ ചോദ്യത്തിനു മറുപടി നൽകുന്നതിൽനിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രക്ഷിക്കാനാണ് തന്നെ അയോഗ്യനാക്കിയതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അദാനിയുടെ ഷെൽ കമ്പനികളിൽ ഇരുപതിനായിരം കോടിയുടെ നിക്ഷേപം നടത്തിയത് ആരെന്ന ചോദ്യത്തെ ഭയന്നാണ് ഈ നാടകമെല്ലാം നടത്തുന്നതെന്ന് രാഹുൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഒരൊറ്റ ചോദ്യമാണ് ഞാൻ ഉന്നയിച്ചത്. അദാനിയെ രക്ഷിക്കാൻ ഇരുപതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് എത്തിയത്. ഇത് ആരുടേതാണ്? എവിടെനിന്നാണ്? ഈ ചോദ്യത്തിൽനിന്നു മറുപടി പറയാതിരിക്കാനാണ് അവരുടെ ശ്രമം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മിൽ അടുത്ത ബന്ധമാണ്. ഗുജറാത്തിൽനിന്നു തുടങ്ങിയ ബന്ധമാണത്. താൻ ഈ ബന്ധം പാർലമെന്റിൽ തുറന്നുകാട്ടി. അന്നു മുതലാണ് തനിക്കെതിരായ ഇപ്പോഴത്തെ നീക്കം തുടങ്ങിയതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അയോഗ്യതയും വിദേശത്തെ പ്രസംഗത്തിന്റെ പേരിൽ മന്ത്രിമാർ തനിക്കെതിരെ നടത്തിയ നുണപ്രചാരണവും ഇതിന്റെ ഭാഗമാണ്.
തന്റെ അടുത്ത പ്രസംഗത്തെ പ്രധാനമന്ത്രി ഭയക്കുന്നു. അത് ഒഴിവാക്കാനാണ് ഇതെല്ലാം. ഇതുകൊണ്ടൊന്നും താൻ പിന്നോട്ടുപോവില്ല. ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങളെ രക്ഷിക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് രാഹുൽ പറഞ്ഞു.
‘എനിക്ക് ആരെയും ഭയമില്ല. അവർക്ക് എന്നെ മനസ്സിലായിട്ടില്ല. ഞാൻ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. അയോഗ്യതയും ജയിലും കാണിച്ച് എന്നെ പേടിപ്പിക്കാനാവില്ല’ രാഹുൽ പറഞ്ഞു.