തവാങിൽ ഇന്നലെ നടന്ന സംഘർഷത്തിന് മുൻപ് ചൈനീസ് ഡ്രോണുകൾ ആകാശമാർഗം അതിർത്തി കടക്കാൻ ശ്രമിച്ചെന്ന് വിവരം. യഥാർത്ഥ നിയന്ത്രണ രേഖയിലേക്ക് കടക്കാനായിരുന്നു ശ്രമം. ഇന്ത്യൻ വ്യോമസേനയുടെ ജെറ്റുകൾ ചൈനീസ് ഡ്രോണുകളെ തകർക്കുകയായിരുന്നു. രണ്ടിലധികം തവണ ഡ്രോണുകൾ യഥാർത്ഥ നിയന്ത്രണ രേഖയ്ക്കടുത്തേക്ക് എത്താൻ ശ്രമിച്ചുവെന്നും തവാങിലെ യാങ്സി മേഖലയിലായിരുന്നു ഇതെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.
വിഷയത്തിൽ രാജ്യസഭയിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്. ലോക്സഭയിലായിരുന്നു ഇന്ന് ഈ വിഷയത്തിൽ ചർച്ച വേണമെന്ന് പ്രതിപക്ഷം ആദ്യം ആവശ്യപ്പെട്ടത്. ബഹളം ശക്തമായതോടെ സഭ 12 മണി വരെ നിർത്തിവെച്ചു. പ്രതിരോധ മന്ത്രി സഭയിലെത്തി പ്രസ്താവന നടത്തുന്നത് വരെയാണ് സഭ നിർത്തിവെച്ചിരിക്കുന്നത്
രാജ്യസഭയിൽ തൃണമൂൽ എംപി ഡെറിക് ഒബ്രയാൻ, കോൺഗ്രസ് എംപി പി ചിദംബരം തുടങ്ങിയവർ ചർച്ച ആവശ്യപ്പെട്ടു. പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയ്ക്ക് മുൻപ് ചർച്ച വേണമെന്നായിരുന്നു ആവശ്യം. പറ്റില്ലെങ്കിൽ പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷം ചർച്ച നടത്തുമോയെന്ന് വ്യക്തമാക്കാൻ സ്പീക്കറോട് പറഞ്ഞു. എന്നാൽ സ്പീക്കർ നിലപാടെടുത്തില്ല. ഇതോടെ ഇപ്പോൾ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയാണ്.
ഇന്ത്യ-ചൈന സൈനിക സംഘർഷത്തെ തുടർന്ന് യഥാർത്ഥ നിയന്ത്രണ രേഖയിൽ അതീവ ജാഗ്രതയിലാണ് സൈന്യം. അരുണാചൽ പ്രദേശ് ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ അതിർത്തി പ്രദേശങ്ങളിൽ ജാഗ്രത വർദ്ധിപ്പിച്ചു. തവാങ് മേഖലയിൽ സംഘർഷത്തിന് എത്തിയ ചൈനീസ് സൈന്യത്തിന്‍റെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ആണികള്‍ തറച്ച മരക്കഷ്ണവും ടേസർ തോക്കുകളും പീപ്പിൾസ് ലിബറേഷൻ ആർമിയുടെ കയ്യില്‍ ഉണ്ടായിരുന്നു. ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഘർഷം നടന്നത്. സൈനികർ തമ്മിൽ പരസ്പരം കല്ലെറിഞ്ഞു. പതിനഞ്ചിലധികം ചൈനീസ് പട്ടാളക്കാർക്ക് പരിക്കേറ്റെന്നാണ് വിവരം.