വേനല്‍ കനക്കും മുന്നേ കേരളം കനത്ത ചൂടിലേക്ക്. സംസ്ഥാനത്ത് പലയിടത്തും പകല്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസിന് അടുത്താണ്. മൂന്നുവര്‍ഷങ്ങളിലേക്കാള്‍ കടുത്ത ചൂടാണ് ഇത്തവണ ഫെബ്രുവരി മാസത്തില്‍ അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു.
പാലക്കാട് എരിമയൂരില്‍ ബുധനാഴ്ച 41 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണിത്. വടക്കു ഭാഗത്തു നിന്നുളള ആന്റ്-സൈക്ലോണിക് സര്‍ക്കുലേഷന്റെ ഫലമായാണ് രാത്രിയും, പകലും കാലാവസ്ഥയില്‍ മാറ്റമുണ്ടാകുന്നതെന്നാണ് വിദഗ്ധ അഭിപ്രായം
കടുത്ത വേനല്‍ സംസ്ഥാനത്ത് അനുഭവപ്പെടുക മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 15 വരെയാകും. ഈ കാലയളവില്‍ സൂര്യരശ്മി ലംബമായി കേരളത്തില്‍ പതിക്കുമെന്ന് കുസാറ്റ് അന്തരീക്ഷ ശാസ്ത്ര വിഭാഗം മേധാവി പ്രൊഫസര്‍ അഭിലാഷ് എസ് പറഞ്ഞു. മാര്‍ച്ച് , ഏപ്രില്‍ അവസാനത്തോടെ എല്‍നിനോ അവസ്ഥകള്‍ രൂപപ്പെട്ടേക്കുമെന്നും ഇത് മണ്‍സൂണിനെ ബാധിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു