'പത്താൻ' സിനിമയിലെ 'ബേഷരം റംഗ്' എന്ന തുടങ്ങുന്ന ഗാനത്തിനെതിരേ പ്രതിഷേധം. വീര്‍ ശിവജി എന്ന സംഘടന അം ഗങ്ങളാണ് ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലങ്ങൾ കത്തിച്ച് പ്രതിഷേധം നടത്തിയത്. ഗാനത്തിന്റെ ഒരു രംഗത്തിൽ കാവി നിറത്തിലുള്ള ബിക്കിനിയാണ് ദീപിക ധരിച്ചിരിക്കുന്നത്. ഇത് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നാണ് ഇവരുടെ ആരോപണം.വീര്‍ ശിവജി അംഗങ്ങൾ കോലം കത്തിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അടുത്ത വർഷം ജനുവരിയിൽ റിലീസിന് ഒരുങ്ങുന്ന സിനിമ ബഹിഷ്കരിക്കുമെന്നും ഇവർ അറിയിച്ചു.
കഴിഞ്ഞ ദിവസം ഗാനത്തിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും രംഗത്തെത്തിയിരുന്നു. 'ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കില്‍ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല. വളരെ മോശമാണ്, വളരെ മലിനമായ മാനസികാവസ്ഥയില്‍ നിന്നാണ് ഇങ്ങനെ ഒരു പാട്ടെടുക്കുന്നത്', എന്നാണ് നരോത്തം മിശ്രയുടെ ആരോപണം.
ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പത്താന്‍' എന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഷാരൂഖിനും ദീപികയ്ക്കും പുറമെ ജോണ്‍ എബ്രഹാം പത്താനില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സല്‍മാന്‍ ഖാനും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തും. സിദ്ധാര്‍ത്ഥ് ആനന്ദ് ആണ് പത്താന്റെ സംവിധാനം നിര്‍വഹിക്കുന്നത്. യാഷ് രാജ് പ്രൊഡക്ഷന്‍സാണ് ചിത്രം നിർമ്മിക്കുന്നത്.