ദേശീയ പാത 766 ല്‍ രാത്രികാല ഗതാഗത നിരോധന സമയം നീട്ടാന്‍ കര്‍ണാടകയുടെ നീക്കം. വൈകിട്ട് ആറ് മുതല്‍ പുലര്‍ച്ചെ ആറുവരെ നീട്ടാനാണ് കര്‍ണ്ണാടക വനം വകുപ്പിന്റെ നീക്കം.
ചരക്ക് ലോറിയിടിച്ച് കഴിഞ്ഞ ദിവസം കാട്ടാന ചരിഞ്ഞ സംഭവം ഉയര്‍ത്തികാട്ടിയാണ് വനം വകുപ്പിന്റെ നീക്കം. വൈല്‍ഡ് ലൈഫ് ബോര്‍ഡ് തീരുമാനം കേരളത്തിന് കനത്ത തിരിച്ചടിയാവും. അതേസമയം, ഗതാഗത നിയന്ത്രണ സമയ പരിധി നീട്ടണമെന്ന് വൈല്‍ഡ് ലൈഫ് ബോര്‍ഡ് അംഗം ജോസഫ് ഹൂവര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കേരള കര്‍ണാടക അതിര്‍ത്തിയില്‍ മൂലഹള്ളയ്ക്കും മധൂര്‍ ചെക്ക്‌പോസ്റ്റിനും ഇടയില്‍ ഇന്നലെ കാട്ടാന ചരക്കുലോറി ഇടിച്ച് ചരിഞ്ഞിരുന്നു. രാത്രി 9 മണിക്ക് ഗേറ്റ് അടയ്ക്കുന്നതിനു മുമ്പ് വനാതിര്‍ത്തി പിന്നിടാന്‍ അമിതവേഗതയില്‍ എത്തിയ തമിഴ്‌നാട്ടില്‍ നിന്നുള്ള ചരക്ക് ലോറി ഇടിച്ചായിരുന്നു അപകടമുണ്ടായത്.കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയിലെ ബന്ദിപ്പൂര്‍ വനമേഖലയില്‍ 2009ലാണ് രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്തിയത്. ബാവലി വഴിയുള്ള മൈസൂര്‍ മാനന്തവാടി പാതയില്‍ നിലവില്‍ 12 മണിക്കൂര്‍ രാത്രി യാത്ര നിരോധനമാണുള്ളത്. രാത്രിയാത്ര നിരോധനം ഇതേ മാതൃകയില്‍ നടപ്പാക്കിയാല്‍ മാത്രമേ വന്യ മൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയു എന്നാണ് കര്‍ണാടക വനം വകുപ്പിന്റെ നിലപാട്.