തിരുവനന്തപുരം: നിയമസഭയിലെ പോരിനിടെ തിരുവനന്തപുരത്ത് എം.എൽ.എമാർ തമ്മിൽ ഫുട്‌ബോൾ മത്സരം. മന്ത്രി എം.ബി രാജേഷ് നയിച്ച അർജന്റീനയും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിച്ച ബ്രസീലും തമ്മിലായിരുന്നു മത്സരം. 4-2 ന് അർജന്റീന ജയിച്ചു.
അർജന്റീനയ്ക്ക് വേണ്ടി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ടി. സിദ്ദിഖ്, കെ.വി സുമേഷ്, എം. വിജിൻ എന്നിവരും ബ്രസീലിന് വേണ്ടി കെ.ടി ജലീൽ, എം.എസ് അരുൺ കുമാർ എന്നിവരും ഗോൾ നേടി. നിറഞ്ഞുകളിച്ച കെ.വി സുമേഷാണ് മത്സരത്തിലെ താരം. ബ്രസീലിന്റെ ഗോൾവല കാക്കാൻ കോങ്ങാട് എം.എൽ.എ ശാന്തകുമാരിയും കളത്തിലിറങ്ങി.ജയവും തോൽവിയുമല്ല കാര്യം എന്ന് മൽസരശേഷം വി.ഡി സതീശൻ പ്രതികരിച്ചു. ഞാൻ ബ്രസീൽ ആരാധകനാണ്. ഇത് എം.എൽ.എമാർ തമ്മിലുള്ള ബലാബലമല്ല. ബ്രസീലും അർജന്റീനയുമായുള്ള ഫുട്‌ബോൾ ആവേശമാണ്- സതീശൻ പ്രതികരിച്ചു.
മനസുകൊണ്ട് എന്നും അർജന്റീനയ്‌ക്കൊപ്പമാണെന്ന് എം ബി രാജേഷും പറഞ്ഞു. നിയമസഭാംഗങ്ങൾ തമ്മിലുള്ള ഫുട്‌ബോൾ മത്സരത്തിൽ മെമ്പേഴ്‌സ് അർജന്റീനാ ടീമിന്റെ ക്യാപ്റ്റനാകാനുള്ള ക്ഷണം അതിനാൽ തന്നെ ആവേശകരമായിരുന്നു. മെമ്പേഴ്‌സ് കപ്പിലെപ്പോലെ ലോകകപ്പിലും അർജന്റീനയ്ക്ക് ജയിക്കാനാകട്ടെ- രാജേഷ് പറഞ്ഞു.