ഗാന്ധി നഗറില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ഒരുക്കിയ കൂറ്റന്‍വേദിയില്‍ മൂന്ന് വലിയ സ്റ്റേജുകള്‍ സജ്ജീകരിച്ചിട്ടുണ്ട്
അഹമ്മദാബാദ്: ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അടക്കം പങ്കെടുക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് പ്രൗഢഗംഭീരമാക്കാനുള്ള നടപടികളാണ് നടത്തിവരുന്നത്. 25-ഓളം കേന്ദ്ര മന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഴുവന്‍ മുഖ്യമന്ത്രിമാരും ചടങ്ങിനെത്തും. 182 അംഗ ഗുജറാത്ത് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 156 സീറ്റുകള്‍ പിടിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയാണ് സംസ്ഥാനത്ത് ബിജെപി തുടര്‍ച്ചയായ ഏഴാം തവണയും അധികാരത്തിലേറുന്നത്.
ഗാന്ധി നഗറില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ഒരുക്കിയ കൂറ്റന്‍വേദിയില്‍ മൂന്ന് വലിയ സ്റ്റേജുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ ചെയ്യുന്ന മുഖ്യമന്ത്രിക്കും മന്ത്രിസഭാ അംഗങ്ങള്‍ക്കുമാണ് മധ്യനിര ഒഴിച്ചിട്ടിരിക്കുന്നത്. പ്രധാന വേദിയുടെ വലതുവശത്തുള്ള പ്ലാറ്റ്ഫോമില്‍ പ്രധാനമന്ത്രിക്കും വിവിഐപികള്‍ക്കും സൗകര്യമൊരുക്കും. ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിക്കപ്പെട്ട സംസ്ഥാനത്തെ 200 സന്യാസികള്‍ ഇടതുവശത്ത് ഇരിക്കും.
എല്ലാ സമുദായങ്ങളില്‍ നിന്നുമുള്ള അംഗങ്ങളും സദസ്സിലുണ്ടാകുമെന്നും എന്നാല്‍ പാട്ടിദാര്‍, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, പട്ടികജാതി, വര്‍ഗക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി മുന്‍നിര്‍ത്തിയാണ് ബിജെപി ഓരോ ചുവടും മുന്നോട്ടുവെക്കുന്നത്.
പരമ്പരാഗതമായി കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന പിന്നാക്ക പട്ടികജാതി-വര്‍ഗ വോട്ടുകള്‍ ഇത്തവണ പാര്‍ട്ടിക്ക് വലിയ രീതിയില്‍ സമാഹരിക്കാനായെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. കഴിഞ്ഞ തവണ നഷ്ടമായ പാട്ടിദാര്‍ വോട്ടുകളും ഇത്തവണ ബിജെപിക്ക് തിരിച്ചുപിടിക്കാനായിട്ടുണ്ട്.
ഇതിനിടെ, ആം ആദ്മി പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാരേയും ബിജെപിയിലെക്കെത്തിക്കാനുള്ള ശ്രമങ്ങളും ഗുജറാത്തില്‍ തകൃതിയായി നടക്കുന്നുണ്ടെന്നാണ് വിവരം. ആകെയുള്ള അഞ്ചു എംഎല്‍എമാരേയും പാര്‍ട്ടിയിലെത്തിച്ച് എഎപിയെ ബിജെപിയില്‍ ലയിപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് നടത്തിവരുന്നത്.
വിശ്വദാര്‍ മണ്ഡലത്തിലെ എഎപി എംഎല്‍എ ഭൂപത് ഭയാനി ബിജെപിയിലേക്കുള്ള ചാട്ടം ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. മണ്ഡലത്തിലെ ജനങ്ങളുമായി സംസാരിച്ചശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്. മറ്റു എംഎല്‍എമാര്‍ ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. കൂറുമാറ്റത്തിന്‍റെ പേരിലുള്ള അയോഗ്യതാ നടപടികള്‍ ഒഴിവാക്കുന്നതിന് എഎപിയുടെ ഭൂരിപക്ഷം എംഎല്‍എമാരേയും കൂടെനിര്‍ത്തുന്നതിനുള്ള നീക്കങ്ങളാണ് നടത്തിവരുന്നത്. ഇതിനിടെ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്ക് ശേഷമായിരിക്കും ഈ മാറ്റങ്ങളെന്നാണ് വിവരം.