Type Here to Get Search Results !

ജ്യേഷ്ഠന് പകരം ടീമിലെത്തി ഹീറോയായി തിയോ; മൊറോക്കോയുടെ വലകുലുക്കുന്ന ആദ്യ എതിര്‍ടീം താരം



ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഒരു എതിര്‍കളിക്കാരന് മൊറോക്കോയുടെ വലകുലുക്കാന്‍ ആറാമത്തെ മത്സരം വരെ കാത്തിരിക്കേണ്ടിവുന്നു. മൊറോക്കോയ്ക്ക് എതിരേ ഫ്രാന്‍സിനായി റൈറ്റ് വിങ് ബാക്കായ തിയോ ഹെര്‍ണാണ്ടസാണ് ആദ്യം സ്‌കോര്‍ ചെയ്തത്. മത്സരം തുടങ്ങി അഞ്ചാം മിനിറ്റിലാണ് തിയോ ഹെര്‍ണാണ്ടസിന്റെ ഗോള്‍ പിറന്നത്. റാഫേല്‍ വരാന്‍ ഒരുക്കിയ ത്രൂബോളില്‍നിന്ന് അന്റോയിന്‍ ഗ്രീസ്മാന്‍ നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് തിയോയുടെ ഗോള്‍.

റാഫേല്‍ വരാനില്‍ നിന്ന് ലഭിച്ച പന്തുമായി കയറിയ അന്റോയിന്‍ ഗ്രീസ്മാന്‍ ബോക്സിലുള്ള കിലിയന്‍ എംബാപ്പെക്ക് ഷോട്ടെടുക്കാന്‍ പാകത്തില്‍ നല്‍കി. എംബാപ്പെയെടുത്ത ഷോട്ട് മൊറോക്കോ പ്രതിരോധനിരക്കാരന്റെ ദേഹത്ത് തട്ടിത്തെറിച്ചപ്പോള്‍ ലഭിച്ചത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഫ്രഞ്ച് വിങ്ബാക്ക് തിയോ ഹെര്‍ണാണ്ടസിന്. തിയോയുടെ തകര്‍പ്പന്‍ഷോട്ട് മൊറോക്കോ വലകുലുക്കി. 1958-നു ശേഷം ലോകകപ്പ് സെമിയില്‍ നേടുന്ന വേഗമേറിയ ഗോളായിരുന്നു അത്. 

ലോകകപ്പില്‍ തോല്‍വിയറിയാതെ, ഗോള്‍ വഴങ്ങുന്നതില്‍ പിശുക്കു കാണിച്ചാണ് മൊറോക്കോ സെമിവരെ എത്തിയത്. സെമിഫൈനലില്‍ എത്തുന്നതുവെര ഒരേയൊരു ഗോള്‍ മാത്രമാണ് മൊറോക്കോ വഴങ്ങിയത്. അതും കാനഡയ്‌ക്കെതിരെ ഒരു സെല്‍ഫ് ഗോള്‍. നയിഫ് അഗ്വേര്‍ഡാണ് സ്വന്തം വലയില്‍ പന്തെത്തിച്ച മൊറോക്കന്‍ താരം. കരുത്തരായ ക്രൊയേഷ്യ, ബെല്‍ജിയം, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവര്‍ക്കെതിരേ കളിച്ചെങ്കിലും ഷൂട്ട് ഔട്ടിലല്ലാതെ മൊറോക്കോയുടെ വല ആര്‍ക്കുംകുലുക്കാനായില്ല.

ജ്യേഷ്ടന്‍ ലൂക്കാ ഹെര്‍ണാണ്ടസിന് പകരക്കാരനായാണ് തിയോ ഫ്രാന്‍സ് സ്‌ക്വാഡിലെത്തുന്നത്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ്ക്ക് എതിരായ മത്സരത്തില്‍ പരിക്കേറ്റ ലൂക്ക ടീമില്‍ നിന്ന് പുറത്തായിരുന്നു. അതിന് ശേഷം റൈറ്റ് വിങ് ബാക്കായ തിയോ ടീമിലുണ്ട്. സെമി ഫൈനലിന് തൊട്ട് മുമ്പ് ഈ മത്സരം താന്‍ ലൂക്കക്ക് വേണ്ടിയാണ് കളിക്കുന്നതെന്ന് തിയോ പറഞ്ഞിരുന്നു. ഈ ലോകകപ്പ് താന്‍ ലൂക്കക്ക് വേണ്ടി നേടുമെന്നും തിയോ പറഞ്ഞു.

Top Post Ad

Below Post Ad