Type Here to Get Search Results !

കോവിഡ് മൂന്നാംതരം​ഗം, മങ്കിപോക്സ്, ബി.എഫ്.7; ആരോ​ഗ്യമേഖല 2022ൽ



മഹാമാരിക്കൊപ്പം മറ്റു ചിലരോ​ഗങ്ങളുടെ പിടിയിലകപ്പെടുകയും വാക്സിനുകൾ ഉൾപ്പെടെയുള്ളവയുടെ കണ്ടുപിടിത്തത്തോടെയും ശ്രദ്ധനേടിയ വർഷമാണ് 2022. പോയവർഷത്തെ ആരോ​ഗ്യരം​ഗത്തെ ചില ശ്രദ്ധിക്കപ്പെട്ട സംഭവങ്ങൾ പരിശോധിക്കാം.

കോവിഡ് മൂന്നാംതരം​ഗം

2022 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് രാജ്യം വീണ്ടും കോവിഡ് തരം​ഗത്തിന് സാക്ഷ്യംവഹിച്ചത്. മൂന്നാംതരം​ഗത്തിൽ രോ​ഗികളുടെ എണ്ണവും മരണനിരക്കും കൂടുതലായിരുന്നു. തുടർന്ന് പ്രതിരോധമാർ​ഗങ്ങൾ കടുപ്പിച്ചതോടെ മാർച്ച് മാസത്തോടെ രോ​ഗനിരക്ക് കുറയാൻ തുടങ്ങി. പിന്നീട് 2022 അവസാനത്തോടെയും ചൈന, അമേരിക്ക, ജപ്പാൻ തുടങ്ങിയ നിരവധി വിദേശ രാജ്യങ്ങളിൽ കോവിഡ് നിരക്കുകൾ ഉയർന്നുതുടങ്ങി. മിക്ക രാജ്യങ്ങളിലും മുമ്പത്തെപ്പോലെ പ്രതിരോധമാർ​ഗങ്ങൾ കടുപ്പിക്കുകയും ചെയ്തു.

ഇന്ത്യയിലാദ്യമായി മങ്കിപോക്സ്

ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി കേരളത്തിൽ മങ്കിപോക്സ് സ്ഥിരീകരിച്ചത്. ജൂലായ് 12-ന് യുഎഇയിൽ നിന്ന് എത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗിതന്നെ മങ്കി പോക്സ് ആണെന്ന സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പകർച്ചവ്യാധി വിഭാഗത്തിലേക്ക് മാറ്റുകയും രോഗിയുടെ സ്രവത്തിന്റെ സാമ്പിൾ വ്യോമമാർഗം പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയയ്ക്കുകയും ചെയ്തു. തുടർന്നാണ് രോഗബാധ സ്ഥിരീകരിച്ച് റിപ്പോർട്ട് വന്നത്. ലോകമെമ്പാടുമുള്ള വ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യസംഘടന മങ്കിപോക്സിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിൽ പതിറ്റാണ്ടുകളായി മങ്കിപോക്സ് ഉണ്ടായിരുന്നെങ്കിലും മറ്റു ഭൂഖണ്ഡങ്ങളിൽ ക്രമാതീതമായി വ്യാപിക്കാൻ തുടങ്ങിയത് കഴിഞ്ഞ മേയ് മുതലാണ്. യൂറോപ്പിലും വടക്കൻ അമേരിക്കൻ രാജ്യങ്ങളിലുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി.

കാൻസറിനൊരു അത്ഭുതമരുന്ന്

ഇക്കഴിഞ്ഞ വർഷമാണ് കാൻസർ രം​ഗത്തൊരു അത്ഭുതനേട്ടം എന്ന രീതിയിൽ ഡോസ്ടാർലിമാബ് എന്ന മരുന്ന് കണ്ടെത്തിയത്. സർജറി, കീമോതെറാപ്പി, റേഡിയേഷൻ തുടങ്ങിയവയൊക്കെയാണ് ഇതുവരെ കാൻസർ രംഗത്ത് സാധാരണയായി കേട്ടുവന്നിട്ടുളള ചികിത്സാരീതികൾ. അക്കൂട്ടത്തിലേക്കാണ് കാൻസർ ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരു മരുന്ന് എന്ന പേരിൽ‌ ഡോസ്ടാർലിമാബ് എന്ന മരുന്നിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത്. മലാശയ അർബുദത്തിനാണ് ഡോസ്ടാർലിമാബ് ഫലപ്രദമെന്നു കണ്ടെത്തിയത്. മലാശയ അർബുദം ബാധിച്ച പന്ത്രണ്ട് രോഗികളെ ഉൾപ്പെടുത്തി നടത്തിയ ക്ലിനിക്കൽ ട്രയലിലാണ് ഡോസ്ടാർലിമാബ് എന്നു പേരുള്ള ഇമ്മ്യൂണോതെറാപ്പി മരുന്ന് ഫലം കണ്ടത്. കാൻസറിന് കാരണമാകുന്ന കോശങ്ങളെ തടയുകയും ഇതുവഴി പ്രതിരോധശക്തിക്ക് അത്തരം കോശങ്ങളെയും ടിഷ്യൂവിനെയും കണ്ടെത്താനും അതിനെതിരെ പ്രതികരിക്കാനും സഹായിക്കുകയാണ് ഈ മരുന്നിന്റെ ദൗത്യം ചരിത്രത്തിൽ ആദ്യമായാണ് മരുന്നു പരീക്ഷണത്തിൽ പങ്കെടുത്തവരിൽ മുഴുവൻപേരുടെയും അർബുദം പൂർണമായും ഭേദമാകുന്ന വാർത്ത പുറത്തുവരുന്നത്. 

ഗർഭാശയഗള അർബുദത്തെ പ്രതിരോധിക്കാൻ വാക്‌സിൻ

സ്ത്രീകളിലെ ഗർഭാശയഗള അർബുദത്തെ പ്രതിരോധിക്കാൻ ഇന്ത്യ വാക്‌സിൻ വികസിപ്പിച്ച വർഷവുമാണ് കടന്നുപോയത്. സിറം ഇൻസ്റ്റിറ്റ്യൂട്ടും ബയോടെക്‌നോളജി വകുപ്പും ചേർന്ന് 'ക്വാഡ്രിലൻഡ് ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്‌സിൻ-സെർവാവാക്' (ക്യൂ.എച്ച്.പി.വി.) എന്ന വാക്‌സിൻ വികസിപ്പിച്ചതായി ശാസ്ത്രസാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങാണ് പ്രഖ്യാപിച്ചത്. 90 ശതമാനം ഫലപ്രാപ്തി അവകാശപ്പെടുന്ന വാക്‌സിൻ ഒമ്പതുമുതൽ പതിനാലുവരെ വയസ്സുള്ള പെൺകുട്ടികളിലാണ് കുത്തിവെക്കുക. ആദ്യഡോസ് ഒമ്പതാം വയസ്സിലും അടുത്ത ഡോസ് തുടർന്നുള്ള 6-12 മാസത്തിനിടയിലുമാണ് കുത്തിവെക്കേണ്ടത്. പതിനഞ്ചുവയസ്സിനു മുകളിലുള്ളവരാണെങ്കിൽ മൂന്ന് ഡോസ് വാക്‌സിൻ സ്വീകരിക്കണം

നേസൽ വാക്സിൻ

ഭാരത് ബയോടെക്കിന്റെ നേസൽ വാക്സിന് കേന്ദ്ര സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (CDSCO) അനുമതി നൽകിയതും കഴിഞ്ഞ വർഷമാണ്. ഇന്ത്യയിൽ ആദ്യമായാണ് കോവിഡ് പ്രതിരോധത്തിന് നേസൽ വാക്സിന് അനുമതി നൽകിയിരിക്കുന്നത്. മൂക്കിൽ കൂടി നൽകാവുന്ന വാക്സിൻ ആണ് ഇത്. രണ്ട് ഡോസ് കോവിഷീൽഡോ അല്ലെങ്കിൽ മറ്റേതെങ്കിലും കോവിഡ് വാക്സിനോ എടുത്ത 18 വയസിന് മുകളിലുള്ള ആളുകൾക്കാണ് ഈ വാക്സിൻ എടുക്കാൻ കഴിയുക. കഴിഞ്ഞ ജനുവരിയിൽ ക്ലിനിക്കൽ പരീക്ഷണത്തിനുള്ള അനുമതി ലഭിച്ചിരുന്നു. അതിന് ശേഷം ജൂൺ 19ഓടെ അന്തിമ ക്ലിനിക്കൽ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചു. 4000 പേരിലായിരുന്നു പരീക്ഷണം. നേസൽ വാക്സിൻ നൽകിയതിന് ശേഷം ആർക്കും പാർശ്വഫലങ്ങൾ ഇതുമൂലം ഉണ്ടായിരുന്നില്ല. ഇതേത്തുടർന്നാണ് ഇപ്പോൾ തദ്ദേശീയമായി നിർമ്മിച്ച ഒരു വാക്സിന് അനുമതി ലഭിച്ചിരിക്കുന്നത്.

രാജ്യത്ത് പലയിടങ്ങളിലും കുട്ടികൾക്കിടയിൽ മീസിൽസ് വ്യാപിച്ചതിന് സാക്ഷ്യം വഹിച്ച വർഷവുമാണ് പോയത്. കേരളം, ഗുജറാത്ത്, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് രോ​ഗബാധ കൂടുതൽ കണ്ടെത്തിയത്. കോവിഡ് സാധാരണഗതിയിൽ ഒരാളിൽനിന്ന് അഞ്ചുപേർക്കാണ് പകരുകയെങ്കിൽ അഞ്ചാംപനി 16 പേർക്കെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. അഞ്ചാംപനി ഏതു പ്രായക്കാരെയും ബാധിക്കാം, എന്നാൽ, ആഗോളതലത്തിൽ രോഗത്തിന്റെ ഭൂരിഭാഗവും അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികൾക്കിടയിലാണ് കണ്ടുവരുന്നത്. കേസുകൾ ത്വരി​ത​ഗതിയിൽ വർധിച്ച സാഹചര്യത്തിൽ രോഗം ആഗോള ആരോഗ്യ ഭീഷണിയായേക്കുമെന്ന മുന്നറിയിപ്പുമായിപ്പും ലോകാരോഗ്യ സംഘടന നൽകിയിരുന്നു. കോവിഡ് മഹാമാരിയുടെ ആരംഭം മുതൽ അഞ്ചാംപനി വാക്സിൻ കുത്തിവെപ്പ് ഗണ്യമായി കുറഞ്ഞതാണ് രോഗവ്യാപനത്തിന് കാരണമെന്ന് ലോകാരോഗ്യ സംഘടനയും യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെന്റേർസ്‌ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടിലുണ്ട്. 

ബി.എഫ്.7 വകഭേദം

ചൈനയിൽ പടർന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിൻറെ ഒമിക്രോൺ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച വാർ‌ത്ത പുറത്തുവന്നിട്ടുണ്ട്. ബി.എഫ്-7 എന്ന വകഭേദഭമാണ് ഗുജറാത്തിൽ രണ്ടുപേർക്കും ഒഡീഷയിൽ ഒരാൾക്കും സ്ഥിരീകരിച്ചത്. മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് ഏറ്റവുമധികം വ്യാപനശേഷിയുള്ളതാണ് ബി.എഫ്-7 എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. അമേരിക്ക, യു.കെ, ബെൽജിയം, ജർമനി, ഫ്രാൻസ്, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ ബി.എഫ്-7 വകഭേദം നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്കയിൽ ഒക്ടോബറിലാണ് ബി.എഫ്-7 വകഭേദം വ്യാപിച്ചു തുടങ്ങിയത്. യു.കെയിൽ ഏഴുശതമാനത്തോളം കോവിഡ് കേസുകളും ഈ വകഭേദം മൂലമുള്ള രോഗബാധയായിരുന്നു. കടുത്ത തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, കടുത്ത പനി തുടങ്ങിയവയെല്ലാം ബി.എഫ്-7 വകഭേദത്തിൽ കൂടുതൽ കാണുന്നുണ്ടെന്നാണ് ആരോ​ഗ്യ വി​ദ​ഗ്ധർ പറയുന്നത്. മുൻപ് അസുഖബാധിതരായവരും ​പ്രായമായവരും ​ഹൃദ്രോ​ഗം, ഡയബറ്റിസ്, ശ്വാസകോശരോ​ഗങ്ങൾ തുടങ്ങിയവ ഉള്ളവരും കൂടുതൽ ജാ​ഗ്രതപാലിക്കണമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ മുന്നറിയിപ്പ് നൽകിയത്.

Top Post Ad

Below Post Ad