Type Here to Get Search Results !

എന്താണ് എഥനോൾ മിശ്രിത പെട്രോൾ? E20 ഇന്ധനത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം?തിങ്കളാഴ്ച നടന്ന ‘ഇന്ത്യ എനർജി വീക്ക്’ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇ20 (E20) അതായത് 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ രാജ്യത്ത് അവതരിപ്പിച്ചു. 2025-ഓടെ 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ മിശ്രിതം രാജ്യത്ത് വ്യാപകമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്താണ് E20,ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്?

എന്താണ് എത്തനോൾ മിശ്രിതം?

ഇഥൈൽ ആൽക്കഹോൾ അല്ലെങ്കിൽ എഥനോൾ (C2H5OH) പഞ്ചസാര പുളിപ്പിച്ച് സ്വാഭാവികമായി നിർമ്മിക്കുന്ന ഒരു പ്രകൃതിദത്ത ഇന്ധനമാണ്. കരിമ്പിൽ നിന്ന് പഞ്ചസാര വേർതിരിച്ചെടുത്താണ് ഇത് ഉൽപ്പാദിപ്പിക്കുന്നത്. ചോളം പോലുള്ള മറ്റ് ഭക്ഷ്യധാന്യങ്ങൾ ഉപയോഗിച്ചും ഇത് ഉൽപാദിപ്പിക്കാം.

കാർബൺ കുറയ്ക്കുന്നതിനുള്ള രാജ്യത്തിന്റെ ലക്ഷ്യത്തിന്റെ ഭാഗമായും, ഫോസിൽ ഇന്ധനത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിനായുമാണ് എഥനോൾ ബ്ലെൻഡഡ് പെട്രോൾ (ഇബിപി) എന്ന പദ്ധതി ആരംഭിച്ചത്. നേരത്തെ, ഇ10 സർക്കാർ പ്രഖ്യാപിച്ചിരുന്നു, അതായത്, രാജ്യത്ത് ഉപയോഗിക്കുന്ന പെട്രോളിൽ 10 ശതമാനം എഥനോൾ കലർത്തുന്ന രീതി. എന്നാൽ കഴിഞ്ഞ ദിവസത്തെ ചടങ്ങിൽ പ്രധാനമന്ത്രി 15 നഗരങ്ങളിൽ ഇ20 ലോഞ്ച് ചെയ്തു. വരും മാസങ്ങളിലും വർഷങ്ങളിലുമായി ഇത് ഘട്ടം ഘട്ടമായി രാജ്യത്തുടനീളം വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

എന്തുകൊണ്ട് ഇ20?

കേന്ദ്രം രൂപീകരിച്ച പ്രത്യേക വിദഗ്ധ സമിതിയുടെ റിപ്പോർട്ടായ ‘റോഡ്മാപ്പ് ഫോർ എഥനോൾ ബ്ലെൻഡിംങ് ഇൻ ഇന്ത്യ: 2020-2025’ പ്രകാരം, 2020-21ൽ 551 ബില്യൺ ഡോളറിന്റെ 185 മില്യൺ ടൺ പെട്രോളിയം ഉത്പന്നങ്ങളാണ് ഇന്ത്യയുടെ മൊത്തം ഇറക്കുമതി. എന്നാൽ ഇ20 ഉപയോഗിക്കുന്നതിലൂടെ രാജ്യത്തിന് പ്രതിവർഷം 4 ബില്യൺ ഡോളർ ലാഭിക്കാം. അതായത് ഏകദേശം 30,000 കോടി രൂപ.

മലിനീകരണം കുറവ്

പെട്രോളിനേക്കാൾ കുറഞ്ഞ ചെലവിൽ തത്തുല്യമായ കാര്യക്ഷമത ഇത് വാഗ്ദാനം ചെയ്യുന്നു. കൃഷിയോഗ്യമായ ഭൂമിയുടെ ലഭ്യത, ഭക്ഷ്യധാന്യങ്ങളുടെയും കരിമ്പിന്റെയും ഉയർന്ന ഉൽപാദനം, സസ്യാധിഷ്ഠിത സ്രോതസ്സുകളിൽ നിന്ന് എഥനോൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ, വാഹനങ്ങൾ എത്തനോൾ കലർന്ന പെട്രോൾ ഉപയോഗിക്കുന്നതിന് അനുസൃതമായി നിർമ്മിക്കുന്നത് ഇവയൊക്കെ ഇ20യുടെ ആവശ്യകത വർധിപ്പിക്കുന്നു.

എഥനോൾ കലർന്ന പെട്രോളിന്റെ സുരക്ഷിതവും ഫലപ്രദവുമായ ഉപയോഗത്തിന് അനുകൂലമായ വ്യാപാര വ്യവസ്ഥ സ്ഥാപിക്കാൻ ഗവൺമെന്റിന്റെ വിവിധ ഏജൻസികൾ നീക്കങ്ങൾ നടത്തുന്നുണ്ടെന്നും എണ്ണ വിപണന കമ്പനികൾ ഘട്ടം ഘട്ടമായുള്ള പദ്ധതികൾ ഇതിനായി തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിന് സമാനമായ പദ്ധതികൾ തയാറാക്കുമെന്ന് വാഹന നിർമ്മാതാക്കൾ ഉറപ്പ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഗവേഷണവും വികസനവും

2014-ൽ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം (IIP), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (R&D) എന്നിവ ഡിപ്പാർട്ട്മെന്റ് ഓഫ് ഹെവി ഇൻഡസ്ട്രിയുടെ (ഡിഎച്ച്ഐ) ധനസഹായത്തോടെ നിലവിൽ ഉപയോഗത്തിലുള്ള വാഹനങ്ങളിൽ 20% എഥനോൾ-ഗ്യാസോലിൻ മിശ്രിതം(ഇ20) എത്രത്തോളം അനുയോജ്യമാണെന്ന് പഠിച്ചിരുന്നു. മെറ്റീരിയൽ കോംപാറ്റിബിലിറ്റി ടെസ്റ്റുകളിൽ ലോഹങ്ങൾക്കും മെറ്റൽ കോട്ടിംഗുകൾക്കും ഇ20 ഉപയോഗിക്കുന്നത് പ്രശ്‌നമുണ്ടാക്കില്ലെന്ന് കണ്ടെത്തിയിരുന്നു.

സാധാരണ ഗ്യാസോലിനുമായി താരതമ്യപ്പെടുത്തുമ്പോൾ ഇ20 ഉപയോഗിക്കുമ്പോൾ വാഹനത്തിന്റെ കാര്യക്ഷമത 20% വരെ മെച്ചപ്പെടുത്താൻ കഴിയുമെന്ന് മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും (എംഐടി) ഹോണ്ട ആർ ആൻഡ് ഡിയും നടത്തിയ സംയുക്ത പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇ20 ഇന്ധനത്തിനായി ഒപ്റ്റിമൈസ് ചെയ്ത എഞ്ചിൻ കാർബൺ പുറന്തള്ളുന്നത് 5% കുറയ്ക്കുന്നതായി ഫോർഡ് മോട്ടോർ കമ്പനി നടത്തിയ പരീക്ഷണത്തിൽ കണ്ടെത്തി.

പരിസ്ഥിതി സൗഹൃദം

എഥനോൾ കലർന്ന ഗ്യാസോലിൻ ഉപയോഗിക്കുന്നത് കാർബൺ മോണോക്‌സൈഡ് (CO), ഹൈഡ്രോകാർബൺസ് (HC), ഓക്‌സൈഡ്‌സ് ഓഫ് നൈട്രജൻ (NOx) തുടങ്ങിയ വാതക പുറന്തള്ളൽ കുറയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

‘ഇ 20 ഇന്ധനം ഉപയോഗിക്കുമ്പോൾ കാർബൺ മോണോക്‌സൈഡ് പുറന്തള്ളുന്നത് കുറവാണെന്ന് കണ്ടെത്തി. ഇരുചക്രവാഹനങ്ങളിൽ 50% കുറവ്, നാലുചക്രവാഹനങ്ങളിൽ 30% കുറവ് എന്നിങ്ങനെയാണ് കണ്ടെത്തിയിരിക്കുന്നത്. സാധാരണ ഗ്യാസോലിനുമായി താരതമ്യപ്പെടുത്തുമ്പോൾ എത്തനോൾ മിശ്രിതം ഉപയോഗിക്കുന്നത് വഴി ഹൈഡ്രോകാർബൺ പുറന്തള്ളൽ 20% കുറക്കുന്നുവെന്നും’ പഠനങ്ങൾ വ്യക്തമാക്കുന്നു.

പ്രത്യാഘാതങ്ങൾ

ഇത്തരം ഇന്ധനത്തിന്റെ ഉപയോഗം കൊണ്ടുള്ള ചില പ്രത്യാഘാതങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. പ്രാഥമികമായി ഇത് ഉപഭോക്താവ്, വാഹന നിർമ്മാതാക്കൾ, ഘടക നിർമ്മാതാക്കൾ എന്നിവരെയാണ് ബാധിക്കുന്നത്. ഉപഭോക്താക്കളെ രണ്ട് തരത്തിലാണ് ഇതിന്റെ പ്രത്യാഘാതങ്ങൾ ബാധിക്കുന്നത്:

ഇന്ധനക്ഷമത : ഇ20 ഇന്ധനം ഉപയോഗിക്കുമ്പോൾ നാലുചക്ര വാഹനങ്ങൾക്ക് ഏകദേശം 6-7% ഇന്ധനക്ഷമത കുറയും. എന്നാൽ എഞ്ചിനുകളിൽ വരുത്തുന്ന മാറ്റത്തിലൂടെ മിശ്രിത ഇന്ധനം മൂലമുള്ള കാര്യക്ഷമതയിലുണ്ടാകുന്ന നഷ്ടം കുറയ്ക്കാനാകും.

സ്റ്റാർട്ടബിലിറ്റി: ഈ ഇന്ധനം ഉപയോഗിച്ച് ചൂടും തണുപ്പും ഉള്ള സാഹചര്യങ്ങളിൽ സ്റ്റാർട്ടബിലിറ്റി, ഡ്രൈവബിലിറ്റി ടെസ്റ്റുകൾ വിജയിച്ചതായാണ്ഫലങ്ങൾ സൂചിപ്പിക്കുന്നു. ഒരു ഘട്ടത്തിലും ഗുരുതരമായ തകരാർ നിരീക്ഷിക്കപ്പെട്ടിട്ടില്ല.

വാഹന നിർമ്മാതാക്കൾക്ക് അനുയോജ്യമായ വാഹനങ്ങൾ നിർമ്മിക്കുന്നതിന് ഉൽപ്പാദനത്തിൽ ഇനിപ്പറയുന്ന മാറ്റങ്ങൾ ആവശ്യമാണ്:

എഞ്ചിനുകളും വാഹനഘടകങ്ങളും ഇ20 ഇന്ധനമായി ഉപയോഗിച്ച് പരീക്ഷിക്കുകയും കാലിബ്രേറ്റ് ചെയ്യുകയും വേണം. ഇ20 ന് അനുയോജ്യമായ അധിക ഘടകങ്ങളുടെ സംഭരണം ഉറപ്പാക്കണം. ആവശ്യമായ എല്ലാ ഘടകങ്ങളും രാജ്യത്ത് ലഭ്യമാക്കാൻ കഴിയണം. അസംബ്ലി ലൈനിൽ കാര്യമായ മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ല.

വാഹന ഘടക നിർമ്മാതാക്കൾ ശ്രദ്ധിക്കേണ്ടത് ഇ10ൽ നിന്ന് ഇ20ലേക്ക് മാറുമ്പോൾ ഘടകങ്ങളിൽ വലിയ മാറ്റമൊന്നും ഉണ്ടാകില്ല. പിസ്റ്റൺ റിങ്, പിസ്റ്റൺ ഹെഡ്സ്, സീലുകൾ, ഇന്ധന പമ്പുകൾ തുടങ്ങിയവയുടെ മെറ്റീരിയലിൽ മാറ്റങ്ങളുണ്ടാകും, ഇവയെല്ലാം രാജ്യത്ത് ഉൽപ്പാദിപ്പിക്കാം.

ഇത്രയധികം എത്തനോൾ എങ്ങനെ ഉത്പാദിപ്പിക്കും?

രാജ്യത്തെ എഥനോൾ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനായി, 2018 ജൂലൈയിലും 2019 മാർച്ചിലും സർക്കാർ ശർക്കരപ്പാവ് അധിഷ്ഠിത ഡിസ്റ്റിലറികൾക്കായി രണ്ട് പലിശ ഇളവ് പദ്ധതികൾ വിജ്ഞാപനം ചെയ്തിരുന്നു. പുതിയ ഡിസ്റ്റിലറികൾ സ്ഥാപിക്കുന്നതിനും നിലവിലുള്ള ഡിസ്റ്റിലറികളുടെ വിപുലീകരണത്തിനുമായി 368 പദ്ധതികൾക്ക് ഡിഎഫ്പിഡി അംഗീകാരം നൽകി. ഇതുവരെ 70 പഞ്ചസാര മില്ലുകൾക്ക് ഏകദേശം 3,600 കോടി രൂപയുടെ വായ്പകൾ ബാങ്കുകൾ അനുവദിച്ചിട്ടുണ്ട്.102 കോടി ലിറ്റർ ശേഷി സൃഷ്ടിക്കുന്ന 31 പദ്ധതികൾ പൂർത്തീകരിക്കുകയും ചെയ്തു. രാജ്യത്ത് എഥനോൾ ശുദ്ധീകരണ ശേഷി വർധിപ്പിക്കാൻ ഡിഎഫ്പിഡി ഇത്തരത്തിൽ നിരവധി ശ്രമങ്ങൾ നടത്തുന്നുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad