അൽനസ്റിനൊപ്പം ഗോളടിച്ചും അസിസ്റ്റ് നൽകിയും സൗദി ലീഗിൽ ടീമിലെ അതുല്യ സാന്നിധ്യമായി മാറിയ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പുതിയ വേഷപ്പകർച്ചയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വാർത്ത. സൗദി സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് പാരമ്പര്യ ദേശീയ വേഷത്തിൽ, കൈയിൽ വാളേന്തി മൈതാനമധ്യത്തിൽ നിൽക്കുന്ന ചിത്രവും വിഡിയോയും താരം തന്നെയാണ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്.
മാഞ്ചസ്റ്റർ യുനൈറ്റഡിലായിരുന്ന താരം ഖത്തർ ലോകകപ്പിനു ശേഷമാണ് സൗദി ക്ലബിലെത്തിയത്. പ്രമുഖ ടെലിവിഷൻ അവതാരകൻ പിയേഴ്സ് മോർഗനുമായി നടത്തിയ അഭിമുഖം വിവാദമായതിനു പിന്നാലെയായിരുന്നു ഇംഗ്ലീഷ് ലീഗിൽനിന്ന് പടിയിറക്കം.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകക്ക് സൗദി ലീഗിലെത്തിയ താരം പുതിയ സംസ്കാരവുമായി കൂടുതൽ അടുത്തുനിൽക്കാനുള്ള ശ്രമത്തിലാണ്. ടീമിനൊപ്പം ഇറങ്ങിയ ആദ്യ രണ്ടു കളികളിലും ഗോളടിക്കാൻ മറന്ന താരം അടുത്തിടെ മികച്ച ഫോമിലാണ്. നാലു ഗോളടിച്ചും രണ്ട് മനോഹര അസിസ്റ്റ് നൽകിയും തുടർച്ചയായ രണ്ടു കളികളിൽ കളിയിലെ താരമായി മാറിയ 38കാരനൊപ്പം ലീഗിൽ ഒന്നാം സ്ഥാനത്താണ് അൽനസ്ർ.