Type Here to Get Search Results !

സാക്ഷാൽ പെലെ ഇന്ത്യയിലേക്ക് വന്ന ദിനം, കേരളത്തിലെ ബ്രസീല്‍ ആരാധകരെക്കുറിച്ചറിഞ്ഞപ്പോള്‍

 


ലോകം ഒരു പന്തിലേക്കും ചുരുണ്ട മുടിയുളള കറുമ്പൻ പയ്യനിലേക്കും കണ്ണും കാതും കൂർപ്പിച്ചുവെച്ച അക്കാലത്ത് ഞാൻ ജനിച്ചിരുന്നില്ല. ടെലിവിഷനിൽ ഫുട്ബോൾ ലഹരിയായി പടരും മുൻപ് കളിക്കമ്പക്കാരെ ആസ്വാദനത്തിന്റെ ആരോഹണകാലത്തേക്ക് കൂടിക്കൊണ്ടുപോയ മഹാമാന്ത്രികൻ. മഞ്ഞപ്പടയെ മൂന്നുതവണ വിശ്വകിരീടം ചൂടിച്ച പെലെ ജോഗോ ബോണീറ്റയുടെ അമരക്കാരനായി തിളങ്ങി. ‌ പെലെ ബൂട്ടഴിച്ചുവെച്ച് രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോഴായിരുന്നു ഫുട്ബോൾ, പ്രണയം പോലെ എന്നെ പിടികൂടിയത്. മുത്തശി കഥകളിലെ സുൽത്താനെ പോലെ, അമാനുഷികനായ മാന്ത്രികനെ പോലെ ഫുട്ബോൾ ഡ്രിബിൾ ചെയ്ത് പെലെ മനസിന്റെ കളി മൈതാനത്തേക്ക് ഓടിക്കയറി. പെലെയോടുളള ആരാധന പിന്നീട് ബ്രസീലിനോടുളള പെരുത്ത് ഇഷ്ടമായി മാറി. കാലം അടയാളപ്പെടുത്തിയ പെലെയുടെ മാസ്മരിക പ്രകടനങ്ങൾ യുട്യൂബിലൂടെ കണ്ട് മതിമറന്നു.

രണ്ടു ദിവസം മുൻപാണ് 'പെലെ ദി ബർത്ത് ഓഫ് എ ലെജൻഡ്' എന്ന സിനിമ ഒടിടി പ്ലാറ്റ് ഫോമിൽ കണ്ടത്. മാമ്പഴം ഫുട്ബോളായി സങ്കൽപ്പിച്ച് പരിശീലനം നടത്തിയ മാഹാമാന്ത്രികൻ താണ്ടിയ കനൽ വഴികളായിരുന്നു സിനിമ. അന്നു മാത്രം രണ്ടു തവണ സിനിമ കണ്ടു. 58-ലെ ഫൈനലിനു മുൻപ് സഹതാരങ്ങളെ പ്രചോദിപ്പിക്കാൻ വശ്യമായ ഫുട്ബോളിന്റെ മനോഹാരിത പുറത്തെടുക്കുന്ന പെലെ. സഹതാരങ്ങൾക്കൊപ്പം വിളക്കുമരം ലക്ഷ്യമാക്കി മുറിയിൽനിന്നും പന്തുമായി നടൻ പെലെ മുന്നോട്ടു കുതിക്കുമ്പോൾ ലോബിയിൽ 'സാക്ഷാൽ പെലെ' ഇരിക്കുന്നുണ്ടായിരുന്നു. അഭ്രപാളിയിൽ മഹാനടനും കളിക്കളത്തിലെ മാന്ത്രികനും ഒറ്റ ഫ്രെയിമിൽ വന്നപ്പോൾ അറിയാതെ മനസ് ഏഴ് കൊല്ലം മുൻപുളള കോൽക്കത്ത നഗരത്തിലേക്ക് പോയി. 38 കൊല്ലത്തെ ഇടവേളയ്ക്കുശേഷം സാക്ഷാൽ പെലെ ഇന്ത്യയിലേക്ക് വന്ന ദിനം. 77ൽ ഈ‍ഡൽ ഗാർഡൻസിൽ ന്യൂയോർക്ക് കോസ്മോസിനു വേണ്ടി പന്തു തട്ടാനെത്തിയ പെലെ മൂന്ന് പതിറ്റാണ്ടിനപ്പുറം വീണ്ടുമെത്തിയത് അതിഥിയായിട്ടായിരുന്നു. അന്ന് പന്ത് തട്ടാനുളള ആരോഗ്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല.

മാതൃഭൂമി ന്യൂസിന് വേണ്ടി ഇവന്റ് കവർ ചെയ്യാൻ നിയോഗിക്കപ്പെട്ടത് അപ്രതീക്ഷിതമായിട്ടായിരുന്നു. രാജധാനി എക്സ്പ്രസിന്റെ സെക്കൻഡ് എ.സിയിൽ ക്യാമറമാൻ വിനോദ് മൊറാഴയ്ക്കും മാധ്യമ പ്രവർത്തകനായ അജിത് ജോസഫിനുമൊപ്പം ഇരിക്കുമ്പോൾ സംസാരിച്ചതൊക്കെയും ഫുട്ബോളിനെക്കുറിച്ച്. മറഡോണയും ഗാരിഞ്ചയും ഉൾപ്പെടെയുളള കളിക്കാരെല്ലാം ഒരാളിൽ സന്നിവേശിക്കുമ്പോൾ അയാൾ പെലെ ആകുന്നു. കൊച്ചു വർത്തമാനം അവസാനിപ്പിച്ച് കിടക്കാൻ പോകുന്ന നേരം പറഞ്ഞത് അതായിരുന്നു. ഒക്ടോബർ 12ന് ഹൗറയിൽ ട്രെയിനിറങ്ങി പുറത്തേക്ക് നടക്കുമ്പോൾ കോൽക്കത്ത നഗരം അണിഞ്ഞൊരുങ്ങിയിരുന്നു. പെലെയെ വരവേൽക്കാൻ. താരമഹൽ ഹോട്ടലിൽ മുറിയെടുത്ത് കുറച്ചുനേരം വിശ്രമിച്ചു. ഉച്ചയോടെ പെലെ പറന്നിറങ്ങുമെന്ന് അറിയിപ്പ് കിട്ടി. ഉടൻ ഡംഡം എയർപോർട്ടിലേക്ക് തിരിച്ചു. ഫുട്ബോളിനെ ഉള്ളാൽ സ്നേഹിക്കുന്ന ജനതയുടെ ആവേശമെല്ലാം തെരുവോരങ്ങളിൽ കാണാമായിരുന്നു.

ടെലിവിഷനിൽ മാത്രം കണ്ട ഫുട്ബോൾ രാജാവിനെ നേരിട്ട് കാണാൻ പോകുന്നു. ആൾക്കുട്ടത്തിന്റെ ആരവും അറിയാതെ എന്നിലേക്കും പടർന്നു. ' പെലെ..പെലെ..പെലെ...പെലെ' ആർത്തു വിളിക്കുകയാണ് ജനം. എയർപോർട്ടിലെ വിഐപി ഗെയ്റ്റിനു സമീപത്തുളള ഓരോ അനക്കവും ആരാധാകരെ അക്ഷമരാക്കി. വരൂ രാജാവെ, നിങ്ങളെ സ്നേഹിക്കുന്ന ഞങ്ങളിലേക്ക് തുകൽ പന്താൽ ആവേശം നിറയ്ക്കു'. സമയം കഴിയുംതോറും വിമാനത്താവളത്തിന് പുറത്ത് തിരക്ക് കൂടി. പെട്ടെന്ന് സിഐഎസ്എഫ് യൂണിഫോമുകൾക്കിടയിൽ ഫുട്ബോൾ സൂര്യന്റെ ഉദയം കണ്ടു. കറുത്ത് കോട്ടണിഞ്ഞ് കറുത്ത മുത്തിന്റെ വരവായി. ജനം ഒരേ സ്വരത്തിൽ ആർത്തു വിളിച്ചു ' പെലെ പെലെ പെല'. ആൾക്കൂട്ടത്തിന്റെ ആർപ്പുവിളി എനിക്കും ഏറ്റെടുക്കാതിരിക്കാനായില്ല. തൊണ്ട പൊട്ടി അലറി വിളിച്ചു പെലെ...പെലെ..പെലെ..എഴുപത്തിനാല് വയസിന്റെ അവശതയിലും പെലെ ആരാധകരെ കൈവീശി അഭിവാദ്യം ചെയ്തു. തുറന്ന കാറിന്റെ മുകളിൽ കയറി അദ്ദേഹം കൈവീശി കാണിച്ചു. അനന്തരം താജ് ഹോട്ടലിലേക്ക്. 12 മണിക്കൂർ തുടർച്ചയായി യാത്ര ചെയ്തതിന്റെ ക്ഷീണത്തിലായിരുന്നു പെലെ.

താജ് ഹോട്ടലിലായിരുന്നു പെലെയുടെ താമസം. അവിടെ അദ്ദേഹം മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നു. ചോദ്യങ്ങൾ എഴുതി നൽകാൻ സംഘാടകർ ആവശ്യപ്പെട്ടു. കേരളത്തിന്റെ മഞ്ഞപ്പട ആവേശവും പെലെയോടുളള സ്നേഹവും മനസിലാക്കിയിരുന്നതിനാൽ എഴുതി നൽകിയത് ഇതുമായി ബന്ധപ്പെട്ട ചോദ്യമാണ്. ബ്രസീലിനേയും ഫുട്‌ബോളിനെയും സ്നേഹിക്കുന്ന കേരളത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്ത്യൻ കളിക്കാർക്ക് പരിശീലനം നൽകാൻ ബ്രസീലിന്റെ സഹകരണം ഉണ്ടാകുംവിധം അങ്ങേയ്ക്ക് ഇടപെടാൻ കഴിയുമോ എന്നായിരുന്നു ചോദ്യം. ഐഎസ്എൽ ടീമായിരുന്ന അത്ലറ്റികോ കോൽക്കത്തയുടെ സഹ ഉടമയായ സൗരവ് ഗാംഗുലിക്ക് ഒപ്പമാണ് പെലെ വാർത്താ സമ്മേളനത്തിന് എത്തിയത്. മാധ്യമ പ്രവർത്തകർ എഴുന്നേറ്റ് നിന്ന് ഫുട്ബോൾ ഇതിഹാസത്തോടുളള ആദരവ് പ്രകടമാക്കി. സ്വപ്ന സാക്ഷാത്കാരത്തിന്റെ നിർവൃതിയിലായിരുന്നു കേവലം ഫുട്ബോൾ സ്നേഹിയായ ഞാൻ. അമ്പതുകളിൽ ബ്രസീലിനേയും ലോകത്തേയും വിസ്മയിപ്പിച്ച ഇതിഹാസത്തെ കൈയെത്തും ദൂരെ. അദ്ദേഹത്തിന്റെ നടപ്പിൽ പോലും ഫുട്ബോളിന്റെ നടനാത്മകത പ്രകടമായിരുന്നു. ആയിരത്തിലധികം തവണ വല നിറച്ച കാൽപ്പാദങ്ങൾ കറുത്ത ഷൂസിനുളളിൽ വിശ്രമത്തിലായിരുന്നു. 

വളരെ കുറച്ച് ചോദ്യങ്ങൾക്ക് മാത്രമാണ് പെലെ മറുപടി നൽകിയത്. കേരളത്തിൽ ബ്രസീലിന് ആരാധകർ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം ഉണ്ടെന്ന് പെലെ പ്രതികരിച്ചു. ദീർഘയാത്രയുടെ അവശത പെലെയിൽ ദൃശ്യമായിരുന്നു. വാർത്താസമ്മേളനം പെട്ടെന്ന് തന്നെ അവസാനിപ്പിച്ച് അദ്ദേഹം മടങ്ങി. പിറ്റേന്ന് കേരളാ ബ്ലാസ്റ്റേഴ്സും എടികെയും തമ്മിലുളള ഐഎസ്എൽ മത്സരവും അദ്ദേഹം കണ്ടു. നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി മമത ബാനർജിയക്കും എ.ആർ റഹ്മാനുമൊപ്പം കേക്ക് മുറിച്ച് ആഘോഷത്തിൽ പെലെ പങ്കാളിയായി. മമതയുടെ കൈയിൽ ചുംബിച്ച പെലെ സൗരവ് ഗാംഗുലിയെ ചേർത്തുപിടിച്ച് ഇന്ത്യയോടുളള സ്നേഹത്തിന്റെ ആഴം വ്യക്തമാക്കി.കൊല്‍ക്കത്തയിലെ രണ്ടു ദിനങ്ങൾ ജീവിതത്തിലെ മറക്കാനാവാത്ത ഏടായി മാറി. ഏഴ് വർഷത്തിനിപ്പുറം ഇതിഹാസം അനശ്വരതയിലേക്ക് ഡ്രിബിൾ ചെയ്തു പോകുമ്പോൾ ഓർമകളുടെ ഗ്യാലറിയിലാണ് ഞാൻ. മൈതാനത്ത് അപ്പോഴും ആരവമുണ്ട്....

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad