ദോഹ: രണ്ട് ഉറ്റസുഹൃത്തുക്കള്‍ നേര്‍ക്കുനേരെ പൊരുതാനിറങ്ങുന്നു. അതായിരുന്നു ഫ്രാന്‍സ്-മൊറോക്കോ സെമി ഫൈനലിന്റെ കൗതുകം. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും മൊറോക്കന്‍ റൈറ്റ് ബാക്ക് അക്രഫ് ഹക്കിമിയും പിഎസ്ജിക്ക് വേണ്ടി ഒരുമിച്ച് കളിക്കുന്നവരാണ്.
വാശിയേറിയ മത്സരത്തില്‍ ഫ്രാന്‍സിനെതിരെ മൊറോക്കോക്ക് തോല്‍വിയേറ്റു വാങ്ങേണ്ടി വന്നെങ്കിലും ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നത് ഇവര്‍ക്കിടയിലുള്ള സൗഹൃദത്തിന്റെ ആഴമാണ്. പരാജയപ്പെട്ടതിന്റെ നിരാശയില്‍ ഗ്രൗണ്ടിലിരുന്ന് വിതുമ്പുന്ന ഉറ്റ സുഹൃത്ത് ഹക്കിമിയെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന എംബാപ്പെയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ മനസ്സ് കീഴടക്കുന്നത്.
*https://chat.whatsapp.com/JlBS6Zp6wMN0uCLxt7i7QJ*
ലോകകപ്പില്‍ ഒരു പരാജയം പോലുമില്ലാതെ ഒട്ടും വഴങ്ങാത്ത പ്രതിരോധവുമായി വരുന്ന മൊറോക്കോ, ടൂര്‍ണമെന്റിലെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമനായ കളിക്കാരന്റെ ടീമിനെതിരെ ഇറങ്ങുമ്പോള്‍ എന്തും സംഭവിക്കാമെന്ന അവസ്ഥയായിരുന്നു. ഇത്തവണ എംബാപ്പെയെ തടയാനുള്ള ചുമതല ലഭിച്ചത് താരത്തിന്റെ ഉറ്റസുഹൃത്തായ അക്രഫ് ഹക്കിമിക്കും. എന്നാല്‍ ആവേശകരമായ മത്സരത്തിനൊടുവില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് മൊറോക്കോയെ തകര്‍ത്ത് ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം സെമി ഉറപ്പിക്കുകയാണ് ചെയ്തത്. രണ്ടു ഗോളുകള്‍ക്കും വഴി വെച്ചത് എംബാപ്പെയുടെ മുന്നേറ്റമാണ്. ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമെന്ന നേട്ടവുമായി എത്തിയ മൊറോക്കോയുടെ പരാജയം ആരാധകര്‍ക്കെന്ന പോലെ താരങ്ങള്‍ക്കും വലിയ ആഘാതമായി.
തോല്‍വിഭാരം താങ്ങാനാകാതെ ഗ്രൗണ്ടില്‍ മുഖം പൊത്തി കിടക്കുകയായിരുന്ന ഹക്കിമിയെ ആശ്വസിപ്പിക്കാന്‍ എംബാപ്പെ ഓടിയെത്തി. തളര്‍ന്നിരിക്കുന്ന ഹക്കിമിയെ കൈപിടിച്ചുയര്‍ത്തി കവിളില്‍ തട്ടി ആശ്വസിപ്പിക്കുകയും ചെയ്തു. ഫ്രാന്‍സ് ടീമംഗങ്ങള്‍ വിജയം ആഘോഷിക്കുമ്പോള്‍ എംബാപ്പെ തന്റെ എതിരാളിയെ ആലിംഗനം ചെയ്യുകയായിരുന്നു. 'നീ വിഷമിക്കരുത്. എല്ലാവരും നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുകയാണ്. നീ സൃഷ്ടിച്ചത് ചരിത്രമാണ്.' ഹക്കിമിയെ ആലിംഗനം ചെയ്യുന്ന ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് എംബാപ്പെ കുറിച്ചു. ഇരുവരുടെയും സൗഹൃദത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.