സീസണ്‍ സമയങ്ങളില്‍ കോഴി വില വലിയ തോതില്‍ വര്‍ദ്ധിപ്പിക്കുന്ന സ്വകാര്യ ലോബിയുടെ നീക്കങ്ങള്‍ക്ക് തടയിടാനും പൊതുവിപണിയേക്കാള്‍ വില കുറച്ച് കോഴിയിറച്ചി ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ കേരള ചിക്കന്‍ പദ്ധതിയില്‍ കോഴിക്ക് പൊതുവിപണിയേക്കാള്‍ കൂടിയ വില. കേരള ചിക്കന്‍ ഔട്ട് ലെറ്റുകളില്‍ ലൈവ് കോഴിക്ക് കിലോയ്ക്ക് 134 രൂപ നല്‍കണം.
സ്വകാര്യ കടകളില്‍ 126 മുതല്‍ 128 രൂപ വരെയാണ്. സാധാരണഗതിയില്‍ വിപണി വിലയേക്കാള്‍ 15 മുതല്‍ 20 രൂപ വരെ കേരള ചിക്കന് വില കുറയാറുണ്ട്. എന്നാല്‍ കോഴിക്ക് വില വര്‍ദ്ധിച്ച ക്രിസ്മസ്, പുതുവത്സര സീസണുകളില്‍ ഇത്തവണ കേരള ചിക്കനും കൂടിയ വിലയാണ്.
പൊതുവിപണിയേക്കാള്‍ വില കുറവായതിനാല്‍ കേരള ചിക്കന്റെ സ്വീകാര്യത വര്‍ദ്ധിക്കുമ്പോള്‍ സ്വകാര്യ ലോബി വില കുറയ്ക്കാന്‍ നിര്‍ബന്ധിതരാവും. കേരള ചിക്കന്‍ ഔട്ട് ലെറ്റുകളില്ലാത്ത ഇടങ്ങളിലെ വിലയെ പോലും സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
പൊതുവിപണിയിലേക്കാള്‍ വില ഈടാക്കുന്നതിനാല്‍ കേരള ചിക്കന്‍ ഔട്ട് ലെറ്റുകളില്‍ കച്ചവടം കുറഞ്ഞിട്ടുണ്ടെന്ന് ഔട്ട്‌ലെറ്റ് നടത്തിപ്പുകാര്‍. കിലോയ്ക്ക് 14 രൂപയാണ് കമ്മിഷനായി ലഭിക്കുക. കടയുടെ വാടക, തൊഴിലാളികളുടെ കൂലി, കോഴികള്‍ക്കുള്ള തീറ്റ എന്നിവ കമ്മിഷനില്‍ നിന്ന് കണ്ടെത്തണം. കേരള ചിക്കനുള്ള വിലക്കുറവ് മൂലം സീസണുകളില്‍ മികച്ച തോതില്‍ കച്ചവടവും നടന്നിരുന്നു.
2017 നവംബറിലാണ് മൃഗസംരക്ഷണ വകുപ്പ് കെപ്‌കോയുമായി ചേര്‍ന്ന് കേരള ചിക്കന്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. ആഭ്യന്തര ഉപഭോഗത്തിന് ആവശ്യമായ ചിക്കന്റെ പകുതിയെങ്കിലും ഇവിടെ തന്നെ ഉത്പാദിപ്പിക്കുകയും അതുവഴി കുടുംബശ്രീ വനിതകള്‍ക്ക് തൊഴിലും വരുമാനവും ലഭിക്കാന്‍ അവസരം ://. ഒരുക്കുകയുമായിരുന്നു ലക്ഷ്യം. പദ്ധതി ഗുണഭോക്താവായ കുടുംബശ്രീ അംഗത്തിന് ഒരുദിവസം പ്രായമായ 1,000 കോഴി കുഞ്ഞുങ്ങള്‍, തീറ്റ, പ്രതിരോധ വാക്സിന്‍ എന്നിവ കുടുംബശ്രീ മുഖേന നല്‍കും. 45 ദിവസം പ്രായമാവുമ്പോള്‍ കോഴികളെ ഔട്ട്‌ലെറ്റുകളില്‍ എത്തിക്കും. വളര്‍ത്തുകൂലി ഇനത്തില്‍ ശരാശരി അരലക്ഷം രൂപ ലഭിക്കും.