Type Here to Get Search Results !

സഞ്ചരിക്കുന്ന നറുക്കെടുപ്പ് യന്ത്രം ഓരോ ജംഗ്ഷനിലുമെത്തും, ജനങ്ങൾക്കിടയിൽ വച്ച് അവർ നോക്കി നിൽക്കേ നറുക്കെടുപ്പ് നടക്കും, സമ്മാനങ്ങളുടെ എണ്ണത്തിലും വർദ്ധനവ്: ലോട്ടറി നറുക്കെടുപ്പ് സുതാര്യവും ജനകീയവുമാകുന്നു

 


നറുക്കെടുപ്പിൽ സുതാര്യത വരുത്തുന്ന നീക്കങ്ങളുമായി ലോട്ടറി വകുപ്പിൻ്റെ രംഗപ്രവേശം. നറുക്കെടുപ്പിനെ കുറിച്ചും സമ്മാന വിതരണങ്ങളെ കുറിച്ചും വ്യാജ പ്രചരണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ലോട്ടറി വകുപ്പ് അപ്രതീക്ഷിത നടപടികളുമായി രംഗത്തെത്തുന്നത്. നിലവിൽ നടക്കുന്ന ലോട്ടറി നറുക്കെടുപ്പ് യൂട്യൂബിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും ടെലികാസ്റ്റ് ചെയ്യുന്നുണ്ടെങ്കിലും വീണ്ടും ഇക്കാര്യത്തിൽ സുതാര്യത വരുത്താനുള്ള നീക്കങ്ങളാണ് ലോട്ടറി വകുപ്പ് കെെക്കൊണ്ടിരിക്കുന്നത്. ടൗണുകളും ജംഗ്ഷനുകളും കേന്ദ്രീകരിച്ച് ആൾക്കൂട്ടത്തിനിടയിൽ വച്ച് നറുക്കെടുപ്പ് നടത്താനുള്ള നീക്കങ്ങൾ അന്തമഘട്ടത്തിലാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. 


ഇനിവരുന്ന മൂന്നു മാസങ്ങൾക്കുള്ളിൽ കേരള സംസ്ഥാന ലോട്ടറിയുടെ നറുക്കെടുപ്പുകളിൽ വലിയ മാറ്റങ്ങളാണ് വരാൻ പോകുന്നതെന്ന് സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ ടിബി സുബെെർ ഇന്ത്യാ ടുഡേയോട് വ്യക്തമാക്കി. സഞ്ചരിക്കുന്ന നറുക്കെടുപ്പ് വാഹനം ഇനിമുതൽ ജനങ്ങൾ കൂടുന്നിടത്ത് എത്തും. ജനങ്ങൾക്കിടയിൽ വച്ച് അവർ നോക്കി നിൽക്കേ നറുക്കെടുപ്പ് നടക്കും. നറുക്കെടുപ്പിൽ സുതാര്യത വരുത്തണമെന്നുള്ള തീരുമാനങ്ങളുടെ ഭാഗമാണ് പുതിയ നീക്കങ്ങളെന്നും ടിബി സുബെെർ പറഞ്ഞു. മൂന്നു മാസങ്ങൾക്കുള്ളിൽ നറുക്കെടുപ്പ് ഈ രീതിയിലേക്ക് മാറ്റി ക്രമീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 


സഞ്ചരിക്കുന്ന നറുക്കെടുപ്പ് മിഷ്യനാണ് ലോട്ടറി വകുപ്പ് രംഗത്തിറക്കുന്നത്. ഒരു വാഹനത്തിൻ്റെ പിന്നിൽ ഘടിപ്പിച്ച ലോട്ടറി മിഷ്യൻ കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിക്കും. ഓരോ ദിവസവും ഓരോ ജില്ലകളിലായിരിക്കും മിഷ്യനും വാഹനവും എത്തുക. എത്തുന്ന സ്ഥലത്ത് ജനക്കൂട്ടത്തിന് നടുവിൽ വച്ച് ഓരോ ദിവസവും നറുക്കെടുപ്പ് നടക്കും. ജനങ്ങൾ നോക്കി നിൽക്കേ സമ്മാനാർഹരെ അറിയാൻ കഴിയും. ഇത്തരം നീക്കങ്ങളിലൂടെ ഭാഗ്യക്കുറി നറുക്കെടുപ്പിൽ സുതാര്യത കടന്നുവരുമെന്നും നറുക്കെടുപ്പിനും സമ്മാന പ്രഖ്യാപനത്തിനും എതിരെ നടക്കുന്ന ആരോപണങ്ങളുടെ മുനയൊടിക്കാൻ ഈ നീക്കങ്ങൾക്കു കഴിയുമെന്നും ടിബി സുബെെർ വ്യക്തമാക്കി. 


നറുക്കെടുപ്പ് മിഷ്യനുമായി വാഹനം ജില്ലകൾ തോറും ചുറ്റിസഞ്ചരിക്കും. ഓരോ ദിനവും ഓരോ ജില്ലകളിൽ വാഹനം എത്തുന്ന രീതിയിലാണ് കാര്യങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്ന് എറണാകുളത്താണ് നറുക്കെടുപ്പ് എങ്കിൽ നാളെ തൃശൂരായിരിക്കും. അതിൻ്റെ പിറ്റേ ദിവസം പാലക്കാടും. ഇത്തരത്തിൽ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് ലോട്ടറി വകുപ്പെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ കേരള സംസ്ഥാന ലോട്ടറി ജനകീയമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 


മാത്രമല്ല ലോട്ടറി സമ്മാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ പോകുകയാണെന്നും ടിബി സുബെെർ വ്യക്തമാക്കി. എണ്ണം കൂടുന്നതോടെ കൂടുതൽ ജനങ്ങളിലേക്ക് സമ്മാനമെത്തും. ഇതും ലോട്ടറിയെ ജനകീയമാക്കുന്നതിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറച്ചു ദിവസങ്ങൾക്കുള്ളിൽത്തന്നെ വലിയ മാറ്റങ്ങൾ ലോട്ടറി വിൽപ്പനയിലും നറുക്കെടുപ്പിലുമുണ്ടാകുമെന്നും കൂടുതൽ ജനങ്ങളിലേക്ക് ലോട്ടറിയും സമ്മാനങ്ങളുമെത്തുന്ന സ്ഥിതിവിശേഷം സംജാതമാകുമെന്നും ടിബി സുബെെർ ഉറപ്പിച്ചു പറയുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad