Type Here to Get Search Results !

ഒരു മാസം പഞ്ചസാര ഉപേക്ഷിച്ചാല്‍ എന്ത് മാറ്റമാണ് ഉണ്ടാവുക?



വണ്ണം കൂടുതലുള്ളവരാണ് അധികവും ഡയറ്റില്‍ കാര്യമായ ജാഗ്രത പാലിക്കാറ്. ആരോഗ്യത്തെ ചൊല്ലി ആശങ്കയുള്ളവരും ഡയറ്റില്‍ ശ്രദ്ധ വയ്ക്കാറുണ്ട്. ഇത്തരക്കാരാണ് പ്രധാനമായും ഡയറ്റില്‍ നിന്ന് മധുരത്തെ പാടെ ഒഴിച്ചുനിര്‍ത്തുകയോ പരമാവധി നിയന്ത്രിക്കുകയോ ചെയ്യാറ്. പ്രമേഹമുള്ളവരും മധുരം കഴിയുന്നതും ഒഴിവാക്കാറുണ്ട്.  എന്നാല്‍ ഭക്ഷണ-പാനീയങ്ങളില്‍ നിന്ന് പഞ്ചസാര, അല്ലെങ്കില്‍ മധുരം ഒഴിച്ചുനിര്‍ത്തിയാല്‍ എന്താണ് ഗുണം? എന്ത് മാറ്റമാണ് ഇത് ശരീരത്തില്‍ ഉണ്ടാക്കുക? പലര്‍ക്കും സത്യത്തില്‍ ഇതിന്‍റെ ഉത്തരം കൃത്യമായി അറിയില്ല എന്നതാണ് സത്യം. മധുരം മാറ്റിനിര്‍ത്തിയാല്‍ നിങ്ങളില്‍ കാണുന്ന മാറ്റങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.  മധുരമെന്നത് പഞ്ചസാര മാത്രമല്ല. നാം കഴിക്കുന്ന പല ഭക്ഷണത്തിലും മധുരം അടങ്ങിയിട്ടുണ്ട്. പലഹാരങ്ങള്‍, സ്വീറ്റ്സ്, മറ്റ് പാനീയങ്ങള്‍ (ബോട്ടില്‍ഡ് ഡ്രിംഗ്സ്) മുതല്‍ പഴങ്ങളില്‍ വരെ മധുരമടങ്ങിയിട്ടുണ്ട്. ഇങ്ങനെ പല രീതിയില്‍ ശരീരത്തിലേക്ക് മധുരമെത്താം.  ഈ വഴികളെയെല്ലാം പരമാവധി നിയന്ത്രിക്കുകയോ അകറ്റിനിര്‍ത്തുകയോ ചെയ്താല്‍ ആദ്യം തന്നെ നിങ്ങളില്‍ വന്നേക്കാവുന്ന മാറ്റം മറ്റൊന്നുമല്ല, വണ്ണം കുറയല്‍ തന്നെയാണ്. കാരണം മധുരത്തിലൂടെ അത്രമാത്രം കലോറി ശരീരത്തിലെത്തുന്നുണ്ട്. ഇതൊഴിവാകുമ്പോള്‍ ആദ്യം അത് വണ്ണം കുറയ്ക്കുക തന്നെയാണ് ചെയ്യുക.  ഇതിന് പുറമെ ടൈപ്പ്-2 പ്രമേഹത്തിനുള്ള സാധ്യത കുറയുന്നു. പ്രമേഹമുള്ളവരാണെങ്കില്‍ അത് നല്ലരീതിയില്‍ നിയന്ത്രിച്ചുനിര്‍ത്താനും സാധിക്കും. അല്ലാത്തവരിലാണ് പ്രമേഹസാധ്യത കുറയ്ക്കാൻ ഇത് സഹായിക്കുന്നത്.  ഇവയ്ക്ക് പുറമെ മധുരം ഭക്ഷണ-പാനീയങ്ങളില്‍ നിന്ന് കുറയ്ക്കുന്നതോടെ നമ്മുടെ ഊര്‍ജ്ജം പൊതുവില്‍ വര്‍ധിക്കുന്നു. മധുരം രക്തത്തിലെ ഗ്ലൂക്കോസ് നില വര്‍ധിപ്പിക്കുന്നതോടെ ക്ഷീണമാണ് ശരിക്കും നമുക്ക് അനുഭവപ്പെടുക. ഇതാണ് മധുരമൊഴിവാക്കുന്നതോടെ കൂട്ടത്തില്‍ ഒഴിവായിപ്പോകുന്നത്.  ഹൃദയാരോഗ്യത്തെ ഭീഷണിയിലാക്കുന്നൊരു ഘടകമാണ് റിഫൈൻഡ് ഷുഗര്‍ അഥവാ പല ഭക്ഷണപദാര്‍ത്ഥങ്ങളിലും ചേര്‍ക്കുന്ന പ്രോസസ് ചെയ്ത മധുരം. മധുരം അധികമാകുമ്പോള്‍ പ്രമേഹത്തിനൊപ്പം തന്നെ ബിപി, കൊളസ്ട്രോള്‍ സാധ്യതയും കൂടുന്നു. ഇവ ഹൃദയത്തെയാണ് പ്രതികൂലസാഹചര്യത്തിലാക്കുന്നത്. മധുരമൊഴിവാക്കുമ്പോള്‍ പരോക്ഷമായി ഹൃദയവും സുരക്ഷിതമാകുന്നത് ഇങ്ങനെയാണ്.  വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മധുരമൊഴിവാക്കുന്നത് സഹായിക്കും. കാരണം മധുരം കാര്യമായ അളവില്‍ അകത്തെത്തുമ്പോള്‍  വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകള്‍ ബാധിക്കപ്പെടുന്നു.ഇത് ആകെ ആരോഗ്യത്തെയും ബാധിക്കുന്നു. മധുരമൊഴിവാക്കുമ്പോള്‍ ഈ പ്രശ്നവും ഒഴിവാകുന്നു. അതുപോലെ ദഹനമില്ലായ്മ, ഗ്യാസ്, മലബന്ധം പോലുള്ള അനുബന്ധ പ്രയാസങ്ങളും പരിഹരിക്കാൻ ഇത് സഹായിക്കുന്നു.  എന്നാല്‍ ഒരു മാസം മാത്രം മധുരമൊഴിവാക്കി അടുത്ത ദിവസം മുതല്‍ പഴയ ശീലത്തിലേക്ക് പോയാല്‍ ഇതിന് ഗുണമുണ്ടാകില്ല. മധുരം എങ്ങനെയാണ് നിയന്ത്രിക്കുന്നത് എങ്കില്‍ ഇതേ രീതി തുടര്‍ന്നും പിന്തുടരണം.   

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad