തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ചൂട് കടുക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ. താപനില ഈ മാസം 40 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാം. മാർച്ച് മാസങ്ങളിൽ 38 ഡിഗ്രിവരെ ശരാശരി താപനില ഉയരാറുണ്ട്. എന്നാൽ, കഴിഞ്ഞ വർഷം മാർച്ചിൽ ഇതിനെക്കാൾ ചൂട് കൂടുതലായിരുന്നു. 41 ഡിഗ്രി. ഇക്കൊല്ലം അതിലേക്ക് എത്തില്ലെന്നാണ് പ്രവചനം. തണുപ്പു കാലം ആരംഭിക്കാൻ വൈകിയതാണ് വേനലിന് മുൻപേ പകൽ സമയങ്ങളിൽ ചൂട് കൂടാൻ ഇടയാക്കിയത്. മഴ കുറഞ്ഞതും കാരണമായി. ഇന്നലെ സംസ്ഥാനത്ത് എറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്. 38.4 ഡിഗ്രി. ആഗോള താപനത്തിനൊപ്പം ഹരിതഗൃഹ വാതകങ്ങളുടെ (കാർബൺ ഡയോക്സൈസ്,മീഥൈൻ, നൈട്രസ് ഓക്സൈസ്) അധികമായ പുറന്തള്ളലും അന്തരീക്ഷ താപനില വർദ്ധിക്കുന്നതിന് ഇടയാക്കുന്നുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. ഇടയ്ക്ക് വേനൽമഴ ലഭിച്ചാൽ ചൂടിന് അല്പം ശമനം വരും. എന്നാൽ, അടുത്ത രണ്ടാഴ്ചത്തേക്ക് മഴയ്ക്ക് സാദ്ധ്യതയില്ലെന്ന് കാലാവസ്ഥാ കേന്ദ്രങ്ങൾ പറയുന്നു. അതുകഴിഞ്ഞ് കിട്ടിയേക്കാം.
ഇന്നലെ രേഖപ്പെടുത്തിയ ചൂട്
(ഡിഗ്രി സെൽഷ്യസിൽ)
കണ്ണൂർ........... 38.4
കോട്ടയം........ 36.2
കോഴിക്കോട്.... 35.5
തൃശൂർ.............. 35.5
കൊല്ലം.............. 35
ആലപ്പുഴ............ 35
പാലക്കാട്.... 33.6
തിരുവനന്തപുരം... 34.4
മാർച്ചിലെ ചൂട് കഴിഞ്ഞ 4 വർഷം
(വർഷം, ചൂട്, കൂടുതൽ അനുഭവപ്പെട്ട ജില്ല)
2019........... 41 ഡിഗ്രി, പാലക്കാട്
2020...........39, പാലക്കാട്
2021...........37, കണ്ണൂർ
2022...........41.2, പാലക്കാട്