കൊച്ചി:ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ അഞ്ചാം ജയം. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ബംഗളൂരു എഫ്.സിയെ 3-2നാണ് ആതിഥേയർ തകർത്തത്. 14ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ക്യാപ്റ്റൻ സുനിൽ ഛേത്രി വലയിലെത്തിച്ചതോടെ സന്ദർശകരാണ് ആദ്യം ലീഡ് നേടിയത്. പിന്നീട് മൂന്ന് ഗോൾ തിരിച്ചടിച്ച് ആതിഥേയർ കരുത്ത് കാട്ടുകയായിരുന്നു.
25ാം മിനിറ്റിൽ നിഷുകുമാറിന്റെ അസിസ്റ്റിൽ മാർകോ ലെസ്കോവികിലൂടെ സമനില നേടിയ ബ്ലാസ്റ്റേഴ്സ്, 43ാം മിനിറ്റിൽ അഡ്രിയാൻ ലൂണയുടെ അസിസ്റ്റിൽ ദിമിത്രിയോസ് ഡിയാമന്റകോസിലൂടെ ലീഡും സ്വന്തമാക്കുകയായിരുന്നു. 67ാം മിനിറ്റിൽ ഇവാൻ കലിയൂഷ്നിക്ക് പകരക്കാരനായെത്തിയ അപോസ്റ്റലോസ് ഗിയാനു മൂന്ന് മിനിറ്റിനകം ബംഗളൂരുവിന്റെ വല കുലുക്കിയതോടെ ലീഡ് 3-1ലെത്തി. ദിമിത്രിയോസ് ഡിയാമന്റകോസ് നൽകിയ പാസ് ഇടങ്കാലൻ ഷോട്ടിലൂടെ പോസ്റ്റിന്റെ വലതു മൂലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. എന്നാൽ, 80ാം മിനിറ്റിൽ ബംഗളൂരുവിന്റെ രണ്ടാം ഗോൾ എത്തി. ബോക്സിന്റെ മധ്യത്തിൽനിന്ന് ജാവി ഹെർണാണ്ടസിന്റെ ഇടങ്കാലൻ ഷോട്ട് ബ്ലാസ്റ്റേഴ്സിന്റെ വലയിൽ കയറുകയായിരുന്നു.
നിരവധി അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് മത്സരത്തിൽ ലഭിച്ചത്. അഞ്ചാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ദിമിത്രി ദയമാന്റകോസ് തൊടുത്ത ഷോട്ടും 20, 21 മിനിറ്റുകളിൽ രാഹുലിന്റെ ഷോട്ടും വലക്ക് നേരെ പാഞ്ഞെങ്കിലും വല കുലുങ്ങിയില്ല. 29ാം മിനിറ്റിൽ നിഷുകുമാർ നൽകിയ മനോഹരമായ ക്രോസും രാഹുലിന് മുതലാക്കാനായില്ല. 73ാം മിനിറ്റിൽ ഡിയാമന്റകോസിന്റെ ഷോട്ട് ഗോളി തടഞ്ഞിട്ടു.
ജയത്തോടെ ഒമ്പത് മത്സരങ്ങളിൽ 18 പോയന്റായ ബ്ലാസ്റ്റേഴ്ന് നാലാം സ്ഥാനത്തേക്ക് കയറി. ഏഴ് പോയന്റ് മാത്രമുള്ള ബംഗളൂരു ഒമ്പതാം സ്ഥാനത്താണ്. ഇന്നത്തെ ഗോൾ നേട്ടത്തോടെ തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് ഡിയാമന്റകോസ് ബ്ലാസ്റ്റേഴ്സിനായി വല കുലുക്കുന്നത്.