Type Here to Get Search Results !

കെ.എസ്.ആർ.ടി.സിക്ക് കാക്കി വേണ്ടെന്ന് പൊലീസ്



തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവർക്കും കണ്ടക്ടർക്കും വീണ്ടും കാക്കി യൂണിഫോം നൽകുന്നതിനെ പൊലീസ് എതിർത്തേക്കും.

പൊലീസിന്റേതിന് സമാനമായ കാക്കി മറ്റ് വകുപ്പുകളിലെ ജീവനക്കാർ ധരിക്കുന്നത് നിറുത്തലാക്കണമെന്ന പൊലീസ് മേധാവിയുടെ ശുപാർശ സർക്കാരിന്റെ പരിഗണനയിലിരിക്കേയാണ് കെ.എസ്.ആർ.ടി.സി വീണ്ടും കാക്കിയിലേക്ക് പോകാൻ തീരുമാനിച്ചത്.


പൊലീസ് ആക്ട് പ്രകാരം ഔദ്യോഗിക ആവശ്യങ്ങൾക്ക്‌ പൊലീസ് ഉദ്യോഗസ്ഥരല്ലാതെ മറ്റാരും കാക്കി യൂണിഫോം ധരിക്കരുത്. ഫയർഫോഴ്‌സും ജയിൽ വകുപ്പും വനംവകുപ്പും ക്രമസമാധാന ചുമതലയുടെ ഭാഗമല്ലാത്തതിനാൽ മറ്റൊരു യൂണിഫോം നൽകണമെന്നും മോട്ടോർ വാഹന, എക്‌സൈസ് ഉദ്യോഗസ്ഥരുടെ യൂണിഫോം പരിഷ്‌കരിക്കണമെന്നും പൊലീസ് മേധാവി ശുപാർശ ചെയ്തിരുന്നു. ഇത് സർക്കാർ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. വനം വകുപ്പ് യൂണിഫോം നിറം പരിഷ്കരിക്കാനുള്ള ആലോചനയിലാണ്. അപ്പോഴാണ് കാക്കി വിട്ട് നീലയിലേക്കു പോയ കെ.എസ്.ആർ.ടിസി വീണ്ടും കാക്കി അണിയാനൊരുങ്ങുന്നത്. വെള്ളിയാഴ്ച അംഗീകൃത തൊഴിലാളി സംഘടനാ പ്രതിനിധികളുമായി മാനേജ്മെന്റ് നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.


സിംഗിൾഡ്യൂട്ടി സംവിധാനത്തിൽ ദിവസം മുഴുവൻ ജോലി ചെയ്യുമ്പോൾ നീല യൂണിഫോം പെട്ടെന്ന് അഴുക്കുപിടിക്കുന്നുവെന്ന് സംഘടനാ പ്രതിനിധികൾ പരാതിപ്പെട്ടിരുന്നു. അതേ ജീവനക്കാർക്ക് ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമാണ്.


യൂണിഫോമിനുള്ള തുണി കോർപ്പറേഷൻ നൽകാനാണ് തീരുമാനം. മാറ്റം എന്നു മുതലെന്ന് തീരുമാനിച്ചിട്ടില്ല. മെക്കാനിക്കൽ ജീവനക്കാർക്ക് നീല യൂണിഫോം തുടരും. 2016ലാണ് കാക്കി മാറ്റി നീല യൂണിഫോം വന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad