Type Here to Get Search Results !

ട്വിറ്റര്‍ ബ്ലൂ ഇന്ത്യയില്‍ അവതരിപ്പിച്ചു; കാശ് കൊടുത്ത് ബ്ലൂടിക്ക് വാങ്ങാം



ന്യൂഡല്‍ഹി: ട്വിറ്ററിലെ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ സേവനമായ ട്വിറ്റര്‍ ബ്ലൂ ഇനി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കും പ്രയോജനപ്പെടുത്താം. ഉപഭോക്താക്കളുടെ പ്രൊഫൈലിന്റെ പേരിന് നേരെ ബ്ലൂടിക്ക് ലഭിക്കുന്നതിനൊപ്പം അധിക ഫീച്ചറുകളും ഈ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്ക് ലഭിക്കും. ഒപ്പം പുതിയ ഫീച്ചറുകള്‍ ആദ്യം ഉപയോഗിക്കുകയും ചെയ്യാം. 

ഐഓഎസ്, ആന്‍ഡ്രോയിഡ് ആപ്പുകളില്‍ ട്വിറ്റര്‍ ബ്ലൂ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഐഓഎസ്, ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് 900 രൂപയാണ് ട്വിറ്റര്‍ ബ്ലൂ സ്ബ്‌സ്‌ക്രിപ്ഷന്റെ പ്രതിമാസ നിരക്ക്. എന്നാല്‍ ട്വിറ്റര്‍ വെബ് ഉപഭോക്താക്കള്‍ക്ക് 650 രൂപയ്ക്ക് ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും. 

6800 രൂപയുടെ വാര്‍ഷിക സബ്‌സ്‌ക്രിപ്ഷനും ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. അങ്ങനെ ചെയ്യുമ്പോള്‍ പ്രതിമാസം 566 രൂപയായിരിക്കും നിരക്ക്. എന്നാല്‍ ഈ പ്ലാന്‍ ട്വിറ്റര്‍ വെബ്ബ് ഉപഭോക്താവിന് മാത്രമേ ലഭിക്കൂ. 

യുഎസില്‍ ആന്‍ഡ്രോയിഡ്, ഐഓഎസ് ഉപഭോക്താക്കള്‍ക്ക് ട്വിറ്റര്‍ ബ്ലൂവിന് 11 ഡോളറാണ് (907.94) പ്രതിമാസ നിരക്ക്. വെബ് ഉപഭോക്താവിന് എട്ട് ഡോളറും (660.32). യുഎസിലെ നിരക്കിനോട് ചേര്‍ന്ന് നില്‍ക്കുന്ന തുക തന്നെയാണ് ഇന്ത്യയിലും ഈടാക്കുന്നത്. 

മുമ്പ് സൗജന്യമായാണ് ട്വിറ്റര്‍ ബ്ലൂടിക്ക് നല്‍കിയിരുന്നത്. പ്രമുഖ വ്യക്തികളുടെയും, സ്ഥാപനങ്ങളുടേയും മറ്റും പേരിലുള്ള യഥാര്‍ത്ഥ അക്കൗണ്ട് തിരിച്ചറിയുന്നതിനുള്ള അടയാളം എന്ന നിലയിലാണ് ഇത് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പണം നല്‍കുന്ന ആര്‍ക്കും ബ്ലൂ ടിക്ക് നേടാനാവും. അക്കൗണ്ടിന്റെ വിശ്വാസ്യത എന്നതിലുപരി ട്വിറ്ററിന്റെ അധിക സൗകര്യങ്ങള്‍ ഉപയോഗിക്കാനുള്ള സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ എന്ന നിലയിലാണ് ഇപ്പോൾ ട്വിറ്റര്‍ ബ്ലൂടിക്ക് സംവിധാനം പ്രവര്‍ത്തിക്കുന്നത്. 

ട്വിറ്റര്‍ ബ്ലൂ വരിക്കാര്‍ക്ക് 4000 കാരക്ടറുകളില്‍ ട്വീറ്റുകള്‍ എഴുതാം. മറ്റുള്ളവര്‍ക്ക് 280 കാരക്ടറുകളാണ്. 60 മിനിറ്റ് ദൈര്‍ഘ്യമുള്ള രണ്ട് ജിബി വരെ വലിപ്പമുള്ള വീഡിയോകള്‍ അപ് ലോഡ് ചെയ്യാനും സാധിക്കും. 

ഇന്ത്യയെ കൂടാതെ, യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസീ ലാന്‍ഡ്, സൗദി അറേബ്യ, യുകെ, ജപ്പാന്‍, ജര്‍മനി, ഫ്രാന്‍സ് ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം പുതിയ ട്വിറ്റര്‍ ഉപഭോക്താവിന് 90 ദിവസത്തിന് ശേഷം മാത്രമേ ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ നേടാനാവൂ.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad