Type Here to Get Search Results !

രാജ്യത്ത് കാന്‍സര്‍ വ്യാപിക്കും! മൂന്ന് വര്‍ഷത്തിനുള്ളില്‍ 12.7% വര്‍ധന, കാരണമിതെന്ന് ICMR



അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് കാന്‍സര്‍ കേസുകള്‍ അതിവേഗം വര്‍ധിക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). 2025 ഓടെ കാന്‍സര്‍ കേസുകളില്‍ 12.7 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് പ്രവചനം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ കണക്കിലെടുത്താണ് വിദഗ്ധര്‍ ഇത് അവകാശപ്പെടുന്നത്.


ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ICMR) കണക്കനുസരിച്ച്, 2020-ല്‍ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 13.92 ലക്ഷം (ഏകദേശം 14 ലക്ഷം) കാന്‍സര്‍ കേസുകള്‍ ഉണ്ടായിരുന്നു. ഇത് 2021-ല്‍ 14.26 ലക്ഷമായി വര്‍ദ്ധിച്ചു. 2022ല്‍ കേസുകളുടെ എണ്ണം വര്‍ധിച്ച് 14.61 ലക്ഷത്തിലെത്തി.


*രോഗം പടരാനുള്ള പ്രധാന കാരണങ്ങള്‍*


ഹൃദ്രോഗങ്ങളും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും മാത്രമല്ല, കാന്‍സര്‍ കേസുകളും രാജ്യത്ത് വര്‍ധിച്ചുവരുന്നതായി വിദഗ്ധര്‍ പറയുന്നു. പ്രായം, ജീവിതശൈലി മാറ്റങ്ങള്‍, വ്യായാമക്കുറവ്, പോഷകസമൃദ്ധമായ ഭക്ഷണക്രമം തുടങ്ങി പല ഘടകങ്ങളും കാന്‍സറിന്റെ വര്‍ദ്ധിച്ചുവരുന്ന വ്യാപനത്തിന് കാരണമാകുന്നു. രോഗലക്ഷണങ്ങളെക്കുറിച്ചുള്ള പൂര്‍ണ്ണമായ വിവരങ്ങള്‍ പലപ്പോഴും ആളുകള്‍ക്ക് ലഭ്യമല്ല. ഇത് കാരണം രോഗം കൃത്യസമയത്ത് കണ്ടെത്താനാകുന്നില്ല. ചികിത്സയും വൈകുന്നു. നേരത്തെയുള്ള ചികിത്സ ലഭിക്കാത്തതിനാല്‍ രോഗം ഗുരുതരമായ പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ കാന്‍സറിനെ കുറിച്ചുള്ള അവബോധം ജനങ്ങളില്‍ എത്തിക്കേണ്ടത് വളരെ പ്രധാനമാണ്.


*പുരുഷന്മാരില്‍ ഏറ്റവും സാധാരണമായ കന്‍സര്‍*


കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായ, ശ്വാസകോശ അര്‍ബുദം റിപ്പോര്‍ട്ട് ചെയ്തത് പുരുഷന്മാരിലാണ്. അതേസമയം, സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ സ്തനാര്‍ബുദവും ഗര്‍ഭാശയ അര്‍ബുദവുമാണ്.


ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ICMR നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് ഇന്‍ഫോര്‍മാറ്റിക്സ് ആന്‍ഡ് റിസര്‍ച്ച് (NCDIR) പ്രകാരം 2015 മുതല്‍ 2022 വരെ എല്ലാത്തരം കാന്‍സര്‍ കണക്കുകളിലും ഏകദേശം 24.7 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് രക്ത സംബന്ധമായ കാന്‍സറായ ലിംഫോയ്ഡ് ലുക്കീമിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അര്‍ബുദം തടയാന്‍, അതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണം ആവശ്യമാണ്.


*ഈ രോഗം എങ്ങനെ ഒഴിവാക്കാം*


''വാര്‍ദ്ധക്യം, കുടുംബ ചരിത്രം, ജനിതകശാസ്ത്രം, പൊണ്ണത്തടി, പുകയില ഉപയോഗം, മദ്യപാനം, ഹ്യൂമന്‍ പാപ്പിലോമ വൈറസ് (HPV) പോലുള്ള വൈറല്‍ അണുബാധകള്‍, പരിസ്ഥിതിയിലെ രാസവസ്തുക്കള്‍, മലിനീകരണം, ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികളുമായുള്ള സമ്പര്‍ക്കം. സൂര്യനുമായുള്ള സമ്പര്‍ക്കം, മോശം ഭക്ഷണക്രമം, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം, ചില ഹോര്‍മോണുകളും ബാക്ടീരിയകളും ഈ ഭയാനകമായ രോഗം പടരാനുള്ള കാരണങ്ങളാണ്', കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ ഓങ്കോളജിസ്റ്റും ഹെമറ്റോണ്‍കോളജിസ്റ്റുമായ ഡോ. സുഹാസ് ആഗ്രെ പറയുന്നു. രോഗം ഒഴിവാക്കാന്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് ആവശ്യമാണ്.


'ഇന്ത്യയില്‍ കാന്‍സര്‍ കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കാന്‍സര്‍ പ്രായമായവരെയോ മുതിര്‍ന്നവരെയോ മാത്രമല്ല, യുവാക്കളെയും അതിന്റെ പിടിയിലാക്കുന്നു. യഥാസമയം കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ രോഗി മരിക്കുന്നു. ഇന്ത്യയില്‍ പുരുഷന്മാരില്‍ ഏറ്റവും സാധാരണമായ അര്‍ബുദങ്ങള്‍ ഓറല്‍, ശ്വാസകോശം, തല, പ്രോസ്റ്റാറ്റിക് ക്യാന്‍സര്‍ എന്നിവയാണ്. അതേസമയം സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് സ്തനാര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം എന്നിവയാണ്', ജെയിന്‍ മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. തന്‍വീര്‍ അബ്ദുള്‍ മജീദ് പറയുന്നു.


'പല അര്‍ബുദങ്ങളും സ്ത്രീകളില്‍ ഭയാനകമാംവിധം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പുരുഷന്മാരില്‍ ഏറ്റവും സാധാരണമായ ക്യാന്‍സറുകള്‍ വായ, ശ്വാസകോശം, തൊണ്ട എന്നിവയാണ്. സ്തനാര്‍ബുദവും ഗര്‍ഭാശയഗള ക്യാന്‍സറും സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. ഈ കാന്‍സറുകള്‍ക്ക് സമയബന്ധിതമായ ചികിത്സ നല്‍കിയാല്‍ രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയും.', അദ്ദേഹം പറഞ്ഞു.


കാന്‍സര്‍ ഒഴിവാക്കാന്‍ പുകയില, മദ്യം എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സുഹാസ് ആഗ്രെ പറയുന്നു. സമീകൃതാഹാരം കഴിക്കുക, ദിവസവും വ്യായാമം ചെയ്യുക. ഹെപ്പറ്റൈറ്റിസ് ബി, ഹ്യൂമന്‍ പാപ്പിലോമ വൈറസ് (HPV) എന്നിവയ്ക്ക് വാക്സിനേഷന്‍ എടുക്കുക എന്നിവയ്‌ക്കൊപ്പം പതിവ് പരിശോധനയും മലിനീകരണത്തില്‍ നിന്ന് അകന്നുനില്‍ക്കുന്നതും പ്രധാനമാണ്. കുടുംബ ചരിത്രത്തില്‍ ആര്‍ക്കെങ്കിലും ഈ രോഗം ഉണ്ടെങ്കില്‍, ആ കുടുംബാംഗങ്ങള്‍ ഉടന്‍ തന്നെ സ്വയം പരിശോധനയ്ക്ക് വിധേയരാകണം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad